Thursday, July 21, 2011

സര്‍പ്രൈസ്

പളുങ്ക് പാത്രം കണ്ടിട്ടില്ലേ?, അത്  പോലെ ആയിരുന്നു എന്റെ പ്രണയവും. എന്‍റെ സ്നേഹം അതില്‍ ഒഴിച്ച് വച്ചിട്ട് ദൂരത്തു മാറി നിന്നു ഞാന്‍ . തൊട്ടതേയില്ല അതിനെ, അടുത്തേക്ക് പോയത് പോലുമില്ല. താഴത്തു വീണു ഉടഞ്ഞ് എന്‍റെ സ്നേഹം മുഴുവന്‍ ഒലിച്ചു പോയാലോ എന്ന പേടി ആയിരുന്നു എനിക്ക്

സൌഹൃദം എന്നാ മൂടുപടം ഇട്ടു കൊണ്ട് ആണ് ഞാന്‍ അവളോട്‌ പെരുമാറിയത്. ലാബിലെ റെക്കോഡിലേക്ക് ഒരു ഗ്രാഫ് വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല എന്ന് പറയുകയും പിന്നീട് ഒരു പരിഭവത്തോട് കൂടി എനിക്ക് വരച്ചു തന്നപോളും, അനേകം അവസരങ്ങളില്‍ എന്നോട് ഒറ്റയ്ക്ക് സംസാരിച്ചപോഴും, മൊബൈല്‍ കിട്ടിയപ്പോള്‍ എസ്‌.എം.എസിലുടെ ചാറ്റ് ചെയ്തപോളും ഒന്നും ഞാന്‍ ആ പളുങ്ക് പാത്രത്തിന്‍റെ അടുത്ത് പോയില്ല. അത് തകര്‍ന്നു വീഴുന്നത് കാണാന്‍ കെല്പ്പില്ലായിരുന്നു എനിക്ക് .

 മനസ്സില്‍ കെട്ടി കിടന്ന ആ സ്നേഹം ഒരിക്കലും പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചില്ല. ഉച്ചക്കുള്ള ഇടവേളകളില്‍ ക്ലാസ്സിന്റെ മുന്നിലെ തുരുമ്പ് പിടിച്ച ആ ജനാല പിടിച്ചു ഞാന്‍ താഴേക്ക്‌ നോക്കുമ്പോള്‍ പലപ്പോഴും നീ ഒരു കുടയുടെ തണലില്‍ കൂട്ടുകാരിയുമൊത്തു നടന്നു വരുന്നുണ്ടായിരിക്കും. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങള്‍ക്കെന്താ ഒറ്റയ്ക്ക് നടക്കാന്‍ ഇത്ര പേടി ആണോ എന്ന്?. നീ ഒറ്റയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല

എങ്ങനെയോ നിന്റെ ജന്മദിനം ഞാന്‍ മനസിലാക്കി എടുത്തു. നിന്നോട് നേരിട്ട് ചോദിച്ചാല്‍ നീ അത് പറഞ്ഞു തരുമായിരുന്നു പക്ഷെ അത് ഒരു മാനസിക സുഖം എനിക്ക് തരില്ല എന്ന് തോന്നി. നിന്റെ ജന്മദിനത്തിന് രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ചു ആശംസകള്‍ നേരുന്നവരില്‍ ആദ്യമാകാന്‍ കഴിയില്ലെങ്കിലും ഒരു അമ്പരപ്പ് നിന്നിലുളവാക്കാന്‍ ഈ രഹസ്യ നീക്കത്തിനു മാത്രമല്ലേ കഴിയു. ദിവസങ്ങള്‍ എണ്ണി ഞാന്‍ കാത്തിരുന്നു, ആ ദിവസത്തിനു വേണ്ടി. അതിനിടയില്‍ ഞാന്‍ നിന്നോട് പല തവണ സംസാരിച്ചു. ഈ കാര്യം മാത്രം ഞാന്‍ നിന്നോട് പറഞ്ഞില്ല

