Monday, December 19, 2011

സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍


ചില മങ്ങിയ കാഴ്ചകള്‍ ആണ് ആദ്യം കണ്ടത്.  വ്യക്തമല്ലാത്ത എന്തൊക്കെയോ അനങ്ങുന്നു . പച്ച നിറത്തിനാണ് മുന്‍തൂക്കം തോന്നിയത്. ഇടയ്ക്കു പച്ചയും ചുവപ്പും ഇടകലര്‍ന്നു കണ്ടു. അധികം വൈകാതെ മഴവില്ലിന്റെ എല്ലാ വര്‍ണങ്ങളും തെളിഞ്ഞു കാണാന്‍ തുടങ്ങി. വെയിലില്‍ പെയ്യുന്ന മഴയ്ക്ക് ഒരു വന്യമായ സൌന്ദര്യവും അഭൌമമായ അനുഭൂതിയും പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു പൂപ്പാടത്തിനു ഒത്ത നടുക്ക് നില്‍ക്കുന്നു ഞാന്‍, ഇടയ്ക്കു വലിയ മരങ്ങള്‍ ഉണ്ട്. എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ചെറിയ ഇലകള്‍ കാറ്റില്‍ ആടുന്നു. പിന്നീട് ഇലകള്‍ മങ്ങുകയും സൂര്യപ്രകാശം കണ്ണിലേക്ക് തറക്കുകയും ചെയ്തു.
മഴ ശമിച്ചു, കുറുക്കന്റെ കല്യാണം തീര്‍ന്നിരിക്കുന്നു. ചെറിയൊരു തടാകത്തിന്റെ അരികില്‍ അതില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയും അതിനെ താങ്ങി നിര്‍ത്തുന്ന വലിയ വട്ടകം പോലെ കടും പച്ച നിറത്തിലുള്ള ഇലകളും. അവ വെള്ളത്തില്‍ പോങ്ങിയങ്ങനെ നില്‍ക്കുമ്പോള്‍ കാറ്റില്‍ ഇളകിയാടുകയും ചെറുതായി എന്നെ നോക്കി ചിരിക്കുകയും ചെയ്തു.
വീണ്ടും ഉയര്‍ന്നു പൊങ്ങിയ ചിന്തകളില്‍ ചെറിയൊരു പുല്‍പ്പരപ്പില്‍ ഒരു സുന്ദരിയായ സ്ത്രീയോടൊപ്പം വെളുത്ത  പെയിന്റടിച്ച ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാന്‍. . രണ്ടു കുട്ടികള്‍ പുല്‍പരപ്പിനു നടുക്കുണ്ടാക്കിയ ക്രിത്രിമ കുളത്തിലേക്ക് കല്ലുകള്‍ എറിയുകയും ബഹളം ഉണ്ടാക്കി കൊണ്ട് ചുറ്റും ഓടുകയും ചെയ്യുന്നുണ്ട്. അവള്‍ എന്റെ മടിയില്‍ തല ചായ്ച്ചു കിടക്കാന്‍ ഒരുങ്ങി.
പതുപതുത്ത പരുത്തി കിടക്കയും മൃദുവായ പുതപ്പും, എസീ യന്ത്രം പുറത്തു വിടുന്ന തണുപ്പും. അവളുടെ ചൂട് പറ്റി കിടക്കാന്‍ നല്ല സുഖം ആയിരുന്നു.
കണ്ണുകള്‍ പതിയെ തുറന്നപ്പോള്‍ അതിവേഗതയില്‍ കറങ്ങുന്ന ഫാന്‍ ആണ് കണ്ടത്. ഫാനിന്റെ ഒച്ച കാതടപ്പിച്ചു. അതങ്ങനെയാണ്, പലപ്പോഴും ഉറക്കം ഉണര്‍ന്നതിനു ശേഷം അതൊരു ശല്യം ആവാറാണ് പതിവ്.  എന്താണ് കണ്ടത് എന്ന് ഒന്ന് കൂടി ഞാന്‍ മനസ്സില്‍ ആലോചിച്ചു നോക്കി  . ഇല്ല, നല്ല സ്വപ്നം ആണെങ്കില്‍ കണ്ടത് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ പാതിരാത്രിയില്‍ ഞെട്ടി എണീറ്റ്‌ തൊണ്ട വരണ്ടിരിക്കുമ്പോള്‍ സ്വപ്നത്തില്‍ ഭയപ്പെടുത്തിയ അതേ രൂപം മുറിയിലെ പല ഭാഗങ്ങളിലും മിന്നി മറയുന്നത് കാണാനും സാധിക്കും. 

ചെറിയ മയക്കങ്ങളില്‍പോലും സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ കാണാറുണ്ട്. പലപ്പോഴും ഉച്ചയുറക്കത്തില്‍നിന്നും ഉണരുമ്പോള്‍ തലയ്ക്കു ഒരു കനം അനുഭവപ്പെടും. ഏതോ ഭാരിച്ച ജോലി സ്വപ്നത്തില്‍ ചെയ്തതിന്‍റെ ഫലമായിട്ടാവണം. സ്വപ്നവും യാഥാര്‍ത്യവും തമ്മില്‍ ഇങ്ങനെ ബന്ധം ഉണ്ടാവുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  ഉണ്ടാവാം അല്ലെ?

സ്വപ്നം ഒരു പ്രഹേളിക ആയിരുന്നു ആദ്യമൊക്കെ, ഓഫീസ്‌മുറിയിലെ ഒരു സരസമായ സംഭാഷണത്തില്‍ നിന്നോ, ഞാന്‍ മനസ്സില്‍ രൂപപെടുത്തി എടുത്ത തിരക്കേറിയ ഒരു അമേരിക്കന്‍ തെരുവില്‍നിന്നോ തുടങ്ങി, അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത വേറൊരു രംഗത്തില്‍ നിന്ന് ഒരു നിമിഷാര്‍ധത്തില്‍ ഫാന്‍ കറങ്ങുന്ന കാഴ്ചയിലേക്ക് കണ്ണ് തുറപ്പിക്കുന്ന വിസ്മയകരമായ പ്രഹേളിക.



