ഒരു ഹിമാലയൻ യാത്ര ചെയ്തു. ഹിമാലയയുടെ ഒരു ഭാഗത്തേയ്ക്ക് യാത്ര ചെയ്തു എന്ന് വേണം പറയാൻ. ലോകത്തെ ഏറ്റവും ഉയര്ന്നതും നീളം കൂടിയതും ആയ ഹിമാലയൻ മലനിരകൾ അങ്ങനെ മുഴുവൻ കണ്ടു എന്ന് പറയുന്നത് ശരിയല്ല. ഇനിയും മനുഷ്യന്മാർ കണ്ടിട്ടില്ലാത്ത മലനിരകൾ ഹിമാലയയിൽ ഉണ്ട് എന്ന് വേണം കരുതാൻ. ബാംഗ്ലൂർ, ചെന്നൈ, ഭുവനേശ്വർ, ഹൈദ്രാബാദ് എന്നിവിടങ്ങളില നിന്നുമുള്ള ആറു സുഹൃത്തുക്കൾ ആയിരുന്നു കൂട്ടം.
ജമ്മു കാശ്മീർ സംസ്ഥാനം മലനിരകൾക്കിടയിൽ അമർന്നു കിടക്കുന്ന ഒരു കൂട്ടം സ്ഥലങ്ങൾ ആണ്. ഉയരങ്ങളിലേയ്ക്ക് നിരന്നു കിടക്കുന്ന മലകൾക്കിടയിൽ താഴ്വാരങ്ങളിൽ മനുഷ്യര് പാര്ത്തു പോരുന്നു. ഒരു പ്രധാന സ്ഥലത്ത് നിന്ന് മറ്റൊരു പ്രധാന സ്ഥലത്തേയ്ക്ക് ഒരു മല കയറി ഇറങ്ങണം നമ്മൾ. ലഡാക്ക് 3500m ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ പ്രദേശമാണ്. അതിൽ ലെഹ്, കാർഗിൽ എന്നീ രണ്ടു ജില്ലകൾ ഉൾപ്പെടുന്നു. ലെഹ് ആണ് പ്രധാന നഗരം.
ലെഹിലെയ്ക്ക് എത്തി ചേരാൻ ഫ്ലൈറ്റ് അടക്കം പല മാർഗങ്ങൾ ഉണ്ട്. റോഡ് മാര്ഗം വർഷത്തിൽ മൂന്നോ-നാലോ മാസം മാത്രമേ ഗതാഗത യോഗ്യമായുള്ളൂ. രണ്ടു തരത്തിൽ റോഡ്മാര്ഗം ലഡാക്കിൽ എത്തിച്ചേരാം. ഒന്ന് ശ്രീനഗർ - സോസില്ല പാസ് - ദ്രാസ് - കാർഗിൽ - ലെഹ്. രണ്ടു മനാലി- രൊഹ്താങ്ക് - ലെ. പക്ഷെ ഞാൻ പറയാം. നിങ്ങൾ കഴിയുമെങ്കിൽ റോഡ് മാര്ഗം തന്നെ പോകണം. ഒരു ഭാഗത്തേയ്ക്ക് എങ്കിലും. പക്ഷെ ശ്രീനഗർ മാര്ഗം പോയി മനാലി മാര്ഗം തിരിച്ചു വരുമ്പോഴാണ് നിങ്ങള്ക്ക് ഹിമാലയാൻ യാത്രയുടെ ഭംഗി മുഴുവൻ ആസ്വദിക്കാൻ പറ്റുക. ചന്ദീഗരിൽ നിന്നും ജമ്മു വരെ ട്രെയിനിൽ പോയി അവിടെ നിന്ന് കാറിലോ ബൈക്കിലോ യാത്ര ചെയ്യാം. ഞങ്ങൾ ചന്ദീഗർ വരെ വിമാനത്തിലും അവിടെ നിന്നും കാറിലും ആണ് യാത്ര ചെയ്തത്. ശ്രീനഗർ വഴി. നാല് ദിവസം ആണ് ഞങ്ങൾ ചന്ദീഗരിൽ നിന്നും ലെഹ് എത്താൻ എടുത്തത്. ഇതിനിടയിൽ ശ്രീനഗർ, കാർഗിൽ എന്നിവിടങ്ങളിൽ ഞങ്ങൾ രാത്രി കഴിച്ചു കൂട്ടി. വഴിക്കാഴ്ച്ചകളെല്ലാം കണ്ടു കൊണ്ട് സാവധാനത്തിലുള്ള യാത്ര.
