Friday, June 20, 2014

ലെഹ്-ലഡാക്ക് - ലോകത്തിന്റെ നെറുകയിലേയ്ക്കു ഒരു യാത്ര 1

ഒരു ഹിമാലയൻ യാത്ര ചെയ്തു. ഹിമാലയയുടെ ഒരു ഭാഗത്തേയ്ക്ക് യാത്ര ചെയ്തു എന്ന് വേണം പറയാൻ. ലോകത്തെ ഏറ്റവും ഉയര്ന്നതും നീളം കൂടിയതും ആയ ഹിമാലയൻ മലനിരകൾ അങ്ങനെ മുഴുവൻ കണ്ടു എന്ന് പറയുന്നത് ശരിയല്ല. ഇനിയും മനുഷ്യന്മാർ കണ്ടിട്ടില്ലാത്ത മലനിരകൾ ഹിമാലയയിൽ ഉണ്ട് എന്ന്  വേണം കരുതാൻ. ബാംഗ്ലൂർ, ചെന്നൈ, ഭുവനേശ്വർ, ഹൈദ്രാബാദ് എന്നിവിടങ്ങളില നിന്നുമുള്ള ആറു സുഹൃത്തുക്കൾ ആയിരുന്നു കൂട്ടം.

ജമ്മു കാശ്മീർ സംസ്ഥാനം മലനിരകൾക്കിടയിൽ അമർന്നു കിടക്കുന്ന ഒരു കൂട്ടം സ്ഥലങ്ങൾ ആണ്. ഉയരങ്ങളിലേയ്ക്ക് നിരന്നു കിടക്കുന്ന മലകൾക്കിടയിൽ താഴ്വാരങ്ങളിൽ മനുഷ്യര് പാര്ത്തു പോരുന്നു. ഒരു പ്രധാന സ്ഥലത്ത് നിന്ന് മറ്റൊരു പ്രധാന സ്ഥലത്തേയ്ക്ക് ഒരു മല കയറി ഇറങ്ങണം നമ്മൾ. ലഡാക്ക് 3500m ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ പ്രദേശമാണ്. അതിൽ ലെഹ്, കാർഗിൽ എന്നീ രണ്ടു ജില്ലകൾ ഉൾപ്പെടുന്നു. ലെഹ് ആണ് പ്രധാന നഗരം.


ലെഹിലെയ്ക്ക് എത്തി ചേരാൻ ഫ്ലൈറ്റ് അടക്കം പല മാർഗങ്ങൾ ഉണ്ട്. റോഡ്‌ മാര്ഗം വർഷത്തിൽ മൂന്നോ-നാലോ മാസം മാത്രമേ ഗതാഗത യോഗ്യമായുള്ളൂ. രണ്ടു തരത്തിൽ റോഡ്മാര്ഗം ലഡാക്കിൽ എത്തിച്ചേരാം. ഒന്ന് ശ്രീനഗർ - സോസില്ല പാസ് - ദ്രാസ് - കാർഗിൽ - ലെഹ്. രണ്ടു മനാലി- രൊഹ്താങ്ക്‌ - ലെ. പക്ഷെ ഞാൻ പറയാം. നിങ്ങൾ കഴിയുമെങ്കിൽ റോഡ്‌ മാര്ഗം തന്നെ പോകണം. ഒരു ഭാഗത്തേയ്ക്ക് എങ്കിലും. പക്ഷെ ശ്രീനഗർ മാര്ഗം പോയി മനാലി മാര്ഗം തിരിച്ചു വരുമ്പോഴാണ് നിങ്ങള്ക്ക് ഹിമാലയാൻ യാത്രയുടെ ഭംഗി മുഴുവൻ ആസ്വദിക്കാൻ പറ്റുക. ചന്ദീഗരിൽ നിന്നും ജമ്മു വരെ ട്രെയിനിൽ പോയി അവിടെ നിന്ന് കാറിലോ ബൈക്കിലോ യാത്ര ചെയ്യാം. ഞങ്ങൾ ചന്ദീഗർ വരെ വിമാനത്തിലും അവിടെ നിന്നും കാറിലും ആണ് യാത്ര ചെയ്തത്. ശ്രീനഗർ വഴി. നാല് ദിവസം ആണ് ഞങ്ങൾ ചന്ദീഗരിൽ നിന്നും ലെഹ് എത്താൻ എടുത്തത്. ഇതിനിടയിൽ ശ്രീനഗർ, കാർഗിൽ എന്നിവിടങ്ങളിൽ ഞങ്ങൾ രാത്രി കഴിച്ചു കൂട്ടി. വഴിക്കാഴ്ച്ചകളെല്ലാം കണ്ടു കൊണ്ട് സാവധാനത്തിലുള്ള യാത്ര.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ചന്ദീഗരിൽ എത്തി ചേര്ന്ന ഞങ്ങൾ അവിടെ നിന്നും ഞങ്ങളെ ജോയിൻ ചെയ്യാം എന്ന് പറഞ്ഞ രണ്ടു സുഹൃത്തുക്കളെയും എടുത്തു ഭക്ഷണം കഴിച്ച ശേഷം കാർ യാത്ര തുടങ്ങി. ഇന്ത്യയിലെ പ്ലാൻഡ് സിറ്റി ആയ ചന്ദീഗരിലെ കറക്കം ഞങ്ങൾ തിരിച്ചു വര്രുമ്പോൾ ആക്കാം എന്ന് കരുതി. യാത്ര തുടങ്ങി അധികം വൈകാതെ ഞങ്ങൾ പഞ്ചാബിലെയ്ക്ക് പ്രവേശിച്ചു. രണ്ടു വശവും ഗോതമ്പ് പാടങ്ങളും ഇടയ്ക്കിടെ ചെറിയ ഗുരുധ്വാരകളും കടന്നു ഞങ്ങൾ സുന്ദരമായ റോഡിലൂടെ അതിവേഗം ജമ്മു ലക്ഷ്യമാക്കി സഞ്ചരിച്ചു. രാവിലെയോട് കൂടി ശ്രീനഗർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. റോഡിന്റെ ക്വാളിറ്റി കണ്ടപ്പോൾ ആ ലക്‌ഷ്യം നടക്കും എന്ന് തോന്നുകയും ചെയ്തു. ലുധിയാന, ജലന്ധർ, പതങ്കൊട്ട് എന്നിവ കടന് ഞങ്ങൾ ലഖന്പൂർ ബോര്ടരിൽ എത്തുമ്പോൾ ഏതാണ്ട് രാത്രി പത്തു മണി ആയിരുന്നു.