ഒന്നുകില്‍ ഒരു ദിവസം, അല്ലെങ്കില്‍  സിനിമയില്‍  എന്ന പോലെ മൂന്നോ നാലോ കട്ട്‌ഷോട്ടുകളില്‍ മിന്നി മറയുന്ന വളര്‍ച്ചയുടെ പരിണാമങ്ങള്‍,  അതുമല്ലെങ്കില്‍ മനസ്സില്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ ഞാന്‍ സ്വന്തമാക്കുന്ന സുന്ദര മുഹൂര്‍ത്തം. അങ്ങിനെ പല സന്ദര്‍ഭങ്ങളില്‍, പല വേഷ പകര്‍ച്ചകളില്‍ ഞാന്‍ എന്നെ തന്നെ കണ്ടു കൊണ്ടിരുന്നു. പലതില്‍ നിന്നും ഒരു രംഗമോ ഒരു സംഭാഷണമോ ചിലപ്പോള്‍ മനസ്സില്‍ തട്ടി നിന്ന ഒരു വാക്കോ മാത്രം ആയിരിക്കും യാഥാര്‍ത്യത്തിലേക്ക് മടങ്ങി എത്തുമ്പോള്‍ അവശേഷിക്കുക. മറ്റു രംഗങ്ങള്‍ എല്ലാം മനസ്സിന്‍റെ അടിത്തട്ടിലേക്ക് അമര്‍ന്നു പോകും. അതേ രംഗങ്ങള്‍ മറ്റൊരു സ്വപ്നത്തില്‍ കാണുമ്പോള്‍ തോന്നിയേക്കാവുന്ന ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മനസ്സ് തന്നെ കണ്ടെത്തിയ ഒരു വിദ്യ ആവാം ഈ  ഒളിച്ചുകളി.

കണ്ണ് തുറന്നു ലോകത്തെ നോക്കുമ്പോള്‍ യാഥാര്‍ത്യവും,  കണ്ണ് അടച്ചു മനസ്സിലേക്ക് നോക്കുമ്പോള്‍ അത് സ്വപ്നവും ആകുന്നു. പക്ഷേ ഏതാണ് സ്വപ്നം ഏതാണ് യാഥാര്‍ത്യം എന്ന് തീര്‍ത്ത്‌ പറയാന്‍ പറ്റുന്നില്ല. സ്വപ്നത്തിലെ ഞാന്‍ ആണ് യാഥാര്‍ത്ഥ്യം എങ്കിലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ഏറെ നേരത്തെ ഗാഡമായ നിദ്രയൊന്നും വേണ്ടിയിരുന്നില്ല എന്റെ സ്വപ്നങ്ങള്‍ക്ക് കടന്നുവരാന്‍ . യാത്ര ചെയ്യുമ്പോള്‍ എന്നെ തലോടി പോകുന്ന കാറ്റേറ്റു ഒന്ന് കണ്ണടക്കുമ്പോള്‍ വരെ അതിനു കടന്നു വരാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് എന്നോടുള്ള ഈ പ്രേമം മനസിലാക്കിയപ്പോള്‍ അതിനെ തിരിച്ചും പ്രണയിക്കാന്‍ ശ്രമിച്ചു തുടങ്ങി. അങ്ങനെയാണ് പൊട്ടും പൊടിയും പോലെ കിട്ടുന്ന സ്വപ്നങ്ങളുടെ കഷ്ണങ്ങള്‍ പെറുക്കി വയ്ക്കാന്‍ തുടങ്ങിയത്. പലപ്പോഴും അതികഠിനമായ ഒരു മാനസിക പ്രയത്നം തന്നെ ആയിരുന്നു അത്. ഒരു കണിക പോലും വിട്ടു തരാന്‍ എന്‍റെ മനസ്സ് തയ്യാറായില്ല. എന്‍റെ സ്വന്തം സ്വപ്‌നങ്ങള്‍ എനിക്ക് നിഷേധിക്കുന്നതില്‍ എന്‍റെ മനസ്സിനോട് തന്നെ വെറുപ്പ്‌ തോന്നിയിട്ടുണ്ട് പലപ്പോഴും. പലപ്പോഴായി ലഭിച്ച പൊന്‍തരികള്‍ അളുക്കുകളില്‍ ആക്കി സൂക്ഷിച്ചു വച്ചു ഞാന്‍ . മുഴുമിക്കാത്ത സ്വപ്നങ്ങളുള്ള അളുക്കുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ആണ് ആ പ്രിത്യേകത എന്‍റെ  ശ്രദ്ധയില്‍പെട്ടത്. അക്കാര്യം എന്നെ വളരെ അധികം അദ്ഭുതപെടുത്തുകയും ചെയ്തു. എന്‍റെ സ്വപ്നങ്ങളിള്‍ ഒന്ന് പോലും ദു:സ്വപ്‌നങ്ങള്‍ ഇല്ല എന്നതായിരുന്നു ആ കാര്യം. അത് ഒരു തിരിച്ചറിവായിരുന്നു. സന്തോഷത്തേക്കാള്‍ ഏറെ സന്താപമാണ്  ആ തിരിച്ചറിവ് എനിക്ക് നല്‍കിയത്. എന്റെ സ്വപ്ന ശേഖരത്തില്‍ ഒരു ദു:സ്വപ്നം പോലും ഇല്ല എന്നത് ഒരു പോരായ്മ ആയിട്ടാണ് എനിക്ക് തോന്നിയത്.ഒരു ദുസ്വപ്നം കാണാന്‍ ഞാന്‍ കൊതിച്ചിരുന്നു അക്കാലത്തൊക്കെ. നല്ല സ്വപ്‌നങ്ങള്‍ കാണുന്നതിനു എന്ത് ചെയ്യണം എന്നറിയാത്തത് പോലെ ദു:സ്വപ്‌നങ്ങള്‍ കാണാനും എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. ഒരു പക്ഷെ ഈ അഞ്ജത കൊണ്ട് ആയിരിക്കാം എനിക്ക് നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ സാധിച്ചത് എന്നെനിക്കിപ്പോള്‍ തോന്നുന്നു. 

ഓരോ മയക്കത്തിനു ശേഷവും മനസ്സിനോടുള്ള പോരാട്ടത്തില്‍ പൂര്‍ണമായ വിജയം എനിക്ക് സാധ്യമല്ല എന്ന തിരിച്ചരിവുണ്ടാവാന്‍ ഏറെ നാളുകള്‍ ഏടുത്തു. ആ തിരിച്ചറിവുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മനസ്സിനോടുള്ള പ്രതികാരം എന്ന പോലെ ഏറെ നാള്‍ ഞാന്‍ ഉറങ്ങാതെയിരുന്നു.  ഉറക്കമില്ലാതിരുന്ന ശരീരത്തില്‍ കണ്ണും,  കാതും, കാലുകളും, കൈകളും എല്ലാം പരസ്പര ബന്ധമില്ലാതെ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയും വിജയം മനസ്സിനു തന്നെ .

