Wednesday, November 16, 2011

ആവര്‍ത്തനം

   "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, രാത്രി ആയതോണ്ട് വഴിയില്‍ ഇറക്കി വിടുന്നില്ല, കയറിയപ്പോഴുള്ള പരുങ്ങല്‍ കണ്ടപ്പോഴെ എനിക്ക് തോന്നിയതാ"

            ഉറങ്ങാതിരുന്ന കുറച്ചു പേര്‍ മുന്നില്‍ നിന്ന് തിരിഞ്ഞു നോക്കി. ഞാന്‍ അപ്പോഴും എന്റെ ഷര്‍ട്ടിലും പാന്ടിലും കീശയില്‍ തപ്പുകയായിരുന്നു. എനിക്കുറപ്പാണ് അത് ആരെങ്കിലും എടുത്തതാണെന്ന്. ബസ്സില്‍ അകെ ഉള്ള 10-15 പേരെ സംശയിക്കാനും വയ്യ. 

           ഇറങ്ങി നിന്നപോള്‍ ഒരു വലിയ ശബ്ദത്തോടെ ആ വാതില്‍ അടഞ്ഞു, കണ്ണില്‍ തറക്കുന്ന സോഡിയം ലാമ്പിന്‍റെ വെളിച്ചത്തിന്‍റെ ഇടയിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഒരു വലിയ ശബ്ദത്തോട് കൂടി വാതിലടച്ച് കണ്ടക്റ്റര്‍ ഡ്രൈവറോഡു ബസ്സെടുക്കാന്‍ ആജ്ഞ നല്‍കി.

       ഒന്ന് കൂടി ഉറപ്പു വരുത്താന്‍ എന്റെ കൈയില്‍ ഉള്ള കവറില്‍ തപ്പി നോക്കി, കുറച്ചു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാത്രം. ഇക്കണ്ട കാലങ്ങള്‍ ഗുണിച്ചും ഹരിച്ചും പഠിച്ചത് പേപ്പറില്‍ എഴുതി സാക്ഷ്യപെടുത്തിയത്.

       ഒരുപാട് അവശ ദേഹങ്ങള്‍ അടുത്തടുത്തായി കിടക്കുന്നുണ്ട്, ചിലതില്‍ നിന്നും ചില മൂളലുകളും ഞരക്കങ്ങളും കേള്‍ക്കാം. പഴകി കീറിയ കമ്പിളി പുതപ്പിനുള്ളില്‍ മൂടിയ ശരീരങ്ങള്‍ സുഖമായുറങ്ങുന്നു. അവരെ കൊതുക് കടിക്കാറില്ല. അവരുടെ രക്തത്തിനു എച്ചിലിന്റെ രുചി ആയത് കൊണ്ടായിരിക്കും. ബസ്‌സ്റ്റാന്റിന്റെ മുന്നിലേക്ക്‌ ധാരാളം ആളുകളും കടകളും ഉണ്ട്, പക്ഷെ അവിടെ പോയില്ല. പിന്‍ഭാഗത്തെക്ക് വന്നപ്പോള്‍ ആണ് ഈ കാഴ്ചകള്‍. മുന്നിലേക്ക്‌ ചെന്നാല്‍ പല കടകളില്‍ നിരത്തി വച്ചിട്ടുള്ള കൂള്‍ ഡ്രിങ്ക്സും പലഹാരങ്ങളും ഉണ്ടാവും. വിശപ്പ്‌ അസഹനീയനമായിട്ടുണ്ട്. അതൊന്നും മേടിക്കാന്‍ തന്‍റെ കൈയില്‍ പണമില്ലല്ലോ?. 

            ഇവിടെ അധികം നേരം നില്‍ക്കുക സാധ്യമല്ല. ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം തന്നെ അസഹനീയം. ബാത്റൂമില്‍ നിന്നും വമിക്കുന്നതു വേറെ.

         വെളിച്ചത്തിലേക്ക് നീങ്ങി നില്‍ക്കാം എന്തായാലും എന്ന് തീരുമാനിച്ചു. വലിയ നഗരം ആയത് കൊണ്ട് ഒരുപാട് ബസ്സുകള്‍ വരുന്നുണ്ട്. എല്ലാത്തിലും ഭയങ്കര തിരക്ക്. ഹെഡ്‌ലൈറ്റിന്റെയും, സോഡിയം ലാംബിന്റെയും, കടകളിലെ CFL ബള്‍ബുകളുടെയും വെളിച്ചം തിങ്ങിനിറഞ്ഞു സൂര്യന്‍റെ നേരെ നോക്കുന്നതിനേക്കാള്‍ കഠിനം ആണ്.