ഒരു 350KM ഇനിയും ശ്രീനഗറിലെയ്ക്ക് ഉണ്ട്. പക്ഷെ പിന്നീടങ്ങോട്ട് നമ്മുടെ കണക്കു കൂട്ടലുകൾ എല്ലാം പാളുക ആയിരുന്നു. ഹിമാലയൻ മലനിരകളെ നമ്മൾ വില കുറച്ചു കണ്ടതിന്റെ പ്രത്യാഗാതം ബോർഡറിനപ്പുറം ജമ്മു-കാശ്മീർ തുടങ്ങുന്നു. നേരത്തെ ഞാൻ പറഞ്ഞല്ലോ ജമ്മു-കാശ്മീർ സംസ്ഥാനം മലനിരകളുടെ കൂട്ടമാണ്‌. ശ്രീനഗറിൽ എത്താൻ ഞങ്ങൾ രണ്ടു മലനിരകൾ മാറികടന്നു യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ഇതൊന്നുമറിയാതെ ഞങ്ങൾ യാത്ര ആരംഭിച്ചു. ആദ്യം അസാധ്യ ഹൈവെ ആയിരുന്നു ഉധംപൂർ വരെ. ഉധംപൂർ ഒരു വാലി ആണ്. അവിടെ നിന്നും ഒരു മല ആരംഭിക്കുന്നു. കയറി മുകളിൽ ചെന്നാൽ പട്ട്നിടോപ്‌. പട്നിടോപ് എത്തുമ്പോൾ രാവിലെ ഏഴു മണി ആണ് സമയം. നമ്മൾ ശ്രീനഗർ എത്താൻ പ്ലാൻ ചെയ്ത സമയം. ഇനിയും ഏതാണ്ട് ആറ്-ഏഴു മണിക്കൂർ യാത്ര  ബാക്കി കിടക്കുന്നു. ഞങ്ങൾ ഒരു ചെറിയ റൂം എടുത്തു കുറച്ചു വിശ്രമിച്ചു, ഭക്ഷണം കഴിച്ചു. ഉച്ച മൂന്നു മണിയോടെ യാത്ര തുടര്ന്നു. ബട്ടൊട്ട, രംബൻ, അനന്ത്നാഗ് എന്നിവ കടന്നു ഞങ്ങൾ രാത്രി ഒമ്പത് മണിയോടെ ശ്രീനഗർ എത്തി. അവിടെ തങ്ങി.

ശ്രീനഗർ
-----------
ജമ്മു കശ്മീരിന്റെ തലസ്ഥാന നഗരം. ദാൽ തടാകം പരന്നങ്ങനെ കിടക്കുന്നു ശ്രീനഗറിന് നടുവിൽ. എണ്ണമറ്റ ശിഖര തോണികൾ, ഹൌസ് ബോട്ടുകൾ തടാകത്തിന്റെ എല്ലാ കരകളിലും കാണാം. ദാൽ തടാകം ആണ് ശ്രീനഗറിലെ ജനതയുടെ ജീവിത മാർഗം എന്ന് തോന്നുന്നു. ശ്രീനഗർ ആസ്വദിക്കാൻ വരുന്നവരെ ദാൽ തടാകം മുഴുവൻ തങ്ങളുടെ ശിഖര തോണികളിൽ കൊണ്ട് നടന്നു കാണിച്ചും  ദാൽ തടാകത്തിനു നടുവിൽ ഹൌസ് ബോട്ടിൽ താമസ സൗകര്യം ഉണ്ടാക്കിയും ഒരുപാട് ആളുകള് ജീവിച്ചു പോകുന്നുണ്ട് അവിടെ. പക്ഷെ വൈകി എത്തിയത് കൊണ്ട് ശ്രീനഗർ ചുറ്റി നടന്നു കാണാൻ ഒന്നും സമയം ഞങ്ങൾക്ക് കിട്ടിയില്ല. ദാൽ ലേക്കിൽ ഒരു മുറി എടുത്തു ഞങ്ങൾ തങ്ങി.

ദാൽ തടാകം


രാവിലെ മനോഹരം ആയിരുന്നു. ചെറിയ മഞ്ഞു വായുവിൽ തങ്ങി നിന്നു. സഹിക്കാവുന്ന തണുപ്പ്, ദാൽ തടാകം മഞ്ഞു മൂടിയ പ്രഭാതത്തിൽ കുളിര്ത്തു അങ്ങനെ നിൽക്കുന്നുണ്ട്. രാവിലെ തന്നെ ശ്രീനഗർ ഉഷാറായി തിരക്ക് തുടങ്ങിയിരുന്നു. അന്ന് ഗുല്മാര്ഗ് ആയിരുന്നു ലക്‌ഷ്യം. അറുപതു കിലോമീറ്റർ അപ്പുറം ഗുൽമാർഗ്, മഞ്ഞു പാളികളിൽ കളിക്കാൻ ഗുൽമാർഗ് ആണ് സ്ഥലം. കൊല്ലം മുഴുവൻ അവിടം മഞ്ഞു മൂടി ഇരിക്കും. മലയുടെ താഴ്വാരം വരെ കാർ പോകും അവിടെ നിന്നു റോപ് വെ ഉണ്ട്. ഞങ്ങൾക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ലായിരുന്നു. അവിടെ എത്തിയപ്പോൾ വേറെ ഒരു മാർഗം കിട്ടി. കുതിരകൾ. ഓരോരുത്തര്ക്കും ഓരോ കുതിരകൾ. കുതിരകൾ ഞങ്ങളെ വാഴിച്ചു കുത്തനെ ഉള്ള കയറ്റങ്ങൾ കയറി മഞ്ഞു മലകളിൽ എത്തിച്ചു. സാന്റാ ക്ലോസിനെ പോലെ മഞ്ഞു മൂടി നില്ക്കുന്ന മഞ്ഞു മലകൾ. ആദ്യമായി മഞ്ഞു കാണുന്നതിന്റെ ഒരു കൌതുകം ഞങ്ങളിൽ എല്ലാവര്ക്കും ഉണ്ടായിരുന്നു.

ഗുല്മാർഗിലെയ്ക്കു

ഗുല്മാർഗിൽ നിന്നു തിരിച്ചു ശ്രീനഗർ നഗരത്തിൽ ഒന്ന് കറങ്ങി റൂമിൽ വന്നു കിടന്നു. പരിചിതമല്ലാത്ത മഞ്ഞിന്റെ തണുപ്പും യാത്രയും എല്ലാവരെയും തളർത്തിയിരുന്നു. അടുത്ത ദിവസം ലെയിലേയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. ഒരു ദിവസം നമ്മുടെ പ്ലാനിംഗ് തെറ്റിയതിനാൽ രണ്ടു ദിവസം കൊണ്ട് ചെയ്യേണ്ട യാത്ര ഒരു ദിവസം കൊണ്ട് ചെയ്യണം എന്നായിരുന്നു ഉദ്ദേശം. രാവിലെ നേരത്തെ പുറപ്പെടാം എന്ന് തീരുമാനിച്ചു കിടന്നു. നമ്മൾ ആയതു കൊണ്ടും ശ്രീനഗറിലെ തണുപ്പ് കൊണ്ടും രാവിലെ എട്ടു മണിക്കാണ് പുറപ്പെടുന്നത്. അതുകൊണ്ട് മാത്രം തടസങ്ങൾ തീർന്നില്ല. നമ്മൾ പ്രതീക്ഷിക്കാത്ത അപകടങ്ങളും കൊണ്ട് ഹിമാലയം നമ്മെ കാത്തു നില്ക്കുക ആയിരുന്നു. സോസിലാ പാസ് ഇപ്പോഴും ഉരുകി ഒളിക്കാവുന്ന മഞ്ഞു പാളികളുമായി നമ്മെ കാത്തു കിടന്നു.