പരാജയം സമ്മതിക്കാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു. അപ്പോഴാണ്‌ മറ്റൊരു ആശയം എന്‍റെ ചിന്തയിലേക്ക് വന്നത്. പലപ്പോഴായി ലഭിച്ച കഷ്ണങ്ങള്‍ വിളക്കി ചേര്‍ത്തു ഒരു മുഴു നീള സ്വപ്നം ഉണ്ടാക്കിയാലോ?. മനസ്സിനെ വഞ്ചിക്കുന്ന ഈ പ്രക്രിയ അല്ലാതെ വേറെ ഒരു മാര്‍ഗവും അപ്പോള്‍ ഞാന്‍ കണ്ടില്ല. അങ്ങനെ ഞാന്‍ "സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍" ആയി. എന്റെ ശേഖരത്തില്‍നിന്നും ആവശ്യമുള്ളവ പാകം പോലെ എടുത്തു സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്യാന്‍ തുടങ്ങി. 

ആയിടക്കാണ് എന്‍റെ ഒരു പഴയ ദു:ഖം ഓര്‍മ വന്നത്. ശേഖരിച്ച സ്വപ്നങ്ങളില്‍ ഒന്ന് പോലും ദു:സ്വപ്നം ഇല്ല എന്നത്. പിന്നെ അതുണ്ടാക്കാനുള്ള ശ്രമം ആയിരുന്നു. പക്ഷെ എങ്ങനെ വിളക്കി ചേര്‍ത്തിട്ടും ഞാന്‍ കണ്ട സ്വപ്‌നങ്ങളില്‍ നിന്ന് ഒരു ദു:സ്വപ്നം പോലും ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നുരഞ്ഞു പതയുന്ന മോഹഭംഗത്തിന്‍റെ കനം ഹൃദയത്തില്‍ തിങ്ങി കൂടാന്‍ തുടങ്ങി.

ഒറ്റ കണ്ണന്‍ കൊല്ലന്‍ വലിയ ചുറ്റിക കൊണ്ട്,  ഉരുകിയ ഇരുമ്പ് ദണ്ട് ആഞ്ഞടിച്ചു കൊണ്ടിരുന്നു. ഏതാനും പ്രഹരങ്ങളും ഉരുക്കലും കൊണ്ട് ആ ഇരുമ്പ് ദണ്ടിനെ ശിക്ഷിച്ചപ്പോള്‍ ഒരു മൂര്‍ച്ചയേറിയ ആയുധം രൂപപെട്ടു, കൊല്ലന്‍റെ ചുണ്ടില്‍ ദുരൂഹമായ ഒരു ചിരിയും. കണ്ണുകളില്‍ എന്ത് ഭാവമാണ് എന്നത് ഒരു കണ്ണിന്‍റെ മാത്രം ചലനങ്ങളില്‍നിന്ന് വായിച്ചെടുക്കുക ബുദ്ധിമുട്ട്. ഇരു തല മൂര്‍ച്ച ഉള്ള വാള്‍, കാരിരുമ്പില്‍കൊത്തിയ കൊടുവാള്‍, നീളമുള്ള കമ്പി പാരകള്‍ എന്നിവ അടുക്കി സൂക്ഷിച്ചിട്ടുണ്ട് അയാള്‍."
 കൊല്ലന്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്ന പോലെ ഞാനും നല്ല സ്വപ്നങ്ങളെ ഉരുക്കി ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു അവയ്ക്ക് മൂര്‍ച്ച നല്‍കി. തൊട്ടാല്‍  മുറിഞ്ഞു ചോര വരുന്ന രീതിയില്‍ അവയെ രാകി മിനുക്കി എടുത്തു.
രാപകലിന്‍റെ അധ്വാനത്തില്‍ എന്ത് തരം സ്വപ്നങ്ങളുടെയും ഒരു വലിയ ഉടമസ്ഥന്‍ ആയി ഞാന്‍ . ലോകത്തില്‍ ആര്‍ക്കും അറിയാത്ത വേല അറിയുന്നവന്‍., സ്വപ്‌നങ്ങള്‍ നെയ്‌തുണ്ടാക്കാന്‍ പഠിച്ചവന്‍ . അഹങ്കാരത്തില്‍ അഭിരമിച്ച് രാവും പകലും ഞാനെന്‍റെ സ്വപ്നങ്ങളെ താലോലിച്ചു നടന്നു. ആയിടക്കാണ് ഒരു അജ്ഞാത മനുഷ്യന്‍ എന്നെ കാണാന്‍ വന്നത്. താടിയും മുടിയും വെട്ടിയൊതുക്കി ക്ലീന്‍ഷേവ്‌കാരന്‍ ആയ ഒരുവന്‍  . വാക്ചാതുര്യം ആയിരുന്നു അവന്‍റെ സവിശേഷത. ലോകത്തില്‍ എന്തിനെ കുറിച്ചും സമര്‍ത്ഥമായി അവന്‍ സംസാരിച്ചു. എന്നെ വന്നു കണ്ട അന്ന് തന്നെ എന്തിനൊക്കെയോ കുറിച്ച് അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പ്രസന്നമായ മുഖത്തില്‍ അവന്‍ ഒളിപ്പിച്ചു വച്ച നിഗൂഡമായ ലക്ഷ്യങ്ങളെ കുറിച്ച് എനിക്കപ്പോള്‍ ബോധ്യം ഉണ്ടായിരുന്നില്ല. ചതിയന്മാര്‍ക്ക് എന്നും സുന്ദരം ആയ മുഖം ദൈവം സമ്മാനിക്കുന്നത് എന്ത് കൊണ്ടാണാവോ?

അവന്‍റെ ആവശ്യങ്ങള്‍ വലുതായിരുന്നു. ഒരിക്കല്‍ അവന്‍ തന്‍റെ സഹജമായ പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് എന്നോട് ചോദിച്ചു
"എന്റെ സ്വപ്‌നങ്ങള്‍ അവനു വില്‍ക്കാന്‍ തയ്യാറാണോ എന്ന്" !!!. . . ഏതു ചോദ്യത്തിന് ശേഷവുമുള്ള അവന്‍റെ നിശബ്ദത ആയിരുന്നു ഏറ്റവും ദു:സഹം. രണ്ടു ഭീകരതയുടെ നടുക്ക് നമ്മളെ ഉപേക്ഷിക്കുന്ന മാന്ത്രികമായ നിശബ്ദത.