ആ ദിനം വന്നെത്തി, ചിലപ്പോള്‍ അങ്ങനെ ആണ്, സമയം ചലിക്കുകയെ ഇല്ല. പത്തു മണിയില്‍ നിന്നും പതിനൊന്നു മണി ആവാന്‍ എടുത്ത സമയത്തേക്കാള്‍ ഇരട്ടി സമയം ആണ് പതിനൊന്നു പന്ത്രണ്ടു ആവാന്‍ എടുത്തത്
ഏതോ പുതിയ സിനിമയിലെ പ്രണയ ഗാനത്തിനിടയില്‍ നീ ഫോണെടുത്തു
"ഹലോ"
എന്റെ ജന്മദിന ആശംസകള്‍ ക്ഷമയോടെ കേട്ടതിനു ശേഷം വളരെ സന്തോഷത്തോടു കൂടി തന്നെ നീ പറഞ്ഞു
"എങ്ങനെ മനസിലായി?, ഫേസ്ബുക്കില്‍ അപ്ഡേറ്റ് കണ്ടു കാണും അല്ലെ?, എനിക്കറിയാം. ഇന്നു കുറെ പേര്‍ വിളിച്ചു, തനക് യു ഡിയര്‍ "
ഫോണ്‍ കട്ട്‌ ചെയ്യാന്‍ എനിക്ക് തോനിയില്ല എങ്കിലും പിന്നീടവള്‍ പറഞ്ഞതോന്നും ഞാന്‍ കേട്ടില്ല. ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട്‌ തുടങ്ങുന്നതിനെകുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്
     

Tuesday, June 28, 2011

ഒരു കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,

അങ്ങകലങ്ങളില്‍ പോലും ഇന്ന് നീ ഇല്ല എന്നെനിക്കറിയാം. ഈ കത്തിനു പ്രാപിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ നീ മാഞ്ഞു പോയി എന്നും എനിക്കറിയാം. എത്ര കണ്ടു അകലെ ആയാലും ഈ കടലാസ് കഷ്ണം വെറും മാധ്യമം മാത്രമാണ്, എന്‍റെ ഓര്‍മകള്‍ക്കും അതില്‍ നുരയുന്ന നൊമ്പരങ്ങള്‍ക്കും വാക്കുകളായി പരിണമിക്കുവാന്‍. എന്‍റെ ഓര്‍മകളില്‍ നീ ഉള്ളിടത്തോളം കാലം ഈ കത്തിലെ ഓരോ വാചകങ്ങളും നിനക്ക് വായിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ എഴുതുന്നു.

സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ ആയിരുന്നു ഞാന്‍, ക്ലാസ്സ്‌ റൂമിന്‍റെ മടുപ്പില്‍ നിന്നും ഒരു കപ്പ് ചായയും കൊണ്ട് അലസമായ ചിന്തയും ഹെഡ്സെറ്റില്‍ മെലഡിയുമായി സായാഹ്നങ്ങള്‍ എന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. രണ്ടു പരീക്ഷകള്‍ക്കിടയില്‍ ഉള്ള ഒരു പഠന ദിനം ആയിരുന്നിട്ടും അലസത തന്നെ ആയിരുന്നു ആ സായാഹ്നത്തിലും കൂട്ട്. അങ്ങനെ ആയിരുന്നില്ലേ നമ്മള്‍ എല്ലാവരും?, രാത്രികള്‍ ആയിരുന്നു പഠനത്തിന്‍റെ വേലിയേറ്റ സമയം. പരീക്ഷക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാത്രികള്‍. അതിന്നും മാറിട്ടില്ലെഡാ.
മൊബൈല്‍ ഇല്ലായിരുന്നു അന്നെന്റെ കൈയില്‍. ഇന്നത്തെ പോലെ മൊബൈലില്‍ കുഞ്ഞു സന്ദേശത്തിന് കാതോര്‍ത്തിരിക്കാറും ഇല്ല. എങ്കിലും ഹെഡ്സെറ്റില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് മാധുര്യം കൂടുതല്‍ ആയിരുന്നു.
സന്ധ്യ ആയി, പുറത്തു ആരോ ഫോണില്‍ സംസാരിക്കുന്നുണ്ട്. A.R Rahmanന്‍റെ ഏതോ ഒരു പാട്ടിന്റെ ആസ്വാദന തലങ്ങള്‍ അന്വേഷിച്ചു നടന്നു കൊണ്ടിരുന്ന ഞാന്‍ ഗ്രില്ലിട്ട ജനലക്കരികില്‍ എത്തിയപ്പോള്‍ ഫോണില്‍ ചെവി വച്ച് സംസാരിച്ചു കൊണ്ടിരുന്ന രാകേഷിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ്സെറ്റുകള്‍ ചെവിയില്‍ നിന്നും ഊരാന്‍ എന്താണ് എന്നെ പ്രേരിപ്പിച്ചത് എന്ന് എനിക്കറിയില്ല.
ഒരു വാക്ക് മാത്രമേ ഞാന്‍ പിന്നെ കേട്ടുള്ളൂ