ഈ ഭാഗത്തിലെ ഫോട്ടോ കടപ്പാട്: രാമാനന്ദൻ സൂര്യകാന്തി 

Friday, November 2, 2012

ദൈവം ജയിച്ചു ശാസ്ത്രം തോറ്റു


ദൂരെ ചുവപ്പം വെളുപ്പും ഇടകലര്‍ന്നു പെയിന്‍റടിച്ച ഒരു ചിമ്മിനിയില്‍ നിന്നു പുകച്ചുരുളുകള്‍ എപ്പോഴും വമിച്ചു കൊണ്ടിരിക്കും. രാവിലെ രുദ്ര കൊണ്ട് വരുന്ന ചായയുമായി ഞാന്‍ അത് നോക്കി നില്‍ക്കാറുണ്ട്. ചായ ഗ്ലാസ് ഉയര്‍ത്തി പിടിച്ചു അതില്‍ നിന്നുള്ള പുകയും ചിമ്മിനിയുടെ പുകയും ഒരേ
വരിയിലാക്കി നോക്കും. ഒരിക്കല്‍ ഇത് കണ്ടു വന്ന ധില്ലിസ് എന്നെ കളിയാക്കിയിട്ടുണ്ട്. എന്നാലും ഒരു കൗതുകം ആണ് അങ്ങനെ ചെയ്യാന്‍ .
ഇന്ന് ചിമ്മിനിയില്‍  നിന്നു പുക ഉയരുന്നില്ല പക്ഷെ നഗരത്തിലെ പല സ്ഥലങ്ങള്‍ കത്തിയമര്‍ന്നതിന്‍റെ അടയാളം എന്നോണം പുകച്ചുരുളുകള്‍ അങ്ങിങ്ങ് ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌.

ദൈവം ജയിച്ചു ശാസ്ത്രം തോറ്റു. മനുഷ്യര്‍ എത്ര തര൦ ഉണ്ടെന്നു ശാസ്ത്രം ഉത്തരം പറയുന്നതിന് വളരെ കാലം മുന്‍പ് ദൈവം പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ പിന്നീട് അവസരം കൊടുത്തതും ഇല്ല.

പഴയ ഒരു കെട്ടിടമായിരുന്നു ഞങ്ങളുടെ മുറി. ഒരു വലിയ മുറിയില്‍ ഞങ്ങള്‍ പത്തു പേര്‍ താമസിച്ചു. പരേഷ്, രഘു, ധില്ലിസ്, മില്കാ അങ്ങനെ കുറച്ചു പേര്‍ .  കിടക്കാനും കുളിക്കാനും, ചായ കുടിക്കാനും ഞായറാഴ്ചകളില്‍ താടി വടിക്കാനും ഒരിടം.

'മൂന്നു പേര്‍ കൂടി മരിച്ചിരിക്കുന്നു'. 

ആരോ ഉറക്കെ പത്രം വായിച്ചു കൊണ്ട് പറയുന്നത്‌ കേട്ടു. ആരോ മറുപടി പറഞ്ഞത് ട്രെയിനിന്‍റെ ശബ്ദത്തില്‍ കേട്ടതുമില്ല. ഈ നഗരം നശിച്ചു തുടങ്ങിയിരിക്കുന്നു.  നഗരങ്ങള്‍ക്ക് ഒരു കാലചക്രമുണ്ട്. മനുഷ്യരെ പോലെ തന്നെ കാലചക്രം തിരിയുമ്പോള്‍ വളരുകയും ഒരു നാള്‍ നശിക്കുകയും ചെയ്യും.
എല്ലാ നഗരവും നശിക്കും.

ട്രെയിനിറങ്ങി ഏറെ നടക്കാനുണ്ട് ഓഫീസിലേയ്ക്ക്. വിശാല്‍ തെരുവിലെ ഒരു ഇടുങ്ങിയ പാതയില്‍ ഒരു വശത്ത്‌ ജീര്‍ണിച്ച നിലയില്‍ ഉള്ള  ഒരു കെട്ടിടമാണ് "ലൂമിയര്‍ പെയിന്‍റ്സ് ലിമിറ്റഡ്". മരം കൊണ്ടുള്ള ഏണിപടികളില്‍ പലതും ഇളകിയിട്ടുണ്ട്‌. അതില്‍ ഒരു അപകടം പതിയിരിപ്പുണ്ട്.

"മൂന്നു പേര്‍ കൂടി മരിച്ചിരിക്കുന്നു"

ഇത് തന്നെയാണല്ലോ രാവിലെയും കേട്ടത്.

"ഇപ്പോള്‍ പത്രത്തിലെ പ്രധാന വാര്‍ത്തകള്‍ എല്ലാം മരണമാണ്. എണ്ണത്തിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ"

സ്നേഹ രാവിലെ തന്‍റെ സംസാരം തുടങ്ങി കഴിഞ്ഞു.

"500 പേരാണ് ഒരാഴ്ചക്കിടയില്‍ മരിച്ചത്", സ്നേഹ തുടര്‍ന്നു.

"അവര്‍ നേരത്തെ പോയി, നമ്മള്‍ക്കിനിയും സമയമുണ്ട്", ഞാന്‍ പറഞ്ഞു. 
സ്നേഹ ചിരിച്ചു, സ്നേഹ മാത്രമല്ല ദയാലും, ശര്‍മ്മയും, ഇമ്മാനുവലും ഒക്കെ ചിരിച്ചു. എനിക്ക് മാത്രം എന്‍റെ തമാശ മനസ്സിലായില്ല.

ട്രെയിനില്‍ തിരക്ക് തന്നെ, എങ്കിലും നില്‍ക്കാന്‍ സ്ഥലമുണ്ട്. മൌണ്ട്റോഡ്‌ എത്തിയപ്പോള്‍ തിരക്കൊഴിഞ്ഞിരുന്നു. രണ്ടു സ്റ്റേഷന്‍ അപ്പുറം ചര്‍ച്ച ഗെയിറ്റ് ആണ് എന്‍റെ റൂം എങ്കിലും ഞാന്‍ മൌണ്ട്റോഡ്‌ ഇറങ്ങി. ശിഖറിന്‍റെ പാനിപൂരി കഴിക്കണം, അവനെ കണ്ടിട്ട് നാലഞ്ചു ദിവസമായി. തെരുവിന്‍റെ അവസാനം ആണവന്‍റെ കട. ഉന്തുവണ്ടിയാണെങ്കിലും അവന്‍ സ്ഥലം മാറാറില്ല. താമസവും അവിടെ തന്നെയാണ്.

അവനവിടെ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അവന്‍ സ്ഥലം മാറിക്കാണും. അടുത്തു ചെല്ലുന്തോറും ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. ശിഖറിന്‍റെ മകള്‍ റുമാലി. തണുത്തുറഞ്ഞ എന്തോ ഭക്ഷണത്തിന്‍റെ മുന്നില്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നെ കണ്ടതും എന്‍റെയടുത്തേക്ക് ഓടി വന്നു. ഞാനവളെ പൊക്കിയെടുത്തു. തോളത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് മുന്നോട്ടു നടക്കുമ്പോള്‍ അവളുടെ കരച്ചില്‍ പതിയെ കുറഞ്ഞു വന്നു.