അക്കാലത്തിനടയില്‍, ഉടച്ചു വാര്‍ത്തെടുത്ത മനസ്സുമായി ഉണ്ടാക്കിയെടുത്ത സൌഹൃദത്തിനും രേഖീയമല്ലാത്ത കരാറിനും മേല്‍ ആ ചോദ്യം ഉണ്ടാക്കിയ വെല്ലുവിളി ചെറുതായിരുന്നില്ല. പക്ഷെ അതിജീവനം എന്നത് ഏതു വെല്ലുവിളിയെയും നേരിടുമ്പോള്‍ മാത്രം സാധിക്കുന്ന ഒന്നാണല്ലോ. നിശബ്ദമായ സംഘട്ടനത്തിനു  ശേഷം, അവന്‍ തൊടുത്തു വിട്ട ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ വിശ്വാസതയുടെ ചരട് പൊട്ടുക ആയിരുന്നു

ഞാന്‍ ആ കച്ചവടത്തിന് സമതം മൂളിയപ്പോള്‍ പല തവണ വഞ്ചിക്കപെട്ടപ്പോഴും കാണിച്ച അതെ നിസ്സംഗ ഭാവം കൈവിടാതെ എന്‍റെ മനസ്സ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുനിഞ്ഞ ശിരസ്സുമായി അവന്‍ നടന്നകലുമ്പോള്‍ ഞാന്‍ അജ്ഞാതനുമായി ഉടമ്പടികള്‍ ഉണ്ടാക്കുക ആയിരുന്നു. ഒരിക്കലും തിരിച്ചു വരാതെ നടന്നകലാന്‍ അവനു കഴിയും എന്ന് ഞാന്‍ മനസിലാക്കിയപ്പോഴേക്കും ഉടമ്പടിയുടെ കാലാവധി അവസാനിച്ചിരുന്നു.


രാത്രി വൈകി, കറുത്ത വാവ് തന്‍റെ ശക്തി പരമാവധി കാണിച്ചു കൊണ്ടിരിക്കുന്നു. കണ്ണ് തുറന്നാലും അടച്ചാലും ഒരു കാഴ്ച തന്നെ. പൂര്‍ണമായ അന്ധകാരം. നിശ്ചലമായ ആ അന്ധകാരത്തിന് ഒന്നും സംവേദനം ചെയ്യാന്‍ കഴിഞ്ഞില്ല. മനസ്സ് നഷ്ടപെട്ട ഒരുവന് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ലെന്നും, സ്വപ്‌നങ്ങള്‍ കാണാന്‍ ഇല്ലാത്തവര്‍ക്ക് ഉറങ്ങാനും കഴിയില്ലെന്നും അന്നാണ് എനിക്ക് മനസിലായത്. മീനുകളെ പോലെ കണ്പോളകള്‍ തുറന്നു വച്ച് ഉറങ്ങാന്‍ ഞാന്‍ അന്ന് മുതല്‍ പരിശീലിച്ചു തുടങ്ങി. 







Wednesday, November 16, 2011

ആവര്‍ത്തനം

   "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, രാത്രി ആയതോണ്ട് വഴിയില്‍ ഇറക്കി വിടുന്നില്ല, കയറിയപ്പോഴുള്ള പരുങ്ങല്‍ കണ്ടപ്പോഴെ എനിക്ക് തോന്നിയതാ"

            ഉറങ്ങാതിരുന്ന കുറച്ചു പേര്‍ മുന്നില്‍ നിന്ന് തിരിഞ്ഞു നോക്കി. ഞാന്‍ അപ്പോഴും എന്റെ ഷര്‍ട്ടിലും പാന്ടിലും കീശയില്‍ തപ്പുകയായിരുന്നു. എനിക്കുറപ്പാണ് അത് ആരെങ്കിലും എടുത്തതാണെന്ന്. ബസ്സില്‍ അകെ ഉള്ള 10-15 പേരെ സംശയിക്കാനും വയ്യ. 

           ഇറങ്ങി നിന്നപോള്‍ ഒരു വലിയ ശബ്ദത്തോടെ ആ വാതില്‍ അടഞ്ഞു, കണ്ണില്‍ തറക്കുന്ന സോഡിയം ലാമ്പിന്‍റെ വെളിച്ചത്തിന്‍റെ ഇടയിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഒരു വലിയ ശബ്ദത്തോട് കൂടി വാതിലടച്ച് കണ്ടക്റ്റര്‍ ഡ്രൈവറോഡു ബസ്സെടുക്കാന്‍ ആജ്ഞ നല്‍കി.

       ഒന്ന് കൂടി ഉറപ്പു വരുത്താന്‍ എന്റെ കൈയില്‍ ഉള്ള കവറില്‍ തപ്പി നോക്കി, കുറച്ചു സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാത്രം. ഇക്കണ്ട കാലങ്ങള്‍ ഗുണിച്ചും ഹരിച്ചും പഠിച്ചത് പേപ്പറില്‍ എഴുതി സാക്ഷ്യപെടുത്തിയത്.

       ഒരുപാട് അവശ ദേഹങ്ങള്‍ അടുത്തടുത്തായി കിടക്കുന്നുണ്ട്, ചിലതില്‍ നിന്നും ചില മൂളലുകളും ഞരക്കങ്ങളും കേള്‍ക്കാം. പഴകി കീറിയ കമ്പിളി പുതപ്പിനുള്ളില്‍ മൂടിയ ശരീരങ്ങള്‍ സുഖമായുറങ്ങുന്നു. അവരെ കൊതുക് കടിക്കാറില്ല. അവരുടെ രക്തത്തിനു എച്ചിലിന്റെ രുചി ആയത് കൊണ്ടായിരിക്കും. ബസ്‌സ്റ്റാന്റിന്റെ മുന്നിലേക്ക്‌ ധാരാളം ആളുകളും കടകളും ഉണ്ട്, പക്ഷെ അവിടെ പോയില്ല. പിന്‍ഭാഗത്തെക്ക് വന്നപ്പോള്‍ ആണ് ഈ കാഴ്ചകള്‍. മുന്നിലേക്ക്‌ ചെന്നാല്‍ പല കടകളില്‍ നിരത്തി വച്ചിട്ടുള്ള കൂള്‍ ഡ്രിങ്ക്സും പലഹാരങ്ങളും ഉണ്ടാവും. വിശപ്പ്‌ അസഹനീയനമായിട്ടുണ്ട്. അതൊന്നും മേടിക്കാന്‍ തന്‍റെ കൈയില്‍ പണമില്ലല്ലോ?. 

            ഇവിടെ അധികം നേരം നില്‍ക്കുക സാധ്യമല്ല. ഓടയില്‍ നിന്നുള്ള ദുര്‍ഗന്ധം തന്നെ അസഹനീയം. ബാത്റൂമില്‍ നിന്നും വമിക്കുന്നതു വേറെ.