" പോയി"

കോളേജ് ബസ്സിന്‍റെ പിന്‍ ഭാഗത്തുള്ള ഏതോ ഒരു സീറ്റില്‍ ഞാന് പുറത്തേക്കു നോക്കിയിരുന്നു. ആര്‍ക്കും ഒനും പറയാന്‍ ഉണ്ടായിരുന്നില്ല, കരയാനും .
ഹോസ്ടലിന്‍റെ മുന്നില്‍ ഞങ്ങളിറങ്ങി, ആര്‍ക്കൊക്കെ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്ക് ആരും എടുത്തില്ല. പിന്നീടും പലതു നഷ്ട്ടപെടാന്‍ ഉള്ളത് കൊണ്ടായിരിക്കും.
പരീക്ഷകള്‍ അതിന്റെ മുറക്കും ജീവിതം അതിന്റെ വഴിക്കും നടന്നു. ആര്‍ക്കു വേണ്ടിയാണു അത് കാത്തു നില്‍ക്കേണ്ടത്?,
കാലിക്കറ്റ്‌ യുണിവേഴ്സിറ്റി നമ്മളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. അനിവാര്യമായ പരീക്ഷണം. അങ്ങനെ കഴിഞ്ഞ നാലു കൊല്ലം തിരിഞ്ഞു നോക്കുമ്പോള്‍ ആ പരീക്ഷണങ്ങള്‍ക്കെല്ലാം മുകളില്‍ നീ അന്ന് C Programming പരീക്ഷ എഴുതിയതിനു ശേഷം എന്നോട് പറഞ്ഞ വാക്കുകള്‍ ആണെനിക്ക് ഓര്മ വരുന്നത്
"എടാ ഇത് ഞാന്‍ പാസ്‌ ആവും"

നീ പാസ്‌ ആയിരുന്നു, 60 മാര്‍ക്കിന് മുകളില്‍ നേടിക്കൊണ്ട്. പക്ഷെ അത് കാണാന്‍ നീ ഉണ്ടായില്ല.
"ആരും ഉണ്ടായില്ലേ?" എന്ന് നീ ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞു പോവുകയേ ഉള്ളു.

നിന്റെ റോള്നമ്പര്‍ ഏതാണ്ട് അവസാനം ആയിരുന്നില്ലേ?, അതിനു മുകളില്‍ പല റോള് നമ്പറുകള്‍ വന്നു, പല നിറങ്ങളില്‍ ഞങ്ങള്‍ കോളേജിലും വന്നു. എന്നും ഒരു നിറം ആയിരുന്നില്ല കാമ്പസ്സിന്, ആശാവഹവും തീരെ ആശ അറ്റ്തുമായ സംഭവങ്ങള്‍ നടന്നു. ഇന്നും മാറാതെ നില്‍ക്കുന്നത് ആല്‍ മരം ആണെന്ന് പറയാം.

ഇന്ന് എങ്ങനെ ആണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ പിരിഞ്ഞിരിക്കുന്നു. ജോലിയുടെ, ഉപരപഠനത്തിന്‍റെ, കുടുംബത്തിന്‍റെ ആഴങ്ങളിലേക്ക്. ആധുനികതയുടെ ചില ആവിര്‍ഭാവങ്ങള്‍ നമ്മളെ ചെറുതായെങ്കിലും ഇന്നും കൂട്ടി ഇണക്കുന്നുണ്ട് എന്നത് നിനക്ക് സന്തോഷം തരും എന്നെനിക്കറിയാം.

ഇന്ന് എല്ലാര്ക്കും നിന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ""മറന്നിട്ടില്ല"" എന്ന ഉത്തരം നല്‍കണേ എനിക്ക് കഴിയു. നമ്മുടെ നാലു(മൂന്ന്) കൊല്ലങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഈ കത്ത് എനിക്ക് എങ്ങോട്ടും പോസ്റ്റ്‌ ചെയ്യാന്‍ കഴിയില്ല. ഇതിനെ ഞാന്‍ കത്തിക്കും എന്തെന്നാല്‍ ഐവര്‍മഠത്തിന്‍റെ ഏതോ ഒരു കോണില്‍ പണ്ട് പൊന്തിയ പുകപടലത്തെ തേടി ഈ കടലാസിന്റെ പുകയും വരുമെന്ന ഉറപ്പു എനിക്കുണ്ട്

സ്നേഹത്തോടെ

Sunday, May 1, 2011

കോടീശ്വരന്‍

പകല്‍ നക്ഷത്രങ്ങള്‍, അതില്‍ ഒരു തെറ്റില്ലെ?, പകല്‍ ഒരു നക്ഷത്രം അല്ലെ ഉള്ളു, കോടാനുകോടി ജീവജാലങ്ങളെ തന്‍റെ വെളിച്ചം കൊണ്ട് തീറ്റിപോറ്റുന്ന സൂര്യന്‍.