ഉച്ചയ്ക്ക് രണ്ടു മണിയോടെ ചന്ദീഗരിൽ എത്തി ചേര്ന്ന ഞങ്ങൾ അവിടെ നിന്നും ഞങ്ങളെ ജോയിൻ ചെയ്യാം എന്ന് പറഞ്ഞ രണ്ടു സുഹൃത്തുക്കളെയും എടുത്തു ഭക്ഷണം കഴിച്ച ശേഷം കാർ യാത്ര തുടങ്ങി. ഇന്ത്യയിലെ പ്ലാൻഡ് സിറ്റി ആയ ചന്ദീഗരിലെ കറക്കം ഞങ്ങൾ തിരിച്ചു വര്രുമ്പോൾ ആക്കാം എന്ന് കരുതി. യാത്ര തുടങ്ങി അധികം വൈകാതെ ഞങ്ങൾ പഞ്ചാബിലെയ്ക്ക് പ്രവേശിച്ചു. രണ്ടു വശവും ഗോതമ്പ് പാടങ്ങളും ഇടയ്ക്കിടെ ചെറിയ ഗുരുധ്വാരകളും കടന്നു ഞങ്ങൾ സുന്ദരമായ റോഡിലൂടെ അതിവേഗം ജമ്മു ലക്ഷ്യമാക്കി സഞ്ചരിച്ചു. രാവിലെയോട് കൂടി ശ്രീനഗർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. റോഡിന്റെ ക്വാളിറ്റി കണ്ടപ്പോൾ ആ ലക്‌ഷ്യം നടക്കും എന്ന് തോന്നുകയും ചെയ്തു. ലുധിയാന, ജലന്ധർ, പതങ്കൊട്ട് എന്നിവ കടന് ഞങ്ങൾ ലഖന്പൂർ ബോര്ടരിൽ എത്തുമ്പോൾ ഏതാണ്ട് രാത്രി പത്തു മണി ആയിരുന്നു.
ഒരു 350KM ഇനിയും ശ്രീനഗറിലെയ്ക്ക് ഉണ്ട്. പക്ഷെ പിന്നീടങ്ങോട്ട് നമ്മുടെ കണക്കു കൂട്ടലുകൾ എല്ലാം പാളുക ആയിരുന്നു. ഹിമാലയൻ മലനിരകളെ നമ്മൾ വില കുറച്ചു കണ്ടതിന്റെ പ്രത്യാഗാതം ബോർഡറിനപ്പുറം ജമ്മു-കാശ്മീർ തുടങ്ങുന്നു. നേരത്തെ ഞാൻ പറഞ്ഞല്ലോ ജമ്മു-കാശ്മീർ സംസ്ഥാനം മലനിരകളുടെ കൂട്ടമാണ്. ശ്രീനഗറിൽ എത്താൻ ഞങ്ങൾ രണ്ടു മലനിരകൾ മാറികടന്നു യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ഇതൊന്നുമറിയാതെ ഞങ്ങൾ യാത്ര ആരംഭിച്ചു. ആദ്യം അസാധ്യ ഹൈവെ ആയിരുന്നു ഉധംപൂർ വരെ. ഉധംപൂർ ഒരു വാലി ആണ്. അവിടെ നിന്നും ഒരു മല ആരംഭിക്കുന്നു. കയറി മുകളിൽ ചെന്നാൽ പട്ട്നിടോപ്. പട്നിടോപ് എത്തുമ്പോൾ രാവിലെ ഏഴു മണി ആണ് സമയം. നമ്മൾ ശ്രീനഗർ എത്താൻ പ്ലാൻ ചെയ്ത സമയം. ഇനിയും ഏതാണ്ട് ആറ്-ഏഴു മണിക്കൂർ യാത്ര ബാക്കി കിടക്കുന്നു. ഞങ്ങൾ ഒരു ചെറിയ റൂം എടുത്തു കുറച്ചു വിശ്രമിച്ചു, ഭക്ഷണം കഴിച്ചു. ഉച്ച മൂന്നു മണിയോടെ യാത്ര തുടര്ന്നു. ബട്ടൊട്ട, രംബൻ, അനന്ത്നാഗ് എന്നിവ കടന്നു ഞങ്ങൾ രാത്രി ഒമ്പത് മണിയോടെ ശ്രീനഗർ എത്തി. അവിടെ തങ്ങി.
ശ്രീനഗർ
-----------
ജമ്മു കശ്മീരിന്റെ തലസ്ഥാന നഗരം. ദാൽ തടാകം പരന്നങ്ങനെ കിടക്കുന്നു ശ്രീനഗറിന് നടുവിൽ. എണ്ണമറ്റ ശിഖര തോണികൾ, ഹൌസ് ബോട്ടുകൾ തടാകത്തിന്റെ എല്ലാ കരകളിലും കാണാം. ദാൽ തടാകം ആണ് ശ്രീനഗറിലെ ജനതയുടെ ജീവിത മാർഗം എന്ന് തോന്നുന്നു. ശ്രീനഗർ ആസ്വദിക്കാൻ വരുന്നവരെ ദാൽ തടാകം മുഴുവൻ തങ്ങളുടെ ശിഖര തോണികളിൽ കൊണ്ട് നടന്നു കാണിച്ചും ദാൽ തടാകത്തിനു നടുവിൽ ഹൌസ് ബോട്ടിൽ താമസ സൗകര്യം ഉണ്ടാക്കിയും ഒരുപാട് ആളുകള് ജീവിച്ചു പോകുന്നുണ്ട് അവിടെ. പക്ഷെ വൈകി എത്തിയത് കൊണ്ട് ശ്രീനഗർ ചുറ്റി നടന്നു കാണാൻ ഒന്നും സമയം ഞങ്ങൾക്ക് കിട്ടിയില്ല. ദാൽ ലേക്കിൽ ഒരു മുറി എടുത്തു ഞങ്ങൾ തങ്ങി.