        അങ്ങോട്ടും ഇങ്ങോട്ടും വെറുതെ കുറച്ചു നടന്നു . ചൂടുള്ള കാപ്പിയുടെയും ചായയുടെയും മണം, ചില്ലരമാലക്കുള്ളില്‍ കേക്കും പഴംപൊരിയും അതിന്റെ രുചി വിളിച്ചറിയിച്ചു കൊണ്ട് കിടക്കുന്നു. 

ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നോക്കി, പക്ഷെ വിശക്കുന്നു.

ഒരുത്തന്‍ നിന്ന് സുഖമായി കഴിക്കുന്നത്‌ കണ്ടു. അവനും കാണും വിശപ്പ്‌. 

         ഒരു ബസ്‌ വന്നു നിന്നു. വന്നു നിന്നതും ഗ്രഹിണി പിടിച്ച പിള്ളേരെ പോലെ കുറെ പേര്‍ എവിടെ നിന്നൊക്കെയോ അതിന്റെ അടുത്തേക്ക്‌ ഓടി വന്നു. എങ്ങോട്ടാണാവോ ഇത്ര അധികം ആള്‍ക്കാര്‍ പോകുന്നത്?, എല്ലാവരും ജീവിതത്തിന്റെ പകുതി സമയം യാത്ര ചെയ്യുന്നവരാണ്. ഓഫീസില്‍ എത്തിയാല്‍ വീട്ടിലേക്കും, വീട്ടില്‍ എത്തിയാല്‍ ഓഫീസിലേക്കും പോകാന്‍ തിടുക്കം ആണെല്ലാവര്‍ക്കും. 

         അതാ അവനും ഓടുന്നു ആ ബസിനെ ലക്ഷ്യമാക്കി. ചൂട് ചായ ഒറ്റ ഇറക്കിന് കുടിച്ചു. ഇടയില്‍ പൈസ കൊടുത്തിട്ട് പേഴ്സ് പോക്കറ്റില്‍ ഇടുന്നതും കണ്ടു. ഞാനും ഈ ബസ്സില്‍ കയറാം, തിരക്കുള്ള ബസ്‌ ആയത് കൊണ്ട് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടാതെ നില്‍ക്കാം. വാതിലിനു മുന്നില്‍ തിരക്ക് കൂട്ടാന്‍ അവന്റെ കൂടെ ഞാനും കൂടി. 

    അസാമാന്യമായ തിരക്ക് തന്നെ. ഒരു തരത്തിലും ഇതില്‍ കയറി കൂടാന്‍ പറ്റില്ല. അടുത്ത ബസ്സിനു പോകാം. വല്ലതും കഴിക്കാന്‍ കിട്ടുമോന്നു നോക്കാം. ആ ബസ്സില്‍ കയറാന്‍ ഉള്ള ഉദ്യമം ഞാന്‍ ഉപേക്ഷിച്ചു. അവന്‍ എങ്ങനെയോക്കെയോ കയറി കൂടി!! . ഞാന്‍ ഒന്ന് മന്ദഹസിച്ചു കൊണ്ട് ഒരു പലഹാരക്കടയിലേക്ക് നടന്നു. 

                    X----------------------------------------------------------------------X

       "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, ഈ വക തരികിട ഒന്നും എന്‍റെയടുത്തു നടക്കില്ല". കണ്ടക്ടര്‍ ഇത് പറയുമ്പോഴും പേഴ്സ് തപ്പി ക്കൊണ്ടിരിക്കുകയായിരുന്നു അവന്‍. എല്ലാരും അവനെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു. 

          ചെറിയ ഒരു വഴി വിളക്കിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ആ ബസ്സിന്റെ വാതില്‍ അടഞ്ഞു, തന്റെ കൈയില്‍ ഉള്ള കവറില്‍ ഒന്ന് കൂടി തപ്പി നോക്കി, ഇല്ല അതിലിട്ടിട്ടില്ല. അതില്‍ കുറച്ചു ഫോട്ടോസ്റ്റാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റട് കോപ്പികള്‍.