ആദ്യ ഭാഗം
ഇവിടെ
വായനക്കാരുടെ ശ്രദ്ധയ്ക്ക്. ശ്രീനഗറില്‍ നിന്നും ലെയിലെയ്ക്ക് പോകുന്ന ഏഴംഗ സംഘത്തിന്‍റെ വണ്ടി മൂന്നു മണിക്കൂര്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു. ദാല്‍ തടാകത്തിന്‍റെ നടുക്ക് റൂം ഒക്കെ എടുത്തു രാത്രി പത്തു മണിക്ക് കിടന്നുറങ്ങിയാല്‍ രാവിലെ നാല് മണിയ്ക്ക് കുറെ എണീക്കും. എവിടെ???, പുറപ്പെടാന്‍ എട്ടു മണിയായി. ഭക്ഷണം വേണ്ടാന്നു വച്ചു യാത്ര തുടങ്ങി.
ശ്രീനഗര്‍-ലെഹ് ദേശീയപാത. ജമ്മു കാശ്മീരിലെ മിക്കവാറും എല്ലാ റോഡുകളും നോക്കി നടത്തുന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ എന്ന ആര്‍മി വിഭാഗം ആണ്. ഹിമയാങ്ക് എന്നും പേരുണ്ട്. ഈ ദേശീയ പാത എന്ന് പറയുമ്പോ ദേശീയ പ്രാധാന്യം ഉള്ള പാത എന്നാണര്‍ത്ഥം, അത്ര മാത്രമേ അര്‍ത്ഥമുള്ളൂ. അതായത് രമണാ, ഈ ലെഹ് എന്ന മലമ്പ്രദേശത്തെയ്ക്ക് റോഡ് മാര്‍ഗം രണ്ടു വഴിയെ ഉള്ളേ, അതിലൊന്നാണ് ഇത്. അതുകൊണ്ടാണ് ദേശീയ പ്രാധാന്യം. ഈ പ്രധാനപെട്ട വഴിയില്‍ കാര്‍ഗില്‍ ഭാഗം പിടിച്ചെടുക്കാന്‍ ആണല്ലോ പണ്ട് പാക്കിസ്ഥാന്‍ നോക്കിയത്. അങ്ങനെയാണല്ലോ കാര്‍ഗില്‍ യുദ്ധം ഉണ്ടാവുന്നത്. അത് പോട്ടെ, അപ്പൊ കുണ്ടും കുഴിയും ഒക്കെ ഉള്ള അത്ര വീതിയോന്നുമില്ലാത്ത ദേശീയ പാതയിലൂടെ അങ്ങനെ പോവുകയാണ് നമ്മള്‍. ഒരു ഭാഗത്ത് മലനിരകള്‍. മറു ഭാഗത്ത് സിന്ദ് നദി. (സിന്ധു നദി അല്ല, അത് "വെ" ഇത് "റേ") ജെലം നദിയുടെ കൈവഴിയായി ഒഴുകുന്ന ഒരു പുഴയാണ് സിന്ദ് നദി. ഇത് അമര്‍നാഥ് ക്ഷേത്രത്തിനു അടുത്തുള്ള മചോയി ഹിമാനിയില്‍ (ഗ്ലേസിയര്‍) നിന്ന് ഉത്ഭവിക്കുന്നു. കാശ്മീരിലെ ഗണ്ടെര്‍വാള്‍ ജില്ലയിലൂടെ ആണ് നമ്മള്‍ ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.
സംസ്കാരങ്ങള്‍ വളര്‍ന്നു വന്നത് നദീ തീരത്താണ് എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അതിന്‍റെ ചെറിയ ഒരു ബോധ്യപെടുത്തല്‍ നമുക്ക് ഈ യാത്രയില്‍ കാണാന്‍ സാധിക്കും. നോക്കെത്താ ദൂരത്തു മലകള്‍ ആണ്. ഉയരം കൂടുതല്‍ ആയതിനാല്‍ അവയില്‍ ഒന്നും വൃക്ഷങ്ങള്‍ ഇല്ല. എന്നാല്‍ നദീ തീരത്ത് പച്ചപ്പ് പടര്‍ന്നു കിടക്കും. ഇടയ്ക്കിടെ ചെറിയ ഗ്രാമങ്ങള്‍ പോലെ കുറെ ഏറെ വീടുകളും അതിനോട് അനുബന്ധിച്ച കൃഷിയും കാണാം. ഇടയ്ക്കിടെ ആര്‍മി ബേസുകള്‍ കാണാം. റോഡുകള്‍ നന്നാക്കുന്ന BRO ടാസ്ക് ഫോര്സുകള്‍ ആണ് അവര്‍.