"അഞ്ചുപേര്‍ കൂടി മരിച്ചിരിക്കുന്നു", തലക്കെട്ടുകള്‍ ആവര്‍ത്തന വിരസമായിരിക്കുന്നു

Monday, December 19, 2011

സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍


ചില മങ്ങിയ കാഴ്ചകള്‍ ആണ് ആദ്യം കണ്ടത്.  വ്യക്തമല്ലാത്ത എന്തൊക്കെയോ അനങ്ങുന്നു . പച്ച നിറത്തിനാണ് മുന്‍തൂക്കം തോന്നിയത്. ഇടയ്ക്കു പച്ചയും ചുവപ്പും ഇടകലര്‍ന്നു കണ്ടു. അധികം വൈകാതെ മഴവില്ലിന്റെ എല്ലാ വര്‍ണങ്ങളും തെളിഞ്ഞു കാണാന്‍ തുടങ്ങി. വെയിലില്‍ പെയ്യുന്ന മഴയ്ക്ക് ഒരു വന്യമായ സൌന്ദര്യവും അഭൌമമായ അനുഭൂതിയും പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു പൂപ്പാടത്തിനു ഒത്ത നടുക്ക് നില്‍ക്കുന്നു ഞാന്‍, ഇടയ്ക്കു വലിയ മരങ്ങള്‍ ഉണ്ട്. എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ചെറിയ ഇലകള്‍ കാറ്റില്‍ ആടുന്നു. പിന്നീട് ഇലകള്‍ മങ്ങുകയും സൂര്യപ്രകാശം കണ്ണിലേക്ക് തറക്കുകയും ചെയ്തു.
മഴ ശമിച്ചു, കുറുക്കന്റെ കല്യാണം തീര്‍ന്നിരിക്കുന്നു. ചെറിയൊരു തടാകത്തിന്റെ അരികില്‍ അതില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയും അതിനെ താങ്ങി നിര്‍ത്തുന്ന വലിയ വട്ടകം പോലെ കടും പച്ച നിറത്തിലുള്ള ഇലകളും. അവ വെള്ളത്തില്‍ പോങ്ങിയങ്ങനെ നില്‍ക്കുമ്പോള്‍ കാറ്റില്‍ ഇളകിയാടുകയും ചെറുതായി എന്നെ നോക്കി ചിരിക്കുകയും ചെയ്തു.
വീണ്ടും ഉയര്‍ന്നു പൊങ്ങിയ ചിന്തകളില്‍ ചെറിയൊരു പുല്‍പ്പരപ്പില്‍ ഒരു സുന്ദരിയായ സ്ത്രീയോടൊപ്പം വെളുത്ത  പെയിന്റടിച്ച ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാന്‍. . രണ്ടു കുട്ടികള്‍ പുല്‍പരപ്പിനു നടുക്കുണ്ടാക്കിയ ക്രിത്രിമ കുളത്തിലേക്ക് കല്ലുകള്‍ എറിയുകയും ബഹളം ഉണ്ടാക്കി കൊണ്ട് ചുറ്റും ഓടുകയും ചെയ്യുന്നുണ്ട്. അവള്‍ എന്റെ മടിയില്‍ തല ചായ്ച്ചു കിടക്കാന്‍ ഒരുങ്ങി.
പതുപതുത്ത പരുത്തി കിടക്കയും മൃദുവായ പുതപ്പും, എസീ യന്ത്രം പുറത്തു വിടുന്ന തണുപ്പും. അവളുടെ ചൂട് പറ്റി കിടക്കാന്‍ നല്ല സുഖം ആയിരുന്നു.
കണ്ണുകള്‍ പതിയെ തുറന്നപ്പോള്‍ അതിവേഗതയില്‍ കറങ്ങുന്ന ഫാന്‍ ആണ് കണ്ടത്. ഫാനിന്റെ ഒച്ച കാതടപ്പിച്ചു. അതങ്ങനെയാണ്, പലപ്പോഴും ഉറക്കം ഉണര്‍ന്നതിനു ശേഷം അതൊരു ശല്യം ആവാറാണ് പതിവ്.  എന്താണ് കണ്ടത് എന്ന് ഒന്ന് കൂടി ഞാന്‍ മനസ്സില്‍ ആലോചിച്ചു നോക്കി  . ഇല്ല, നല്ല സ്വപ്നം ആണെങ്കില്‍ കണ്ടത് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ പാതിരാത്രിയില്‍ ഞെട്ടി എണീറ്റ്‌ തൊണ്ട വരണ്ടിരിക്കുമ്പോള്‍ സ്വപ്നത്തില്‍ ഭയപ്പെടുത്തിയ അതേ രൂപം മുറിയിലെ പല ഭാഗങ്ങളിലും മിന്നി മറയുന്നത് കാണാനും സാധിക്കും. 

ചെറിയ മയക്കങ്ങളില്‍പോലും സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ കാണാറുണ്ട്. പലപ്പോഴും ഉച്ചയുറക്കത്തില്‍നിന്നും ഉണരുമ്പോള്‍ തലയ്ക്കു ഒരു കനം അനുഭവപ്പെടും. ഏതോ ഭാരിച്ച ജോലി സ്വപ്നത്തില്‍ ചെയ്തതിന്‍റെ ഫലമായിട്ടാവണം. സ്വപ്നവും യാഥാര്‍ത്യവും തമ്മില്‍ ഇങ്ങനെ ബന്ധം ഉണ്ടാവുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  ഉണ്ടാവാം അല്ലെ?

സ്വപ്നം ഒരു പ്രഹേളിക ആയിരുന്നു ആദ്യമൊക്കെ, ഓഫീസ്‌മുറിയിലെ ഒരു സരസമായ സംഭാഷണത്തില്‍ നിന്നോ, ഞാന്‍ മനസ്സില്‍ രൂപപെടുത്തി എടുത്ത തിരക്കേറിയ ഒരു അമേരിക്കന്‍ തെരുവില്‍നിന്നോ തുടങ്ങി, അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത വേറൊരു രംഗത്തില്‍ നിന്ന് ഒരു നിമിഷാര്‍ധത്തില്‍ ഫാന്‍ കറങ്ങുന്ന കാഴ്ചയിലേക്ക് കണ്ണ് തുറപ്പിക്കുന്ന വിസ്മയകരമായ പ്രഹേളിക.



ഒന്നുകില്‍ ഒരു ദിവസം, അല്ലെങ്കില്‍  സിനിമയില്‍  എന്ന പോലെ മൂന്നോ നാലോ കട്ട്‌ഷോട്ടുകളില്‍ മിന്നി മറയുന്ന വളര്‍ച്ചയുടെ പരിണാമങ്ങള്‍,  അതുമല്ലെങ്കില്‍ മനസ്സില്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ ഞാന്‍ സ്വന്തമാക്കുന്ന സുന്ദര മുഹൂര്‍ത്തം. അങ്ങിനെ പല സന്ദര്‍ഭങ്ങളില്‍, പല വേഷ പകര്‍ച്ചകളില്‍ ഞാന്‍ എന്നെ തന്നെ കണ്ടു കൊണ്ടിരുന്നു. പലതില്‍ നിന്നും ഒരു രംഗമോ ഒരു സംഭാഷണമോ ചിലപ്പോള്‍ മനസ്സില്‍ തട്ടി നിന്ന ഒരു വാക്കോ മാത്രം ആയിരിക്കും യാഥാര്‍ത്യത്തിലേക്ക് മടങ്ങി എത്തുമ്പോള്‍ അവശേഷിക്കുക. മറ്റു രംഗങ്ങള്‍ എല്ലാം മനസ്സിന്‍റെ അടിത്തട്ടിലേക്ക് അമര്‍ന്നു പോകും. അതേ രംഗങ്ങള്‍ മറ്റൊരു സ്വപ്നത്തില്‍ കാണുമ്പോള്‍ തോന്നിയേക്കാവുന്ന ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മനസ്സ് തന്നെ കണ്ടെത്തിയ ഒരു വിദ്യ ആവാം ഈ  ഒളിച്ചുകളി.