സൂര്യന് പോലും രാത്രിയെ പേടിയാണ്, അനേകം വരുന്ന കുഞ്ഞു നക്ഷത്രങ്ങളെ കൂട്ട് പിടിച്ചു ചന്ദ്രന്‍റെ മറവില്‍ ഒളിഞ്ഞിരിക്കും രാത്രി ആയാല്‍.
മഴപെയ്തതിനാല്‍ റോഡില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കാണാം ചന്ദ്രക്കല പോലെ ഒരു നേരിയ ഒരു വര. എന്നാലും നിലാവിന്‍റെ വെളിച്ചം റോഡിലുടെ നടക്കാന്‍ സഹായിച്ചു. വഴിയോരത്തെ വിളക്കുകള്‍ ആരോ എറിഞ്ഞുടച്ചിരിക്കുന്നു, സാമുഹ്യവിരുദ്ധര്‍!!!!!.
വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്കുള്ള കുറച്ചു ദൂരം ഇങ്ങനെ ആണ്, ബസ്‌ സ്ടാണ്ടിലേക്ക് പോകുന്ന മെയിന്‍ റോഡിലേക്ക് എത്താന്‍ ഇനി കുറച്ചു ദൂരം കൂടി ഉണ്ട്. മെയിന്‍ റോഡില്‍ കയറിയാല്‍ പിന്നെ തെരുവ് വിളക്കുകള്‍ വെളിച്ചം കാണിക്കാന്‍ മത്സരിക്കും. കണ്ണില്‍ കുത്തി കയറുന്ന അസഹനീയമായ വെളിച്ചമാണതിനു.
ബെഞ്ചിലെ തണുപ്പും ചീവിടിന്റെ ശബ്ദവും. കുളിര്‍മയുള്ള ഉറക്കം, കൊതുക് കടിക്കുന്നത് അറിയുകയേ ഇല്ല,
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
എന്തിനാണ് ഞാന്‍ ആ നഗരത്തില്‍ വന്നത് എന്നെനിക്കൊര്‍മയില്ല. രാത്രി വളരെ വൈകി ആണ് ഞാന്‍ ഇറങ്ങിയത്. ലേശം ഭയം ഉള്ളില്‍ നിറഞ്ഞു കാരണം ബസ്‌ പോയി കഴിഞ്ഞു അവിടെങ്ങും ആരെയും കണ്ടില്ല. ഇത്ര വലിയ നഗരത്തിലെ ബസ്‌ സ്റ്റോപ്പില്‍ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലെന്നോ?, ഏതായാലും പുറത്തു കടക്കാം ലോഡ്ജു വല്ലതും കിട്ടിയാല്‍ ആയി
   എടാ
ഒന്ന് നടുങ്ങി ആരാണ് വിളിച്ചത് ?
   എടാ ജോര്‍ജേ
ഒരാശ്വാസം തോന്നി, എന്നെ അറിയുന്ന ആരോ ആണ്. പക്ഷെ ഈ രാത്രിയില്‍ ഇവിടെ ആര്?
എടാ ജോര്‍ജേ ഇത് ഞാന്‍ ആണെടാ രവീന്ദ്രന്‍, നീ എന്താ രാത്രിയില്‍ ഇവിടെ?”
ഒരു കമ്പിളിയില്‍ പുതച്ച ദേഹം എണീറ്റ്‌ നിന്ന് വര്‍ത്തമാനം പറയുന്നതാണ് കണ്ടത്, പതിയെ പുതപ്പ് മാറി നടന്നടുത്തു.
അതെ അവന്‍ തന്നെ, രവീന്ദ്രന്‍, കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഈശ്വരാ കോടീശ്വരന്റെ മകന്‍ ആയ ഇവന്‍ ഈ അവസ്ഥയില്‍ ആയോ?
   “നീയെന്താ ഇവിടെ എന്ന് ഞാനല്ലേ ചോദിക്കണ്ടത്എന്ന് ചോദിയ്ക്കാന്‍ തോന്നിയതാ പക്ഷെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു
   എടാ നീയെന്താ പന്തം കണ്ട പെരിചാഴിയെ പോലെ നില്‍ക്കുനത്? ഇത് ഞാനാണെടാ നിന്റെ രവി
   ഞാന്‍ അകെ പേടിച്ചു പോയി
   എന്തിനു!!!!!
   അല്ലാതെ പിന്നെ? ഈ നട്ട പാതിരാക്ക് വിജനമായ ഈ സ്ഥലത്ത് പുതപ്പ് പുതച്ചു ഒരു ഭീകര രൂപത്തെ പോലെ നിന്നിട്ട് വിളിച്ചാ പേടിക്കില്ലേ?”
   ഹഹഹഹ ഏതായാലും എത്ര നാളായി കണ്ടിട്ട് നീയെന്താ ഇപ്പൊ ഇവിടെ?”, നമുക്ക് വീട്ടിലേക്കു പോകാം
   വീട്ടിലേക്കോ?”
  അതെ ഇവിടെ അടുത്താണ്, ഇനി അവിടെ ചെന്നിട്ട് സംസാരിക്കാം