         വെളിച്ചത്തിലേക്ക് നീങ്ങി നില്‍ക്കാം എന്തായാലും എന്ന് തീരുമാനിച്ചു. വലിയ നഗരം ആയത് കൊണ്ട് ഒരുപാട് ബസ്സുകള്‍ വരുന്നുണ്ട്. എല്ലാത്തിലും ഭയങ്കര തിരക്ക്. ഹെഡ്‌ലൈറ്റിന്റെയും, സോഡിയം ലാംബിന്റെയും, കടകളിലെ CFL ബള്‍ബുകളുടെയും വെളിച്ചം തിങ്ങിനിറഞ്ഞു സൂര്യന്‍റെ നേരെ നോക്കുന്നതിനേക്കാള്‍ കഠിനം ആണ്.

        അങ്ങോട്ടും ഇങ്ങോട്ടും വെറുതെ കുറച്ചു നടന്നു . ചൂടുള്ള കാപ്പിയുടെയും ചായയുടെയും മണം, ചില്ലരമാലക്കുള്ളില്‍ കേക്കും പഴംപൊരിയും അതിന്റെ രുചി വിളിച്ചറിയിച്ചു കൊണ്ട് കിടക്കുന്നു. 

ഞാന്‍ ശ്രദ്ധിക്കാതിരിക്കാന്‍ നോക്കി, പക്ഷെ വിശക്കുന്നു.

ഒരുത്തന്‍ നിന്ന് സുഖമായി കഴിക്കുന്നത്‌ കണ്ടു. അവനും കാണും വിശപ്പ്‌. 

         ഒരു ബസ്‌ വന്നു നിന്നു. വന്നു നിന്നതും ഗ്രഹിണി പിടിച്ച പിള്ളേരെ പോലെ കുറെ പേര്‍ എവിടെ നിന്നൊക്കെയോ അതിന്റെ അടുത്തേക്ക്‌ ഓടി വന്നു. എങ്ങോട്ടാണാവോ ഇത്ര അധികം ആള്‍ക്കാര്‍ പോകുന്നത്?, എല്ലാവരും ജീവിതത്തിന്റെ പകുതി സമയം യാത്ര ചെയ്യുന്നവരാണ്. ഓഫീസില്‍ എത്തിയാല്‍ വീട്ടിലേക്കും, വീട്ടില്‍ എത്തിയാല്‍ ഓഫീസിലേക്കും പോകാന്‍ തിടുക്കം ആണെല്ലാവര്‍ക്കും. 

         അതാ അവനും ഓടുന്നു ആ ബസിനെ ലക്ഷ്യമാക്കി. ചൂട് ചായ ഒറ്റ ഇറക്കിന് കുടിച്ചു. ഇടയില്‍ പൈസ കൊടുത്തിട്ട് പേഴ്സ് പോക്കറ്റില്‍ ഇടുന്നതും കണ്ടു. ഞാനും ഈ ബസ്സില്‍ കയറാം, തിരക്കുള്ള ബസ്‌ ആയത് കൊണ്ട് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടാതെ നില്‍ക്കാം. വാതിലിനു മുന്നില്‍ തിരക്ക് കൂട്ടാന്‍ അവന്റെ കൂടെ ഞാനും കൂടി. 

    അസാമാന്യമായ തിരക്ക് തന്നെ. ഒരു തരത്തിലും ഇതില്‍ കയറി കൂടാന്‍ പറ്റില്ല. അടുത്ത ബസ്സിനു പോകാം. വല്ലതും കഴിക്കാന്‍ കിട്ടുമോന്നു നോക്കാം. ആ ബസ്സില്‍ കയറാന്‍ ഉള്ള ഉദ്യമം ഞാന്‍ ഉപേക്ഷിച്ചു. അവന്‍ എങ്ങനെയോക്കെയോ കയറി കൂടി!! . ഞാന്‍ ഒന്ന് മന്ദഹസിച്ചു കൊണ്ട് ഒരു പലഹാരക്കടയിലേക്ക് നടന്നു. 

                    X----------------------------------------------------------------------X

       "അടുത്ത സ്റ്റോപ്പില്‍ ഇറങ്ങിക്കോണം, ഈ വക തരികിട ഒന്നും എന്‍റെയടുത്തു നടക്കില്ല". കണ്ടക്ടര്‍ ഇത് പറയുമ്പോഴും പേഴ്സ് തപ്പി ക്കൊണ്ടിരിക്കുകയായിരുന്നു അവന്‍. എല്ലാരും അവനെ ഒരു പുച്ഛത്തോടെ നോക്കുന്നുണ്ടായിരുന്നു. 

          ചെറിയ ഒരു വഴി വിളക്കിന്റെ വെളിച്ചത്തിലേക്ക് ഇറങ്ങി നിന്നപ്പോള്‍ ആ ബസ്സിന്റെ വാതില്‍ അടഞ്ഞു, തന്റെ കൈയില്‍ ഉള്ള കവറില്‍ ഒന്ന് കൂടി തപ്പി നോക്കി, ഇല്ല അതിലിട്ടിട്ടില്ല. അതില്‍ കുറച്ചു ഫോട്ടോസ്റ്റാറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റട് കോപ്പികള്‍. 

Monday, October 10, 2011

നിസ്സാരമായ തകര്‍ച്ചകള്‍

“May I get in sir??” 

കേമിസ്ട്ട്രി സാര്‍ പഠിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു interference. തെല്ലൊരു അക്ഷമയോട് കൂടി സാര്‍ വാതിലിലേക്ക് നോക്കി തല കുലുക്കി. 

അവര്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു. മൂന്നാമത്തെ ബെഞ്ചില്‍ ഇരുന്നു ഞാ|ന്‍ നോക്കി, ഞാന്‍ മാത്രമല്ല ഞങ്ങ|ള്‍ ആണുങ്ങള്‍ എല്ലാരും നോക്കുന്നുണ്ടായിരുന്നു. ക്ലാസ്സിലെ തരുണീമണികളുടെ കൂട്ടത്തിലേക്ക് മൂന്ന് പേരെ കൂടി കിട്ടിയ സന്തോഷം എല്ലാരുടെയും പതിഞ്ഞ സംസാരത്തില്‍ നിന്നും മനസിലാക്കാം. 