കണ്ണ് തുറന്നു ലോകത്തെ നോക്കുമ്പോള്‍ യാഥാര്‍ത്യവും,  കണ്ണ് അടച്ചു മനസ്സിലേക്ക് നോക്കുമ്പോള്‍ അത് സ്വപ്നവും ആകുന്നു. പക്ഷേ ഏതാണ് സ്വപ്നം ഏതാണ് യാഥാര്‍ത്യം എന്ന് തീര്‍ത്ത്‌ പറയാന്‍ പറ്റുന്നില്ല. സ്വപ്നത്തിലെ ഞാന്‍ ആണ് യാഥാര്‍ത്ഥ്യം എങ്കിലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ഏറെ നേരത്തെ ഗാഡമായ നിദ്രയൊന്നും വേണ്ടിയിരുന്നില്ല എന്റെ സ്വപ്നങ്ങള്‍ക്ക് കടന്നുവരാന്‍ . യാത്ര ചെയ്യുമ്പോള്‍ എന്നെ തലോടി പോകുന്ന കാറ്റേറ്റു ഒന്ന് കണ്ണടക്കുമ്പോള്‍ വരെ അതിനു കടന്നു വരാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് എന്നോടുള്ള ഈ പ്രേമം മനസിലാക്കിയപ്പോള്‍ അതിനെ തിരിച്ചും പ്രണയിക്കാന്‍ ശ്രമിച്ചു തുടങ്ങി. അങ്ങനെയാണ് പൊട്ടും പൊടിയും പോലെ കിട്ടുന്ന സ്വപ്നങ്ങളുടെ കഷ്ണങ്ങള്‍ പെറുക്കി വയ്ക്കാന്‍ തുടങ്ങിയത്. പലപ്പോഴും അതികഠിനമായ ഒരു മാനസിക പ്രയത്നം തന്നെ ആയിരുന്നു അത്. ഒരു കണിക പോലും വിട്ടു തരാന്‍ എന്‍റെ മനസ്സ് തയ്യാറായില്ല. എന്‍റെ സ്വന്തം സ്വപ്‌നങ്ങള്‍ എനിക്ക് നിഷേധിക്കുന്നതില്‍ എന്‍റെ മനസ്സിനോട് തന്നെ വെറുപ്പ്‌ തോന്നിയിട്ടുണ്ട് പലപ്പോഴും. പലപ്പോഴായി ലഭിച്ച പൊന്‍തരികള്‍ അളുക്കുകളില്‍ ആക്കി സൂക്ഷിച്ചു വച്ചു ഞാന്‍ . മുഴുമിക്കാത്ത സ്വപ്നങ്ങളുള്ള അളുക്കുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ആണ് ആ പ്രിത്യേകത എന്‍റെ  ശ്രദ്ധയില്‍പെട്ടത്. അക്കാര്യം എന്നെ വളരെ അധികം അദ്ഭുതപെടുത്തുകയും ചെയ്തു. എന്‍റെ സ്വപ്നങ്ങളിള്‍ ഒന്ന് പോലും ദു:സ്വപ്‌നങ്ങള്‍ ഇല്ല എന്നതായിരുന്നു ആ കാര്യം. അത് ഒരു തിരിച്ചറിവായിരുന്നു. സന്തോഷത്തേക്കാള്‍ ഏറെ സന്താപമാണ്  ആ തിരിച്ചറിവ് എനിക്ക് നല്‍കിയത്. എന്റെ സ്വപ്ന ശേഖരത്തില്‍ ഒരു ദു:സ്വപ്നം പോലും ഇല്ല എന്നത് ഒരു പോരായ്മ ആയിട്ടാണ് എനിക്ക് തോന്നിയത്.ഒരു ദുസ്വപ്നം കാണാന്‍ ഞാന്‍ കൊതിച്ചിരുന്നു അക്കാലത്തൊക്കെ. നല്ല സ്വപ്‌നങ്ങള്‍ കാണുന്നതിനു എന്ത് ചെയ്യണം എന്നറിയാത്തത് പോലെ ദു:സ്വപ്‌നങ്ങള്‍ കാണാനും എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. ഒരു പക്ഷെ ഈ അഞ്ജത കൊണ്ട് ആയിരിക്കാം എനിക്ക് നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ സാധിച്ചത് എന്നെനിക്കിപ്പോള്‍ തോന്നുന്നു. 

ഓരോ മയക്കത്തിനു ശേഷവും മനസ്സിനോടുള്ള പോരാട്ടത്തില്‍ പൂര്‍ണമായ വിജയം എനിക്ക് സാധ്യമല്ല എന്ന തിരിച്ചരിവുണ്ടാവാന്‍ ഏറെ നാളുകള്‍ ഏടുത്തു. ആ തിരിച്ചറിവുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മനസ്സിനോടുള്ള പ്രതികാരം എന്ന പോലെ ഏറെ നാള്‍ ഞാന്‍ ഉറങ്ങാതെയിരുന്നു.  ഉറക്കമില്ലാതിരുന്ന ശരീരത്തില്‍ കണ്ണും,  കാതും, കാലുകളും, കൈകളും എല്ലാം പരസ്പര ബന്ധമില്ലാതെ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയും വിജയം മനസ്സിനു തന്നെ .

പരാജയം സമ്മതിക്കാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു. അപ്പോഴാണ്‌ മറ്റൊരു ആശയം എന്‍റെ ചിന്തയിലേക്ക് വന്നത്. പലപ്പോഴായി ലഭിച്ച കഷ്ണങ്ങള്‍ വിളക്കി ചേര്‍ത്തു ഒരു മുഴു നീള സ്വപ്നം ഉണ്ടാക്കിയാലോ?. മനസ്സിനെ വഞ്ചിക്കുന്ന ഈ പ്രക്രിയ അല്ലാതെ വേറെ ഒരു മാര്‍ഗവും അപ്പോള്‍ ഞാന്‍ കണ്ടില്ല. അങ്ങനെ ഞാന്‍ "സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍" ആയി. എന്റെ ശേഖരത്തില്‍നിന്നും ആവശ്യമുള്ളവ പാകം പോലെ എടുത്തു സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്യാന്‍ തുടങ്ങി. 

ആയിടക്കാണ് എന്‍റെ ഒരു പഴയ ദു:ഖം ഓര്‍മ വന്നത്. ശേഖരിച്ച സ്വപ്നങ്ങളില്‍ ഒന്ന് പോലും ദു:സ്വപ്നം ഇല്ല എന്നത്. പിന്നെ അതുണ്ടാക്കാനുള്ള ശ്രമം ആയിരുന്നു. പക്ഷെ എങ്ങനെ വിളക്കി ചേര്‍ത്തിട്ടും ഞാന്‍ കണ്ട സ്വപ്‌നങ്ങളില്‍ നിന്ന് ഒരു ദു:സ്വപ്നം പോലും ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നുരഞ്ഞു പതയുന്ന മോഹഭംഗത്തിന്‍റെ കനം ഹൃദയത്തില്‍ തിങ്ങി കൂടാന്‍ തുടങ്ങി.