 |
ബാല്‍ത്താല്‍ വച്ച് പരിചയപെട്ട ഒരു മനുഷ്യന്‍ |
നമ്മുടെ വാഹനം ഇതെല്ലാം കടന്നു പെട്ടെന്ന് തന്നെ സോന്മാര്‍ഗ് എത്തി. സോസില്ലാ ചുരം തുടങ്ങുന്നത് അവിടെ നിന്നാണ്. അവിടെ എത്തിയപ്പോഴാണ് യാത്രയുടെ ആദ്യ തടസ്സം ഉണ്ടായത്. ഒരു സ്ഥലത്ത് വച്ച് പോലീസുകാര്‍ ട്രാഫിക് തടയുന്നു. ലെയിലെയ്ക്ക് പോകുന്ന വണ്ടികള്‍ എല്ലാം ഒരു പാര്‍ക്കിംഗ് ഏരിയയില്‍ ഇട്ടോളാന്‍ പറഞ്ഞു. സോസിലയില്‍ മഞ്ഞിടിഞ്ഞു ഗതാഗതം തടസപെട്ടിരിക്കുന്നു. ആര്‍മി അത് നന്നാക്കി കഴിഞ്ഞേ വണ്ടികള്‍ വിടുന്നുള്ളൂ അത്രേ. തുടക്കത്തില്‍ തന്നെ മൂന്നു മണിക്കൂര്‍ വൈകി ഓടുന്ന വണ്ടി ട്രാക്കില്‍ പിടിചിട്ടിരിക്കുകയാണ്. ഒന്നും ചെയ്യാനില്ല എന്ന് മനസിലാക്കിയ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ലേശം എന്തൊക്കെയോ അകത്താക്കി. ഏറെ താമസിയാതെ ആര്മികളുടെ കോണ്‍വോയ്കള്‍ ഞങ്ങളുട മുന്നിലൂടെ പോകാന്‍ തുടങ്ങി. ഏതാണ്ട് മുന്നൂറ്റി അമ്പതോളം കോണ്‍വോയ് ഒഴുകി പോയി. മഞ്ഞുരുകിയ കഥ കള്ളം ആണെന്നും കോണ്‍വോയ്കള്‍ക്ക് സുഖമമായി പോകാന്‍ അവസരം ഒരുക്കാന്‍ ആണ് വണ്ടികള്‍ പിടിച്ചിട്ടത് എന്നും ഞങ്ങള്‍ക്ക് സംശയം തോന്നി. എന്തായാലും രണ്ടു രണ്ടര മണിക്കൂര്‍ അവിടെ കിടന്നു.
പിന്നീട് ഞങ്ങള്‍ സോസില്ല ചുരം കയറാന്‍ തുടങ്ങി. സോസില്ല ചുരം കയറി മുകളില്‍ എത്താന്‍ പതിനാറു കിലോമീറ്ററേ ഉള്ളൂ. ഒരു മണിക്കൂറില്‍ എത്താം എന്നാണു ഞങ്ങള്‍ കരുതിയത്. പക്ഷെ സോസില്ല ഭീകരി ആണവള്‍, കൊടും ഭീകരി. ഒരു വശത്ത് ഉരുകി ഒലിക്കുന്ന മഞ്ഞ്. മറു വശത്ത് അഗതാമായ ഗര്‍ത്തം. ശരിയ്ക്കു പേടിപെടുത്തുന്ന ഒരു ഡ്രൈവ് ആയിരുന്നു അത്. പോകെ പോകെ ഗര്‍ത്തത്തിന്റെ ഉയരം കൂടി വന്നു. സിന്ദ് നദി ഉറഞ്ഞു തുടങ്ങി. തണുപ്പ് കൂടി കൂടി വന്നു. ഏതാണ്ട് 'ബാല്‍ത്താല്‍' എത്തിയപ്പോ പൂജ്യം ഡിഗ്രീ സെല്‍ഷ്യസിലേയ്ക്ക് പരിസരം താണു. ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് കണ്ണില്‍ കുത്തുന്ന വെയിലാണ് എങ്കിലും ഇരു വശത്തുമുള്ള മഞ്ഞു കാരണം ഉറയുന്ന തണുപ്പാണ്. 'ബാല്‍ത്താല്‍' ഒരു പ്രധാനപെട്ട ആര്‍മി കേന്ദ്രം ആണ് കൂടാതെ അമര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് അവിടെ നിന്നാണ് തിരിയുന്നത്. അമര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് രണ്ടു മലയുടെ ഇടുക്കിലൂടെ താഴ്വാരത്തില്‍ ആണ് പോകേണ്ടത്. അധിക സമയവും മിലിറ്റന്സിന്റെ അടി കാരണം അമര്‍നാഥ് ക്ഷേത്രത്തില്‍ സങ്കര്‍ഷം ആണ്. മിക്കവാറും അടച്ചിടും.