കോളിംഗ്ബെല്‍ മുഴക്കിയപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്, ഐശ്വര്യം നിറഞ്ഞ മുഖം. അവന്റെ ഭാര്യ ആയിരിക്കില്ലേ ?, അണെങ്കില്‍ അവന്‍ ഭാഗ്യവാന്‍ തന്നെ
നിങ്ങള്‍ എന്താ നേരത്തെ?” അവര്‍ ചോദിച്ചു
ഒരു അപ്രിയം ആണോ സന്തോഷം ആണോ ആ ചോദ്യത്തില്‍ ഉള്ളത് എന്ന് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു
   ഇതാണ് ജോര്‍ജ്, എന്‍റെ സുഹൃത്ത്‌, ഞാന്‍ പറയാറില്ലേ?”
   ആഹ്, വരൂ
അവരുടെ ഉപചാരം എനിക്ക് നന്നേ ബോധിച്ചു, നല്ല സ്ത്രീ.
ഭക്ഷണം കഴിക്കാന്‍ ഉള്ളത് തന്നു അവര്‍, ഒട്ടേറെ ക്ഷമാപണത്തോടു കൂടി. ഞാന്‍ ചുറ്റും ഒന്ന് നോക്കി, കൊട്ടാരം പോലെ ഉള്ള ഒരു വീട്. എങ്കിലും എവിടെയോ ഒരു ഭയം ഉള്ളില്‍ തങ്ങി നിന്നു. ഒരു അരക്ഷിതാവസ്ഥ.
നായ്ക്കള്‍ ഓരിയിടുന്ന ശബ്ദം, രാത്രിയുടെ ഭീതി ഇതില്‍ നിന്നാണ് തുടങ്ങുന്നത്.
ചീവീടിന്റെ ശബ്ദം, നായ്ക്കളുടെ ഓരിയിടല്‍, ഒടുങ്ങാത്ത നിശബ്ദത ഇതിനെ എല്ലാം എനിക്ക് പേടിയാണ്. എ. സീ(A/C) യുടെ കംപ്രേസ്സര്‍ വല്ലാതെ ശബ്ദിക്കുന്നു. റൂമില്‍ എന്നാലും ഒരു നിശബ്ദത തളം കെട്ടി കിടന്നു. ബസ്‌ സ്ടാണ്ടില്‍ ആ വിളി കേട്ടപ്പോള്‍ ഉണ്ടായ ഭീതി ഇപ്പോളും വിട്ടു മാറാത്ത പോലെ. ദേഹമാകെ ഒരു വിറയല്‍.
ഒരു വലിയ മുറിയില്‍ വിരിച്ചു തന്നു അവര്‍
വീതിയുള്ള കട്ടില്‍, പട്ടു മെത്ത, A/Cയില്‍ നിന്നും ചൂടുള്ള കാറ്റാണ് വരുന്നത് എന്ന് തോന്നുന്നു, ദേഹമാകെ വിയര്‍ക്കുന്നു. തലയിണയും വിരിയും എവിടെ ?
രാവിലെ ഒരു കപ്പു കാപ്പി ചൂടോടെ അവര്‍ കൊണ്ട് വന്നു വച്ചു.
   എന്താ നിലത്ത് കിടന്നത്?”
ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഞാന്‍
   പേര് ഞാന്‍ ചോദിച്ചില്ല ?”
   രേവതിഒന്ന് ചിരിച്ചു കൊണ്ട് അവര്‍ കടന്നു പോയി
താഴേക്കു ചെന്നപ്പോള്‍ കൊട്ടും സ്യൂട്ടും ഇട്ടു അവന്‍ നില്‍ക്കുന്നു, ചായ കുടിക്കുകയാണ്
   നിനക്കെങ്ങോട്ടാ പോകേണ്ടത്?”
   ഞാന്‍ പോയ്കൊള്ളാം, കുറച്ചു ദൂരമുണ്ട്
   അത് വേണ്ട, കാര്‍ ഉണ്ട് അതില്‍ കൊണ്ട് വിടും രാജേഷ്‌
എതിര്‍ത്തില്ല ഞാന്‍
അവന്‍ പോയി, ഞാനും പോവാന്‍ ഇറങ്ങി
   ഉച്ചക്ക് ഇവിടെ വന്നു ചോറ് ഉണ്ടിട്ട് പോയാല്‍ മതിഅവര്‍ പറഞ്ഞു
ഒന്ന് ചിരിച്ചു കൊണ്ട് കാറിന്റെ വാതില്‍ തുറന്നു കയറി ഇരുന്നു
A/Cയുടെ മൂളിച്ച, വിയര്‍പ്പ്.!!!!!!
ഏറെ ദൂരം അതില്‍ ഇരിക്കാതെ ഞാനിറങ്ങി നടന്നു പോയി.
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
ഇന്ന് നേരിയ വര പോലും കാണാനില്ല. കൂരിരിട്ടു തന്നെ . കാര്‍മേഘങ്ങള്‍ മൂടിയത് കൊണ്ട് നക്ഷത്രങ്ങളും കാണുന്നില്ല. തവളകളും കൂടിയിരിക്കുന്നു ചീവിടിന്റെ കൂടെ ശബ്ധമുണ്ടാക്കാന്‍
ഏറെ ദൂരം നടക്കാനാണ് തോന്നിയത്. സ്ടാണ്ടിന്റെ ഉള്ളിലേക്ക് കയറാതെ വേറൊരു ഇടവഴിയിലുടെ നടന്നു. കൂരിരിട്ടു ലൂടെ വഴി കാണാതെ ഉള്ള നടത്തം അതീവ രസകരമാണ്