|
ദാൽ തടാകം |
രാവിലെ മനോഹരം ആയിരുന്നു. ചെറിയ മഞ്ഞു വായുവിൽ തങ്ങി നിന്നു. സഹിക്കാവുന്ന തണുപ്പ്, ദാൽ തടാകം മഞ്ഞു മൂടിയ പ്രഭാതത്തിൽ കുളിര്ത്തു അങ്ങനെ നിൽക്കുന്നുണ്ട്. രാവിലെ തന്നെ ശ്രീനഗർ ഉഷാറായി തിരക്ക് തുടങ്ങിയിരുന്നു. അന്ന് ഗുല്മാര്ഗ് ആയിരുന്നു ലക്‌ഷ്യം. അറുപതു കിലോമീറ്റർ അപ്പുറം ഗുൽമാർഗ്, മഞ്ഞു പാളികളിൽ കളിക്കാൻ ഗുൽമാർഗ് ആണ് സ്ഥലം. കൊല്ലം മുഴുവൻ അവിടം മഞ്ഞു മൂടി ഇരിക്കും. മലയുടെ താഴ്വാരം വരെ കാർ പോകും അവിടെ നിന്നു റോപ് വെ ഉണ്ട്. ഞങ്ങൾക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ലായിരുന്നു. അവിടെ എത്തിയപ്പോൾ വേറെ ഒരു മാർഗം കിട്ടി. കുതിരകൾ. ഓരോരുത്തര്ക്കും ഓരോ കുതിരകൾ. കുതിരകൾ ഞങ്ങളെ വാഴിച്ചു കുത്തനെ ഉള്ള കയറ്റങ്ങൾ കയറി മഞ്ഞു മലകളിൽ എത്തിച്ചു. സാന്റാ ക്ലോസിനെ പോലെ മഞ്ഞു മൂടി നില്ക്കുന്ന മഞ്ഞു മലകൾ. ആദ്യമായി മഞ്ഞു കാണുന്നതിന്റെ ഒരു കൌതുകം ഞങ്ങളിൽ എല്ലാവര്ക്കും ഉണ്ടായിരുന്നു.
|
ഗുല്മാർഗിലെയ്ക്കു |
ഗുല്മാർഗിൽ നിന്നു തിരിച്ചു ശ്രീനഗർ നഗരത്തിൽ ഒന്ന് കറങ്ങി റൂമിൽ വന്നു കിടന്നു. പരിചിതമല്ലാത്ത മഞ്ഞിന്റെ തണുപ്പും യാത്രയും എല്ലാവരെയും തളർത്തിയിരുന്നു. അടുത്ത ദിവസം ലെയിലേയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. ഒരു ദിവസം നമ്മുടെ പ്ലാനിംഗ് തെറ്റിയതിനാൽ രണ്ടു ദിവസം കൊണ്ട് ചെയ്യേണ്ട യാത്ര ഒരു ദിവസം കൊണ്ട് ചെയ്യണം എന്നായിരുന്നു ഉദ്ദേശം. രാവിലെ നേരത്തെ പുറപ്പെടാം എന്ന് തീരുമാനിച്ചു കിടന്നു. നമ്മൾ ആയതു കൊണ്ടും ശ്രീനഗറിലെ തണുപ്പ് കൊണ്ടും രാവിലെ എട്ടു മണിക്കാണ് പുറപ്പെടുന്നത്. അതുകൊണ്ട് മാത്രം തടസങ്ങൾ തീർന്നില്ല. നമ്മൾ പ്രതീക്ഷിക്കാത്ത അപകടങ്ങളും കൊണ്ട് ഹിമാലയം നമ്മെ കാത്തു നില്ക്കുക ആയിരുന്നു. സോസിലാ പാസ് ഇപ്പോഴും ഉരുകി ഒളിക്കാവുന്ന മഞ്ഞു പാളികളുമായി നമ്മെ കാത്തു കിടന്നു.
ഈ ഭാഗത്തിലെ ഫോട്ടോ കടപ്പാട്:
രാമാനന്ദൻ സൂര്യകാന്തി