 |
ബാല്‍ത്താല്‍ - അമര്‍നാഥ് ക്ഷേത്രത്തിലേയ്ക്കുള്ള കവാടം |
വണ്ടികള്‍ നിരങ്ങി ആണ് നീങ്ങുന്നത്, മുകളിലേയ്ക്ക് നോക്കിയാല്‍ അങ്ങുയരത്തില്‍ വരെ വണ്ടികള്‍ ബ്ലോക്ക് ആയി കിടക്കുന്നത് കാണാം. പുറത്തിറങ്ങി ഭംഗി ആസ്വദിക്കാം എന്ന് വച്ചാല്‍ പൂജ്യം ഡിഗ്രീ ആണ്. ഉറഞ്ഞു പോവും. എങ്കിലും ഞങ്ങള്‍ പുറത്തിറങ്ങി ആളുകളുമായി സംസാരിച്ചു. ചിത്രങ്ങള്‍ എടുത്തു. ബാല്താല്‍ തുടക്കം ആയിരുന്നു. അത് കഴിഞ്ഞു ഏറെ നേരം ഞങ്ങള്‍ ആ മഞ്ഞത്ത് കാത്തു കിടന്നു. ചുരത്തിലെ അപകടം നിറഞ്ഞ ഒരു പ്രിത്യേക ഭാഗത്ത് വണ്ടികള്‍ ഓരോന്നായി ഊഴം വച്ച് പോയ്ക്കൊണ്ടിരിക്കുക ആയിരുന്നു. ഞങ്ങടെ ഊഴം എത്താന്‍ ഏതാണ്ട് നാല് മണിക്കൂറില്‍ അധികം എടുത്തു. അതിനു ശേഷം ആണ് യഥാര്‍ത്ഥ സോസില്ല കാണുന്നത്. മുകളില്‍ എത്തിയതോട് കൂടി ഇരു വശത്തും മഞ്ഞായി. ഗ്ലേസിയര്‍ ഒരു വശത്ത്. ഉയരത്തില്‍ ഉള്ള മഞ്ഞുപാളികള്‍ക്കിടയില്‍ ആണ് യാത്ര. താപനില പൂജ്യത്തിലും താഴേയ്ക്ക്. ഇടയിലും ആര്‍മി കാമ്പുകള്‍ കണ്ടു. അവരൊക്കെ അവിടെ സ്ഥിരമായി എങ്ങനെ താമസിക്കുന്നു എന്തോ!!!!. രാത്രി ഏഴു മണി കഴിഞ്ഞിരുന്നു എങ്കിലും സൂര്യന്‍ അസ്തമിക്കാന്‍ അങ്ങനെ പ്ലാന്‍ ഒന്നും ഇട്ടിട്ടില്ല. രാത്രി എട്ടു മണി വരെ നല്ല വെളിച്ചം ആണ് അവിടങ്ങളില്‍.