നെറ്റിയില്‍ നേര്‍ത്ത ചന്ദനകുറിയും, peach കളര്‍ ചുരിദാറും അണിഞ്ഞു ഒരുവള്‍ 

മഞ്ഞ ചുരിദാറും തുടുത്ത കവിളുകളും ഉള്ള ഒരുവ|ള്‍ 

ചാരനിറത്തിലുള്ള ചുരിദാറുട്ത്തു തടിച്ചുരുണ്ട് ഒരുവ|ള്‍ 

പെണ്‍കുട്ടികളെ ആസ്വദിക്കാനല്ലാതെ കുറ്റം പറയാ|ന്‍ ഞങ്ങളാരും അന്ന് പഠിച്ചിരുന്നില്ല. 

“silence” !!!! 

അക്ഷമ കൂടി വന്ന അരസികനായ കെമിസ്ട്രി സാര്‍ പോളിമറിന്റെ രസതന്ത്രത്തെ കുറിച്ചുള്ള ക്ലാസ്സ്‌ വീണ്ടും തുടങ്ങി. കോളേജ്പഠനത്തിന്റെ കാര്‍ബണ്‍ കണികകള്‍ ചേര്‍ത്തു വച്ചു വലിയൊരു പോളിമര്‍ ഉണ്ടാക്കിയെടുക്കാന്‍ ഞങ്ങളും 

എന്നും ക്ലാസ്സിലെ മൂന്നാം ബെഞ്ചില്‍ ഞാന്‍ സ്ഥാനം പിടിച്ചു, കാരണം നെറ്റിയില്‍ നേര്‍ത്ത ചന്ദനക്കുറി അണിഞ്ഞു വരുന്ന സുന്ദരിയെ വളരെ വ്യക്തമായി കാണാന്‍ അവിടം ആണ് നല്ലത് എന്ന് ഞാന്‍ മനസിലാക്കിയിരുന്നു. 

ഡിസംബറിന്റെ തണുപ്പില്‍ ഗ്രാഫിക്സ് ഷീറ്റ് വരക്കാന്‍ മടിച്ചു ഡ്രാഫ്റ്ററിന്റെ ചുവന്ന പിടി നോക്കി ഇരിക്കുമ്പോള്‍ ഞാന്‍ അവളെ കുറിച്ചു ഓര്‍ത്തുകൊണ്ടിരുന്നു. 

അവള്‍ എത്തുന്നതിനേക്കാള്‍ മുന്‍പേ എത്താന്‍ വേണ്ടി എന്നാല്‍ കഴിയുന്ന വിധം ശ്രമിച്ചു എങ്കിലും അവള്‍ തന്നെ മുന്നേ എത്തി. ക്ലാസ്സിലും, പഠനത്തിലും. പിന്നീട് മൂന്നാം ബെഞ്ച്‌ ടീച്ചറുടെ ശ്രദ്ധാകേന്ദ്രം ആണെന്നത്കൊണ്ടും ലാപ്‌ടോപ്പില്‍ മൂന്ന് മണി വരെ കണ്ട സിനിമയുടെ ദ്രിശ്യങ്ങള്‍ കണ്ണുകളെ തഴുകി ഉറക്കുന്നതിനാലും ഞാ|ന്‍ പിന്നിലെ ബെഞ്ചിലേക്ക് മാറി. അവളെ കാണുന്നത് പുറകില്‍ നിന്ന് മാത്രമായി. 

അവള്‍ എന്നെ ശ്രദ്ധിക്കുന്നില്ല എന്നറിഞ്ഞപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്നത് താനെ വ്യര്‍ത്ഥം ആണെന്ന് തോന്നി. തണല്‍ മരങ്ങളുടെ നിഴലില്‍ ഇരുന്നു ജീവിതത്തില്‍ നിഴല്‍ വീണു തുടങ്ങിയത് ഞാനറിഞ്ഞില്ല. പരീക്ഷണങ്ങള്‍ക്ക് നിരന്തരമായി വിധേയമായതിന്റെ ഫലമായി പരിക്കുകള്‍ സാരമായി പറ്റി. 

പുസ്തകം കൈ വിരലില്‍ കറക്കി കൊണ്ട് പറ്റമായി ഞങ്ങള്‍ മഴയത്ത് നടന്നു പോകുമ്പോള്‍ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. ആരുടെയെങ്കിലും കൈ പിടിച്ചു നടന്നു പോകുന്നുണ്ടാവും അവള്‍. ഒരു ചിരി ആ ചുണ്ടില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. നീ ചിരിക്കുകയും ചെയ്തു, പക്ഷെ ഒരു പരിഹാസം ആണ് ഞാന്‍ അതില്‍ കണ്ടത് 

രണ്ടു തരം ആള്‍ക്കാര്‍ ആണ് അവസാനം അവശേഷിച്ചത്. ജോലി കിട്ടിയവരും, ജോലി കിട്ടാത്തവരും. കിട്ടിയവര്‍ കിട്ടാത്തവര്‍ക്ക് മധുരം കൊടുക്കുകയും ചിരിക്കുകയും ചെയ്തു. അവളും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. ജിലേബിയുടെ പാക്കറ്റ്‌ എന്റെ നേരെ നീട്ടികൊണ്ടു അവള്‍ വന്നപ്പോള്‍ ഞാന്‍ ആ മുഖത്ത് നോക്കിയില്ല. നോക്കാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. അണയാന്‍ പോകുന്ന തീ അളികത്തുന്നത് പോലെ എന്റെ നെഞ്ചില്‍ ഒരു പിടച്ചി|ല്‍ അനുഭവപെട്ടു. 

“എത്ര നിസ്സാരം ആണ് തകര്‍ച്ചകള്‍.”

Monday, August 15, 2011

സ്വതന്ത്ര്യ ദിനം - ഒരു ചെറിയ ഓർമകുറിപ്പു

സ്വതന്ത്ര്യം പലർക്കും പലതാണല്ലൊ?, വയസ്സറിയിക്കലും പ്രസവവും ആണുങ്ങളും ചെയ്യണം എന്നു പോലും പറയുന്ന ഫെമിനിസ്സ്റ്റുകളുടെ സ്ത്രീ സ്വാതന്ത്ര്യം. “റെയിഡ്” നടത്തുന്ന കാര്യം മുൻകൂട്ടി റിപ്പോർട്ട് ചെയ്യാൻ അനുവദിക്കണം എന്നു പറയുന്ന പത്ര സ്വാതന്ത്യം, എല്ലാവർക്കും ഓരൊ ദിനങ്ങളും ഉണ്ട്. സ്ത്രീ സ്വതന്ത്ര്യ ദിനം, പത്ര സ്വാതന്ത്ര്യ ദിനം അങ്ങനെ അങ്ങനെ. ഇതിനടയില്‍ ഇന്ത്യ എന്ന മഹാരജ്യത്തിനും സ്വാതന്ത്ര്യം കിട്ടി എന്ന് ഓര്മ പെടുത്താന്‍ ഒരു വെറും സ്വാതന്ത്ര്യ ദിനം. "INDIAN INDEPENDENCE DAY". തുണില്‍ കെട്ടിയ കയറില്‍ പൊന്തിച്ചു കയറ്റുന്ന ഇന്ത്യന്‍ പതാകക്കു പാറി പറക്കാന്‍ അനുവാദം കിട്ടിയിട്ടുള്ള കുറച്ചു ദിനങ്ങളില്‍ ഒന്ന്. മറ്റു ദിവസങ്ങളില്‍ പതാകയെ മടക്കി ഒരു കവറില്‍ എടുത്തു വയ്ക്കും 