ഒറ്റ കണ്ണന്‍ കൊല്ലന്‍ വലിയ ചുറ്റിക കൊണ്ട്,  ഉരുകിയ ഇരുമ്പ് ദണ്ട് ആഞ്ഞടിച്ചു കൊണ്ടിരുന്നു. ഏതാനും പ്രഹരങ്ങളും ഉരുക്കലും കൊണ്ട് ആ ഇരുമ്പ് ദണ്ടിനെ ശിക്ഷിച്ചപ്പോള്‍ ഒരു മൂര്‍ച്ചയേറിയ ആയുധം രൂപപെട്ടു, കൊല്ലന്‍റെ ചുണ്ടില്‍ ദുരൂഹമായ ഒരു ചിരിയും. കണ്ണുകളില്‍ എന്ത് ഭാവമാണ് എന്നത് ഒരു കണ്ണിന്‍റെ മാത്രം ചലനങ്ങളില്‍നിന്ന് വായിച്ചെടുക്കുക ബുദ്ധിമുട്ട്. ഇരു തല മൂര്‍ച്ച ഉള്ള വാള്‍, കാരിരുമ്പില്‍കൊത്തിയ കൊടുവാള്‍, നീളമുള്ള കമ്പി പാരകള്‍ എന്നിവ അടുക്കി സൂക്ഷിച്ചിട്ടുണ്ട് അയാള്‍."
 കൊല്ലന്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്ന പോലെ ഞാനും നല്ല സ്വപ്നങ്ങളെ ഉരുക്കി ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു അവയ്ക്ക് മൂര്‍ച്ച നല്‍കി. തൊട്ടാല്‍  മുറിഞ്ഞു ചോര വരുന്ന രീതിയില്‍ അവയെ രാകി മിനുക്കി എടുത്തു.
രാപകലിന്‍റെ അധ്വാനത്തില്‍ എന്ത് തരം സ്വപ്നങ്ങളുടെയും ഒരു വലിയ ഉടമസ്ഥന്‍ ആയി ഞാന്‍ . ലോകത്തില്‍ ആര്‍ക്കും അറിയാത്ത വേല അറിയുന്നവന്‍., സ്വപ്‌നങ്ങള്‍ നെയ്‌തുണ്ടാക്കാന്‍ പഠിച്ചവന്‍ . അഹങ്കാരത്തില്‍ അഭിരമിച്ച് രാവും പകലും ഞാനെന്‍റെ സ്വപ്നങ്ങളെ താലോലിച്ചു നടന്നു. ആയിടക്കാണ് ഒരു അജ്ഞാത മനുഷ്യന്‍ എന്നെ കാണാന്‍ വന്നത്. താടിയും മുടിയും വെട്ടിയൊതുക്കി ക്ലീന്‍ഷേവ്‌കാരന്‍ ആയ ഒരുവന്‍  . വാക്ചാതുര്യം ആയിരുന്നു അവന്‍റെ സവിശേഷത. ലോകത്തില്‍ എന്തിനെ കുറിച്ചും സമര്‍ത്ഥമായി അവന്‍ സംസാരിച്ചു. എന്നെ വന്നു കണ്ട അന്ന് തന്നെ എന്തിനൊക്കെയോ കുറിച്ച് അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പ്രസന്നമായ മുഖത്തില്‍ അവന്‍ ഒളിപ്പിച്ചു വച്ച നിഗൂഡമായ ലക്ഷ്യങ്ങളെ കുറിച്ച് എനിക്കപ്പോള്‍ ബോധ്യം ഉണ്ടായിരുന്നില്ല. ചതിയന്മാര്‍ക്ക് എന്നും സുന്ദരം ആയ മുഖം ദൈവം സമ്മാനിക്കുന്നത് എന്ത് കൊണ്ടാണാവോ?

അവന്‍റെ ആവശ്യങ്ങള്‍ വലുതായിരുന്നു. ഒരിക്കല്‍ അവന്‍ തന്‍റെ സഹജമായ പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് എന്നോട് ചോദിച്ചു
"എന്റെ സ്വപ്‌നങ്ങള്‍ അവനു വില്‍ക്കാന്‍ തയ്യാറാണോ എന്ന്" !!!. . . ഏതു ചോദ്യത്തിന് ശേഷവുമുള്ള അവന്‍റെ നിശബ്ദത ആയിരുന്നു ഏറ്റവും ദു:സഹം. രണ്ടു ഭീകരതയുടെ നടുക്ക് നമ്മളെ ഉപേക്ഷിക്കുന്ന മാന്ത്രികമായ നിശബ്ദത.

അക്കാലത്തിനടയില്‍, ഉടച്ചു വാര്‍ത്തെടുത്ത മനസ്സുമായി ഉണ്ടാക്കിയെടുത്ത സൌഹൃദത്തിനും രേഖീയമല്ലാത്ത കരാറിനും മേല്‍ ആ ചോദ്യം ഉണ്ടാക്കിയ വെല്ലുവിളി ചെറുതായിരുന്നില്ല. പക്ഷെ അതിജീവനം എന്നത് ഏതു വെല്ലുവിളിയെയും നേരിടുമ്പോള്‍ മാത്രം സാധിക്കുന്ന ഒന്നാണല്ലോ. നിശബ്ദമായ സംഘട്ടനത്തിനു  ശേഷം, അവന്‍ തൊടുത്തു വിട്ട ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ വിശ്വാസതയുടെ ചരട് പൊട്ടുക ആയിരുന്നു

ഞാന്‍ ആ കച്ചവടത്തിന് സമതം മൂളിയപ്പോള്‍ പല തവണ വഞ്ചിക്കപെട്ടപ്പോഴും കാണിച്ച അതെ നിസ്സംഗ ഭാവം കൈവിടാതെ എന്‍റെ മനസ്സ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുനിഞ്ഞ ശിരസ്സുമായി അവന്‍ നടന്നകലുമ്പോള്‍ ഞാന്‍ അജ്ഞാതനുമായി ഉടമ്പടികള്‍ ഉണ്ടാക്കുക ആയിരുന്നു. ഒരിക്കലും തിരിച്ചു വരാതെ നടന്നകലാന്‍ അവനു കഴിയും എന്ന് ഞാന്‍ മനസിലാക്കിയപ്പോഴേക്കും ഉടമ്പടിയുടെ കാലാവധി അവസാനിച്ചിരുന്നു.


രാത്രി വൈകി, കറുത്ത വാവ് തന്‍റെ ശക്തി പരമാവധി കാണിച്ചു കൊണ്ടിരിക്കുന്നു. കണ്ണ് തുറന്നാലും അടച്ചാലും ഒരു കാഴ്ച തന്നെ. പൂര്‍ണമായ അന്ധകാരം. നിശ്ചലമായ ആ അന്ധകാരത്തിന് ഒന്നും സംവേദനം ചെയ്യാന്‍ കഴിഞ്ഞില്ല. മനസ്സ് നഷ്ടപെട്ട ഒരുവന് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ലെന്നും, സ്വപ്‌നങ്ങള്‍ കാണാന്‍ ഇല്ലാത്തവര്‍ക്ക് ഉറങ്ങാനും കഴിയില്ലെന്നും അന്നാണ് എനിക്ക് മനസിലായത്. മീനുകളെ പോലെ കണ്പോളകള്‍ തുറന്നു വച്ച് ഉറങ്ങാന്‍ ഞാന്‍ അന്ന് മുതല്‍ പരിശീലിച്ചു തുടങ്ങി. 