 |
സോസ്സില്ലയിലെ ട്രാഫിക് |
രണ്ടു മണിക്കൂര്‍ കൂടി ഡ്രൈവ് ചെയ്തു ഒമ്പത് മണിയോട് കൂടി ഞങ്ങള്‍ ദ്രാസില്‍ എത്തിയതെ ഉള്ളൂ. ഇനിയും കിടക്കുന്നു ലെയിലെയ്ക്ക് 300 കി.മി. അന്ന് തന്നെ ലേയില്‍ എത്തുക എന്നത് അസാധ്യം ആണെന്ന് മനസിലായി. ഞങ്ങള്‍ക്കാണെങ്കില്‍ വിശന്നിട്ടു കണ്ണും കാണാന്‍ പാടില്ല. ദ്രാസില്‍ എത്തിയപ്പോ നല്ല മഴ, തണുപ്പ്. മൊത്തത്തില്‍ പരിചിതമല്ലാത്ത കാലാവസ്ഥ. തണുത്തു മരവിച്ചു ഒരു ഹോട്ടലില്‍ കയറി ചായ പറഞ്ഞു. ഭക്ഷണം എന്താണുള്ളത് എന്ന് ചോദിച്ചപ്പോ രണ്ടു പേര്‍ക്കുള്ളതെ ഉള്ളൂ എന്ന് പറഞ്ഞു. ഞങ്ങള്‍ ആകെ നിരാശരായി. ഞങ്ങളുടെ നിരാശയും വിശപ്പും മനസിലാക്കിയിട്ടാവണം ആ സ്ത്രീ അടുക്കളയില്‍ പോയി നോക്കി തിരികെ വന്നിട്ട് പറഞ്ഞു. കാത്തിരിക്കാം എങ്കില്‍ വച്ചുണ്ടാക്കി തരാം എന്ന്. പിന്നെന്താ, എത്ര വേണമെങ്കിലും കാത്തിരിക്കാം ഭക്ഷണം കിട്ടിയാല്‍ മതി എന്ന് ഞങ്ങള്‍. അധികം വൈകാതെ മോമോയും ചൌമീനും (ന്യൂടില്സ്) ഉണ്ടാക്കി തന്നു അവര്‍. ആവശ്യത്തിനു ചായയും. എല്ലാം കൂടി ചേര്‍ത്തു ഒരു തുക തന്നാ മതി എന്നാണു അവര്‍ പറഞ്ഞത്. വില ഒന്നും നിശ്ചയിച്ചിട്ടില്ലെന്ന്. ഞങ്ങള്‍ തന്നെ ഒരു വില നിശ്ചയിച്ചു അങ്ങ് കൊടുത്തു. പിന്നെയാണ് അടുത്ത പ്രശ്നം വരുന്നത്. താമസിക്കാന്‍ സ്ഥലമില്ല. സോസില്ല ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് അടയ്ക്കും, മൂന്ന് മണിക്ക് ശേഷം വന്ന കാറുകള്‍ എല്ലാം അടുത്ത ദിവസം രാവിലെ മൂന്നു മണിയ്ക്ക് തുറക്കുമ്പോ പോവാന്‍ വേണ്ടി ദ്രാസില്‍ കിടക്കുകയാണ്. അതുകൊണ്ട് അവിടെ ഉള്ള കുറച്ചു മുറികള്‍ എല്ലാം നിറഞ്ഞിരിക്കുന്നു. കാര്‍ഗിലിലേയ്ക്ക് പോവുക മാത്രമാണ് രക്ഷ. 60 കിലോമീറ്റര്‍ എങ്കിലുമുണ്ട്, പക്ഷെ നല്ല റോഡാണ് ഒരു മണിക്കൂര്‍ കൊണ്ടെത്താം എന്ന് പറഞ്ഞു അവിടെ നിന്ന് വന്ന ആളുകള്‍. അങ്ങനെ ഞങ്ങള്‍ വീണ്ടും ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്തു രാത്രി പതിനൊന്നു മണിയോടെ കാര്‍ഗില്‍ പിടിച്ചു. അവിടെ ഹോട്ടല്‍ സിയാചിനിലില്‍ കിടന്നു.
സാഹസികയാത്രാവിവരണം തുടരൂ.
ReplyDeleteവിവരണം മനോഹരമായിരിക്കുന്നു.
ReplyDeletemoonnam bhagam poratte ...
ReplyDeleteഇപ്പോൾ ആണു വായിച്ചത്.ബാക്കി എഴുതിയിട്ടുണ്ടോ?
ReplyDelete