Thursday, April 28, 2011

HAPPY FRIENDSHIP DAY(ഒരു പ്രണയ കഥ)

ബസ്‌ സ്ട്ടാണ്ടിലേക്ക് ഒരു ചെറിയ കയറ്റം കയറണം, ഒരു സര്‍ബത് കുടിച്ചു ഞാനെന്റെ ഹോസ്റ്റലിലേക്ക് പോകാന്‍ വേണ്ടി ബസ്‌ സ്റ്റൊപിലേക്ക് നടക്കുമ്പോള്‍ തന്നെ ഞാന്‍ കണ്ടു അവള്‍ അവിടെ നില്‍ക്കുന്നത്. അവളെന്നെ കണ്ടില്ല പക്ഷെ അവള്‍ കാണാതെ എന്തായാലും ബസ്‌ കയറാന്‍ പറ്റില്ല അല്ലെങ്കില്‍ പിന്നെ ഇവിടെ എങ്ങാനും നിന്നിട്ട് അവള്‍ പോയതിനു ശേഷം പോകണം
എന്തിനാ അങ്ങനെ ഒളിച്ചോടുന്നത് ? ആര്‍ക്കു വേണ്ടി?
ഒരു മെസ്സേജ് വന്നു ഫോണില്‍,  വായിച്ചു നോക്കിയില്ല. പതുക്കെ കയറ്റം കയറി ഞാന്‍ ബസ്‌ സ്റൊപ്പിലേക്ക് നടന്നു. റോഡ്‌ ക്രോസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു. ഒരു ചെറു ചിരിയോടു കൂടി അവള്‍ എന്നെ വരവേറ്റു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ അവള്‍ പറഞ്ഞു കഴിഞ്ഞു “HAPPY FRIENDSHIP DAY”. ഞാന്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല. എന്തായാലും “HAPPY FRIENDSHIP DAY” എന്നല്ല.
അവള്‍ അധികം ഒന്നും സംസാരിച്ചില്ല, എങ്കിലും എന്തൊക്കെയോ പറഞ്ഞു. ഞാനും അധികം സംസാരിച്ചില്ല.
വിയര്‍ക്കുന്നു എനിക്ക്, ക്ഷീണവും ഉണ്ട്
“പനി ആണ് രണ്ടു ദിവസം ആയിട്ട്” . കള്ളം പറയാന്‍ യാതൊരു മടിയും എനിക്ക് തോന്നിയില്ല
എന്‍റെ ബസ്‌ എത്രയും പെട്ടെന്ന് വരാന്‍ ആണ് ഞാന്‍ കൊതിച്ചത്.
ഒരു K.S.R.T.C തന്നെ വന്നു
“ബൈ”
ചിരിചു കൊണ്ട് അവള്‍ കൈ അനക്കി, ഞാന്‍ ബാഗും ഏന്തി ബസ്സില്‍ കയറി. സീറ്റുണ്ടായിരുന്നില്ല.
ബസ്സ്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാണാതെ ഞാനവളെ നോക്കി, ഞാന്‍ അവളില്‍ നിന്നും ദൂരേക്ക്‌ ""വീണ്ടും"" പോയി തുടങ്ങി. ഒരു ഓര്‍മയിലേക്ക് ഞാന്‍ വഴുതി വീണു.
ഒരു മെസ്സേജ് വന്ന ശബ്ദം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. ഞാനെടുത്തു വായിച്ചു, രണ്ടും ഒന്ന് തന്നെ
“HAPPY FRIENDSHIP DAY”