Wednesday, November 16, 2011

ആവര്‍ത്തനം

   "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, രാത്രി ആയതോണ്ട് വഴിയില്‍ ഇറക്കി വിടുന്നില്ല, കയറിയപ്പോഴുള്ള പരുങ്ങല്‍ കണ്ടപ്പോഴെ എനിക്ക് തോന്നിയതാ"

            ഉറങ്ങാതിരുന്ന കുറച്ചു പേര്‍ മുന്നില്‍ നിന്ന് തിരിഞ്ഞു നോക്കി. ഞാന്‍ അപ്പോഴും എന്റെ ഷര്‍ട്ടിലും പാന്ടിലും കീശയില്‍ തപ്പുകയായിരുന്നു. എനിക്കുറപ്പാണ് അത് ആരെങ്കിലും എടുത്തതാണെന്ന്. ബസ്സില്‍ അകെ ഉള്ള 10-15 പേരെ സംശയിക്കാനും വയ്യ. 

           ഇറങ്ങി നിന്നപോള്‍ ഒരു വലിയ ശബ്ദത്തോടെ ആ വാതില്‍ അടഞ്ഞു, കണ്ണില്‍ തറക്കുന്ന സോഡിയം ലാമ്പിന്‍റെ വെളിച്ചത്തിന്‍റെ ഇടയിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഒരു വലിയ ശബ്ദത്തോട് കൂടി വാതിലടച്ച് കണ്ടക്റ്റര്‍ ഡ്രൈവറോഡു ബസ്സെടുക്കാന്‍ ആജ്ഞ നല്‍കി.

       ഒന്ന് കൂടി ഉറപ്പു വരുത്താന്‍ എന്റെ കൈയില്‍ ഉള്ള കവറില്‍ തപ്പി നോക്കി, കുറച്ചു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാത്രം. ഇക്കണ്ട കാലങ്ങള്‍ ഗുണിച്ചും ഹരിച്ചും പഠിച്ചത് പേപ്പറില്‍ എഴുതി സാക്ഷ്യപെടുത്തിയത്.

       ഒരുപാട് അവശ ദേഹങ്ങള്‍ അടുത്തടുത്തായി കിടക്കുന്നുണ്ട്, ചിലതില്‍ നിന്നും ചില മൂളലുകളും ഞരക്കങ്ങളും കേള്‍ക്കാം. പഴകി കീറിയ കമ്പിളി പുതപ്പിനുള്ളില്‍ മൂടിയ ശരീരങ്ങള്‍ സുഖമായുറങ്ങുന്നു. അവരെ കൊതുക് കടിക്കാറില്ല. അവരുടെ രക്തത്തിനു എച്ചിലിന്റെ രുചി ആയത് കൊണ്ടായിരിക്കും. ബസ്‌സ്റ്റാന്റിന്റെ മുന്നിലേക്ക്‌ ധാരാളം ആളുകളും കടകളും ഉണ്ട്, പക്ഷെ അവിടെ പോയില്ല. പിന്‍ഭാഗത്തെക്ക് വന്നപ്പോള്‍ ആണ് ഈ കാഴ്ചകള്‍. മുന്നിലേക്ക്‌ ചെന്നാല്‍ പല കടകളില്‍ നിരത്തി വച്ചിട്ടുള്ള കൂള്‍ ഡ്രിങ്ക്സും പലഹാരങ്ങളും ഉണ്ടാവും. വിശപ്പ്‌ അസഹനീയനമായിട്ടുണ്ട്. അതൊന്നും മേടിക്കാന്‍ തന്‍റെ കൈയില്‍ പണമില്ലല്ലോ?. 

            ഇവിടെ അധികം നേരം നില്‍ക്കുക സാധ്യമല്ല. ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം തന്നെ അസഹനീയം. ബാത്റൂമില്‍ നിന്നും വമിക്കുന്നതു വേറെ.

         വെളിച്ചത്തിലേക്ക് നീങ്ങി നില്‍ക്കാം എന്തായാലും എന്ന് തീരുമാനിച്ചു. വലിയ നഗരം ആയത് കൊണ്ട് ഒരുപാട് ബസ്സുകള്‍ വരുന്നുണ്ട്. എല്ലാത്തിലും ഭയങ്കര തിരക്ക്. ഹെഡ്‌ലൈറ്റിന്റെയും, സോഡിയം ലാംബിന്റെയും, കടകളിലെ CFL ബള്‍ബുകളുടെയും വെളിച്ചം തിങ്ങിനിറഞ്ഞു സൂര്യന്‍റെ നേരെ നോക്കുന്നതിനേക്കാള്‍ കഠിനം ആണ്.

        അങ്ങോട്ടും ഇങ്ങോട്ടും വെറുതെ കുറച്ചു നടന്നു . ചൂടുള്ള കാപ്പിയുടെയും ചായയുടെയും മണം, ചില്ലരമാലക്കുള്ളില്‍ കേക്കും പഴംപൊരിയും അതിന്റെ രുചി വിളിച്ചറിയിച്ചു കൊണ്ട് കിടക്കുന്നു. 

ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നോക്കി, പക്ഷെ വിശക്കുന്നു.

ഒരുത്തന്‍ നിന്ന് സുഖമായി കഴിക്കുന്നത്‌ കണ്ടു. അവനും കാണും വിശപ്പ്‌. 

         ഒരു ബസ്‌ വന്നു നിന്നു. വന്നു നിന്നതും ഗ്രഹിണി പിടിച്ച പിള്ളേരെ പോലെ കുറെ പേര്‍ എവിടെ നിന്നൊക്കെയോ അതിന്റെ അടുത്തേക്ക്‌ ഓടി വന്നു. എങ്ങോട്ടാണാവോ ഇത്ര അധികം ആള്‍ക്കാര്‍ പോകുന്നത്?, എല്ലാവരും ജീവിതത്തിന്റെ പകുതി സമയം യാത്ര ചെയ്യുന്നവരാണ്. ഓഫീസില്‍ എത്തിയാല്‍ വീട്ടിലേക്കും, വീട്ടില്‍ എത്തിയാല്‍ ഓഫീസിലേക്കും പോകാന്‍ തിടുക്കം ആണെല്ലാവര്‍ക്കും. 

         അതാ അവനും ഓടുന്നു ആ ബസിനെ ലക്ഷ്യമാക്കി. ചൂട് ചായ ഒറ്റ ഇറക്കിന് കുടിച്ചു. ഇടയില്‍ പൈസ കൊടുത്തിട്ട് പേഴ്സ് പോക്കറ്റില്‍ ഇടുന്നതും കണ്ടു. ഞാനും ഈ ബസ്സില്‍ കയറാം, തിരക്കുള്ള ബസ്‌ ആയത് കൊണ്ട് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടാതെ നില്‍ക്കാം. വാതിലിനു മുന്നില്‍ തിരക്ക് കൂട്ടാന്‍ അവന്റെ കൂടെ ഞാനും കൂടി. 

    അസാമാന്യമായ തിരക്ക് തന്നെ. ഒരു തരത്തിലും ഇതില്‍ കയറി കൂടാന്‍ പറ്റില്ല. അടുത്ത ബസ്സിനു പോകാം. വല്ലതും കഴിക്കാന്‍ കിട്ടുമോന്നു നോക്കാം. ആ ബസ്സില്‍ കയറാന്‍ ഉള്ള ഉദ്യമം ഞാന്‍ ഉപേക്ഷിച്ചു. അവന്‍ എങ്ങനെയോക്കെയോ കയറി കൂടി!! . ഞാന്‍ ഒന്ന് മന്ദഹസിച്ചു കൊണ്ട് ഒരു പലഹാരക്കടയിലേക്ക് നടന്നു. 