ഈ സ്വാതന്ത്ര്യ ദിനം കടന്നു പോകുമ്പോള്‍ നെഹ്‌റു എന്ന  ദീര്‍ഘ ദര്‍ശി ആയ ഭരണാധികാരിയുടെ സ്വാതന്ത്ര്യ ഇന്ത്യയില്‍ ആവിഷ്കരിച്ച ബ്രിഹത് പദ്ധധികളില്‍ ഒന്നായ 15 IIT കളില്‍ ഒന്നില്‍, IIT മദ്രാസില്‍ ആണ് ഞാന്‍. 


6000ല്‍ അധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന  കാമ്പസ്. മൂന്ന് ദിവസത്തെ അവധിക്കു പോയ പരമാവധി 2000 പേര്‍ ഒഴിച്ചാല്‍ 4000ല് അധികം വിദ്യാര്‍ഥികള്‍. അട്മിനിസ്ട്രെടിവ് ബ്ലോക്കിന്റെ മുന്നില്‍ കെട്ടിയ ചെറിയ പന്തലില്‍ നിറയാന്‍ പോലും ആളില്ലാതെ അകെ 5000ല്‍ താഴെ പേര്‍. 

പതാക ഉയര്‍ത്തിയതിനു ശേഷം ഉള്ള പ്രസംഗം കേട്ട് കൊണ്ടിരിക്കുംബോലാണ് എന്റെ ചെറുപ്പത്തിലെ ചില സ്വാതന്ത്ര്യ ദിന ഓര്‍മ്മകള്‍ മനസിലേക്ക് വന്നത്  
ചെറുപ്പം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഉനിഫോര്മിന്റെ അവര്‍തന വിരസതയിലും, "ഹോളി ഫെയിത്ത്" പാടപുസ്തകങ്ങളുടെ ചട്ട കുടിലും കഴിഞ്ഞു പോയി. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ഗവ: സ്കൂളില്‍ പഠിക്കാത്തത് ഒരു വലിയ പോരായ്മ ആയിട്ടാണ് എനിക്ക് തോനുനത് 

സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് ഓട്ടോറിക്ഷ വരില്ല. അദ്ദേഹത്തിനും അന്ന് സ്വാതന്ത്ര്യം ആണന്നു. "വൈദ്യന്‍ കല്‍പ്പിച്ചതും പാല് " എന്ന് പറഞ്ഞ പോലെ നടന്നു പോകണം സ്കൂളിലേക്ക്. രണ്ടു കിലോമീറ്ററില്‍ അധികം ഉണ്ട് നടക്കാന്‍,  എന്നാലും രഞ്ജിതേട്ടന്റെയും രജിത ചേചിയുടെയും കൂടെ നടക്കും. കാരണം എന്തെന്നല്ലെ?, വഴിയരികിൽ പല ഭാഗങളിൽ വിവിധ Arts clubകളും കടക്കാരും തരുന്ന പലതരം മിഠായികൾ തന്നെ. എറ്റവുമൊടുവിൽ സ്കൂളിൽ നിന്നും കിട്ടുന്ന മിഠായിയും. എതാണ്ടു 6 സ്ഥലങ്ങളിൽ നിന്നു തീർച്ചയായും മിഠായി കിട്ടും. അപ്പോൾ 6 മിഠായി. എന്നും അച്ച്ൻ കൊണ്ടു വന്നിരുന്നതും, ഇടകു ഞാൻ തന്നെ പോയി വാങ്ങിയതും ഒക്കെ മിഠായി ആണ്. എങ്കിലും ഈ 6 മിഠായികൾക്കു പ്രിത്യേക മധുരം ആണ്.
50ആം സ്വതന്ത്ര്യ ദിനത്തിന്റെ അന്നു പൊയപ്പോളാണു എറ്റവും അധികം സന്തോഷം തോന്നിയതു. അന്നു പതിവിലും അധികം സ്ഥലങളിൽ നിന്ന് മിഠായി കിട്ടി, കൂടാതെ പതാകയുടെ നിറത്തിലുള്ള കേക്കും ലഡ്ഡുവും. സ്ക്കൂളിലും അന്നു ലഡ്ഡു ആയിരുന്നു. രജിതേചിയുടെ 2 മിഠായിയെന്കിലും എനിക്കുള്ളതാണ്.
മിഠായികളോടുള്ള കൌതുകം മാറിയതോടു കൂടി സ്വതന്ത്ര ദിനം എന്നതു ഒരു സ്വതന്ത്ര്യ ദിനം തന്നെ ആയി. 9അം ക്ലാസ് പടിക്കുംബോളാണ് അവസാനമായി പതാക് ഉയർത്തൽ ചടങ്ങിനു സ്കൂളിൽ പൊകുന്നതു. അന്നു എന്റെ അനിയനു കൊടുത്തു എന്റെ എല്ല മിഠായികളും കോളെജിന്റെ വാതിലു കടന്നു പൊയതു ജീവിതത്തിന്റെ സ്വതന്ത്ര്യത്തിലേക്കയപ്പോൾ സ്വതന്ത്ര്യ ദിനം എന്നതു ഒരു പ്രിത്യേക ദിനമായി കാണാൻ പറ്റിയില്ല. വീട്ടിൽ പോയി നല്ല ഭക്ഷണം കഴിക്കാ‍നുള്ള ഒരു നല്ല അവധി ദിനം ആയിരുന്നു ആഗസ്റ്റ് 15.