Monday, April 4, 2011

കണ്സല്‍ട്ടിംഗ് ഫീ

ചൂടെറിയ കാറ്റ് വീശുന്നു, അടുത്ത രോഗിക്കായുള്ള ശബ്ദം അടിച്ചു ഞാന്‍. ഒരു സ്ത്രീ ആയിരുന്നു, ഒക്കത്തൊരു കുഞ്ഞും . വിയര്‍ത്തു മുഷിഞ്ഞ വസ്ത്രം.

 ഞാന്‍ ചിന്തിച്ചു; വിയര്‍പ്പിന്റെ ഗന്ധത്തിന് എന്താണ് വികാരം? ദൈന്യമായ നോട്ടങ്ങളില്‍ അലിഞ്ഞില്ലതാവുന്നതായാണ് എനിക്ക് തോന്നിയത്. 100ഓ അതില്‍ അധികം മൂല്യം ഉള്ള എന്തും ഞാന്‍ സ്വീകരിക്കുമായിരുന്നു. അന്ന് ഞാന്‍ അത് മേടിച്ചപ്പോള്‍ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. മുഖത്ത്‌ നോക്കാന്‍ ഞാന്‍ മറന്നു പോയി, നോക്കേണ്ടതായിരുന്നു.
ധര്‍മ പത്നിക്കു തിരക്കാണെപ്പോഴും. കീറിമുറിക്കലിന്‍റെ ആശാത്തി ആണവള്‍, ഭയങ്കരം തന്നെ അവളുടെ കഴിവ്.
ഭക്ഷണം കഴിക്കാന്‍ ഇരുന്നു, ഇന്ന് ഒരു കറുത്ത കൈ ആണ് വിളമ്പിയത്. ഇന്നലെയാണോ അതോ മിനിയാന്നാണോ എന്നറിയില്ല അതൊരു വെളുത്ത കൈ ആയിരുന്നു.
വണ്ടി നിറുത്തുന്ന ശബ്ദം കേട്ടു, ശീതികരിച്ച മുറിയില്‍ നിന്ന് ശീതികരിച്ച കാറിലേക്കും അവിടുന്ന് ശീതികരിച്ച മുറിയിലേക്കും, ഹോ!! ഉഷണിക്കുന്നുഎനിക്ക്, വയ്യാതായി.
വളകള്‍ കിലുങ്ങുന്ന ശബ്ദം, ഹഹഹഹഹ!!!!!!!!! എവിടെ നിന്ന്???? വളകള്‍ എവിടുന്നു കിലുങ്ങുന്നു എന്നാണ് സുഹൃത്തേ പറയുന്നത്?, അത് പണ്ടായിരുന്നു. സ്റ്റെതസ്കോപ്പിന്‍റെ അറ്റം ചെവിയില്‍ നിന്ന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പോലും ഇല്ല ഇപ്പോള്‍, കത്രികകളും കത്തികളും ആണ് ചുറ്റും, .
ഏവര്‍ക്കും ദയനീയ മുഖഭാവം. ആര്‍ക്കും സന്തോഷം ഇല്ല, രോഗികള്‍ എങ്ങനെ സന്തോഷിക്കും അല്ലെ?
ക്ഷീണത്തിന്റെ ഒരു നെടു നിശ്വാസം കേള്‍ക്കാനുണ്ട്
നിങ്ങള്‍ ഉറങ്ങിയില്ലേ?”
ഞാന്‍ തിരിഞ്ഞു കിടന്നു , ആര് ശ്രദ്ധിക്കാന്‍ ?,
ശീതീകരണം തുടങ്ങി . ഹോ !!!!! ഉഷ്ണിക്കുന്നുപരിഹാസം തന്നെ അതിനും
പണ്ട് തണുപ്പിനെയും ഭാര്യയെയും എനിക്ക് ഇഷ്ടമായിരുന്നു, ഉറങ്ങാതെ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ തിരിഞ്ഞു കിടക്കാറുമില്ല
രണ്ടു പേര്‍ പഠിക്കുകയാണ്, കീറാനും മുറിക്കാനും തന്നെ. പോലീസുകാരന്റെ മകള്‍ പോലീസുകാരന്‍ തന്നെ ആവണമല്ലോ??
കള്ളനായാലും അത് തന്നെ ആഗ്രഹിക്കും
പ്രിയതമേ , ഞാന്‍ നന്നാവുന്നു , ഞാന്‍ എന്നെ സൌജന്യമായി കൊടുക്കാന്‍ പോകുന്നു എന്ന് പറയണം എന്ന് തോന്നി, അവളതു കേട്ട ഭാവം നടിക്കില്ല എന്നെനിക്കറിയാം.
പരിഹാസം തന്നെ അതിനും
വീടിന്റെ മുററത്തു ഒരു ബോര്‍ഡ്‌ വക്കണം അല്ലെങ്കില്‍ വേണ്ട അത് മോശമാണ്. പറഞ്ഞറിയട്ടെ എല്ലാരും.