                    X----------------------------------------------------------------------X

       "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, ഈ വക തരികിട ഒന്നും എന്‍റെയടുത്തു നടക്കില്ല". കണ്ടക്ടര്‍ ഇത് പറയുമ്പോഴും പേഴ്സ് തപ്പി ക്കൊണ്ടിരിക്കുകയായിരുന്നു അവന്‍. എല്ലാരും അവനെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു. 

          ചെറിയ ഒരു വഴി വിളക്കിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ആ ബസ്സിന്റെ വാതില്‍ അടഞ്ഞു, തന്റെ കൈയില്‍ ഉള്ള കവറില്‍ ഒന്ന് കൂടി തപ്പി നോക്കി, ഇല്ല അതിലിട്ടിട്ടില്ല. അതില്‍ കുറച്ചു ഫോട്ടോസ്റ്റാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റട് കോപ്പികള്‍. 

Monday, October 10, 2011

നിസ്സാരമായ തകര്‍ച്ചകള്‍

“May I get in sir??” 

കേമിസ്ട്ട്രി സാര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു interference. തെല്ലൊരു അക്ഷമയോട് കൂടി സാര്‍ വാതിലിലേക്ക് നോക്കി തല കുലുക്കി. 

അവര്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്നു ഞാ|ന്‍ നോക്കി, ഞാന്‍ മാത്രമല്ല ഞങ്ങ|ള്‍ ആണുങ്ങള്‍ എല്ലാരും നോക്കുന്നുണ്ടായിരുന്നു. ക്ലാസ്സിലെ തരുണീമണികളുടെ കൂട്ടത്തിലേക്ക് മൂന്ന് പേരെ കൂടി കിട്ടിയ സന്തോഷം എല്ലാരുടെയും പതിഞ്ഞ സംസാരത്തില്‍ നിന്നും മനസിലാക്കാം. 

നെറ്റിയില്‍ നേര്‍ത്ത ചന്ദനകുറിയും, peach കളര്‍ ചുരിദാറും അണിഞ്ഞു ഒരുവള്‍ 

മഞ്ഞ ചുരിദാറും തുടുത്ത കവിളുകളും ഉള്ള ഒരുവ|ള്‍ 

ചാരനിറത്തിലുള്ള ചുരിദാറുട്ത്തു തടിച്ചുരുണ്ട് ഒരുവ|ള്‍ 

പെണ്‍കുട്ടികളെ ആസ്വദിക്കാനല്ലാതെ കുറ്റം പറയാ|ന്‍ ഞങ്ങളാരും അന്ന് പഠിച്ചിരുന്നില്ല. 

“silence” !!!! 

അക്ഷമ കൂടി വന്ന അരസികനായ കെമിസ്ട്രി സാര്‍ പോളിമറിന്റെ രസതന്ത്രത്തെ കുറിച്ചുള്ള ക്ലാസ്സ്‌ വീണ്ടും തുടങ്ങി. കോളേജ്പഠനത്തിന്റെ കാര്‍ബണ്‍ കണികകള്‍ ചേര്‍ത്തു വച്ചു വലിയൊരു പോളിമര്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളും 

എന്നും ക്ലാസ്സിലെ മൂന്നാം ബെഞ്ചില്‍ ഞാന്‍ സ്ഥാനം പിടിച്ചു, കാരണം നെറ്റിയില്‍ നേര്‍ത്ത ചന്ദനക്കുറി അണിഞ്ഞു വരുന്ന സുന്ദരിയെ വളരെ വ്യക്തമായി കാണാന്‍ അവിടം ആണ് നല്ലത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. 

ഡിസംബറിന്റെ തണുപ്പില്‍ ഗ്രാഫിക്സ് ഷീറ്റ് വരക്കാന്‍ മടിച്ചു ഡ്രാഫ്റ്ററിന്റെ ചുവന്ന പിടി നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ അവളെ കുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നു. 

അവള്‍ എത്തുന്നതിനേക്കാള്‍ മുന്‍പേ എത്താന്‍ വേണ്ടി എന്നാല്‍ കഴിയുന്ന വിധം ശ്രമിച്ചു എങ്കിലും അവള്‍ തന്നെ മുന്നേ എത്തി. ക്ലാസ്സിലും, പഠനത്തിലും. പിന്നീട് മൂന്നാം ബെഞ്ച്‌ ടീച്ചറുടെ ശ്രദ്ധാകേന്ദ്രം ആണെന്നത്കൊണ്ടും ലാപ്‌ടോപ്പില്‍ മൂന്ന് മണി വരെ കണ്ട സിനിമയുടെ ദ്രിശ്യങ്ങള്‍ കണ്ണുകളെ തഴുകി ഉറക്കുന്നതിനാലും ഞാ|ന്‍ പിന്നിലെ ബെഞ്ചിലേക്ക് മാറി. അവളെ കാണുന്നത് പുറകില്‍ നിന്ന് മാത്രമായി. 

അവള്‍ എന്നെ ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്നത് താനെ വ്യര്‍ത്ഥം ആണെന്ന് തോന്നി. തണല്‍ മരങ്ങളുടെ നിഴലില്‍ ഇരുന്നു ജീവിതത്തില്‍ നിഴല്‍ വീണു തുടങ്ങിയത് ഞാനറിഞ്ഞില്ല. പരീക്ഷണങ്ങള്‍ക്ക് നിരന്തരമായി വിധേയമായതിന്റെ ഫലമായി പരിക്കുകള്‍ സാരമായി പറ്റി. 

പുസ്തകം കൈ വിരലില്‍ കറക്കി കൊണ്ട് പറ്റമായി ഞങ്ങള്‍ മഴയത്ത് നടന്നു പോകുമ്പോള്‍ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. ആരുടെയെങ്കിലും കൈ പിടിച്ചു നടന്നു പോകുന്നുണ്ടാവും അവള്‍. ഒരു ചിരി ആ ചുണ്ടില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. നീ ചിരിക്കുകയും ചെയ്തു, പക്ഷെ ഒരു പരിഹാസം ആണ് ഞാന്‍ അതില്‍ കണ്ടത് 

രണ്ടു തരം ആള്‍ക്കാര്‍ ആണ് അവസാനം അവശേഷിച്ചത്. ജോലി കിട്ടിയവരും, ജോലി കിട്ടാത്തവരും. കിട്ടിയവര്‍ കിട്ടാത്തവര്‍ക്ക് മധുരം കൊടുക്കുകയും ചിരിക്കുകയും ചെയ്തു. അവളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജിലേബിയുടെ പാക്കറ്റ്‌ എന്റെ നേരെ നീട്ടികൊണ്ടു അവള്‍ വന്നപ്പോള്‍ ഞാന്‍ ആ മുഖത്ത് നോക്കിയില്ല. നോക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. അണയാന്‍ പോകുന്ന തീ അളികത്തുന്നത് പോലെ എന്റെ നെഞ്ചില്‍ ഒരു പിടച്ചി|ല്‍ അനുഭവപെട്ടു. 

“എത്ര നിസ്സാരം ആണ് തകര്‍ച്ചകള്‍.”