സ്ഥിരമായി തിരക്ക്. ഇന്ന്, നാളെ, മറ്റന്നാള്‍, ഞാന്‍ ക്ഷീണിച്ചിരിക്കുന്നു.
വേണ്ട ചേച്ചി, കൈയില്‍ വച്ചോള്ളൂ
വിശ്വാസം വന്നിട്ടില്ല പലര്‍ക്കും ഇപോളും, എല്ലാരുടേം മുഖത്ത് ഞാന്‍ നോക്കി. ചിരി ആണ് എല്ലാര്‍ക്കും
നാലും മൂന്നും ഏഴ്, ഇന്ന് വേഗം തീര്‍ന്നു , ഇന്നല്പം വിശ്രമിക്കാം, സന്തോഷത്തിനു പകരം എന്താണ് തോനിയത് എന്ന് എനിക്കറിയില്ല, സന്തോഷമല്ല അതുറപ്പ്. ഏഴു പേരും ചിരിച്ചു കൊണ്ടാണ് ഇറങ്ങിപോയത് എന്നിട്ടും മനസ്സ് പിടയുന്നു
വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍, ഒരാള്‍ വന്നിട്ടുണ്ട്, സന്തോഷം തോന്നി. ഞാന്‍ ബെല്‍ അടിച്ചു, കടന്നു വരാന്‍ പറഞ്ഞു
വീണ്ടും അതെ സ്ത്രീ, കുഞ്ഞിന്നെ കൊണ്ട് വന്നിട്ടില്ല
വേണ്ട ചേച്ചി, കാശ് കൈയില്‍ വച്ചോള് ഈ മരുന്ന് കഴിച്ചാ മതി
അവരും ചിരിച്ചു കൊണ്ടിറങ്ങിപോയി. ഹൃദയം ഭേദിച്ചു കൊണ്ടാണ് ആ ചിരി കടന്നു പോയത്.
മതിലിന്റെ അടുത്ത് ചെന്ന് നിന്നു, തന്റെ പേരും qualificationഉം വെളുത്ത പ്രതലത്തില്‍ കറുത്ത അക്ഷരം കൊണ്ട് വൃത്തിയായി എഴുതിയിരിക്കുന്നു. ഞാനും ചിരിച്ചു സന്തോഷത്തോടു കൂടി തന്നെ