എതെങ്കിലും വെള്ളചാട്ടത്തിന്റെ അരികിലോ, പച്ചപ്പു നിറഞ്ഞ മലനിരകളിലോ പ്രണയിനിയുടെ കൈ കോർത്തു പിടിചു പ്രക്രിതി ഭംഗി ആസ്വദിക്കുംബോൾ അല്ലെങ്കിൽ കൂട്ടുകാരോടൊത്തു ഒരു ഫോട്ടൊയ്ക്കു പോസ് ചെയ്യുംബോൾ അതു നോക്കി “WHAT A LOVELY PLACE YAAR” എന്നു പറയുംബോൾ മാ‍ത്രം തികട്ടി വരുന്ന പ്രക്രിതി സ്നേഹം പോലെയാണ് മെസ്സേജ് ഓഫർ അന്നില്ലാത്തതിനാൽ തലേ ദിവസ്ം ആരിൽ നിന്നോ കിട്ടിയ “ADVANCED INDEPENDENCE DAY WISHES” ഗ്രൂപ്പ് എസ്.എം.എസ് ചെയ്യുന്നവന്റെ ദേശസ്നേഹം. “google image search” ചെയ്തു കിട്ടിയ ഒരു നിശ്ചലമായ പതാ‍ക തന്റെ ഫെയിസ്ബുക്ക് വാളിൽ ഇട്ട് അതിന്റെ അടിയിൽ “indpndnce day wishes” എന്നു കമ്മന്റ് എഴുതുന്നവന്റെ ദേശസ്നേഹം.
പത്രങളുടെ മുൻപേജിൽ ഇടതു ഭാഗത്തു പതാകയുടെ പ്രതലത്തിൽ ഒരു ചിത്രവും വായന്കാർക്കു സ്വതന്ത്ര്യ ദിനാശംസകൾ നേരുന്ന അടിക്കുറിപ്പും, റെഡ് ഫൊർട്ടിൽ തന്റെ കടമ നിർവഹിക്കാൻ പതാക ഉയർത്തി തന്റെ P.A എഴുതി തയാറാക്കിയ സ്വതന്ത്ര്യ ദിന സന്ദേശവും പറയുന്ന പ്ര്ധാന മന്ത്രി. ഇങനെ ഓരോ സ്വന്തന്ത്ര്യ ദിനങളും കട്ന്നു പോകും.
സ്വതന്ത്ര്യം ലഭിചതു ഇനിയും എല്ല കൊല്ലവും ഓർമിക്കണ്ട കാര്യമുണ്ടൊ എന്നു ചോദിക്കുന്ന ഒരു തലമുറയിലേക്കാണോ നമ്മൾ വളർന്നു വരുന്നതു.??


Thursday, July 21, 2011

സര്‍പ്രൈസ്

പളുങ്ക് പാത്രം കണ്ടിട്ടില്ലേ?, അത്  പോലെ ആയിരുന്നു എന്റെ പ്രണയവും. എന്‍റെ സ്നേഹം അതില്‍ ഒഴിച്ച് വച്ചിട്ട് ദൂരത്തു മാറി നിന്നു ഞാന്‍ . തൊട്ടതേയില്ല അതിനെ, അടുത്തേക്ക് പോയത് പോലുമില്ല. താഴത്തു വീണു ഉടഞ്ഞ് എന്‍റെ സ്നേഹം മുഴുവന്‍ ഒലിച്ചു പോയാലോ എന്ന പേടി ആയിരുന്നു എനിക്ക്

സൌഹൃദം എന്നാ മൂടുപടം ഇട്ടു കൊണ്ട് ആണ് ഞാന്‍ അവളോട്‌ പെരുമാറിയത്. ലാബിലെ റെക്കോഡിലേക്ക് ഒരു ഗ്രാഫ് വരയ്ക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല എന്ന് പറയുകയും പിന്നീട് ഒരു പരിഭവത്തോട് കൂടി എനിക്ക് വരച്ചു തന്നപോളും, അനേകം അവസരങ്ങളില്‍ എന്നോട് ഒറ്റയ്ക്ക് സംസാരിച്ചപോഴും, മൊബൈല്‍ കിട്ടിയപ്പോള്‍ എസ്‌.എം.എസിലുടെ ചാറ്റ് ചെയ്തപോളും ഒന്നും ഞാന്‍ ആ പളുങ്ക് പാത്രത്തിന്‍റെ അടുത്ത് പോയില്ല. അത് തകര്‍ന്നു വീഴുന്നത് കാണാന്‍ കെല്പ്പില്ലായിരുന്നു എനിക്ക് .

 മനസ്സില്‍ കെട്ടി കിടന്ന ആ സ്നേഹം ഒരിക്കലും പുറത്തെടുക്കാന്‍ എനിക്ക് സാധിച്ചില്ല. ഉച്ചക്കുള്ള ഇടവേളകളില്‍ ക്ലാസ്സിന്റെ മുന്നിലെ തുരുമ്പ് പിടിച്ച ആ ജനാല പിടിച്ചു ഞാന്‍ താഴേക്ക്‌ നോക്കുമ്പോള്‍ പലപ്പോഴും നീ ഒരു കുടയുടെ തണലില്‍ കൂട്ടുകാരിയുമൊത്തു നടന്നു വരുന്നുണ്ടായിരിക്കും. അപ്പോഴൊക്കെ ഞാന്‍ ചിന്തിച്ചിട്ടുണ്ട് ഈ പെണ്ണുങ്ങള്‍ക്കെന്താ ഒറ്റയ്ക്ക് നടക്കാന്‍ ഇത്ര പേടി ആണോ എന്ന്?. നീ ഒറ്റയ്ക്ക് നടക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല

എങ്ങനെയോ നിന്റെ ജന്മദിനം ഞാന്‍ മനസിലാക്കി എടുത്തു. നിന്നോട് നേരിട്ട് ചോദിച്ചാല്‍ നീ അത് പറഞ്ഞു തരുമായിരുന്നു പക്ഷെ അത് ഒരു മാനസിക സുഖം എനിക്ക് തരില്ല എന്ന് തോന്നി. നിന്റെ ജന്മദിനത്തിന് രാത്രി പന്ത്രണ്ടു മണിക്ക് വിളിച്ചു ആശംസകള്‍ നേരുന്നവരില്‍ ആദ്യമാകാന്‍ കഴിയില്ലെങ്കിലും ഒരു അമ്പരപ്പ് നിന്നിലുളവാക്കാന്‍ ഈ രഹസ്യ നീക്കത്തിനു മാത്രമല്ലേ കഴിയു. ദിവസങ്ങള്‍ എണ്ണി ഞാന്‍ കാത്തിരുന്നു, ആ ദിവസത്തിനു വേണ്ടി. അതിനിടയില്‍ ഞാന്‍ നിന്നോട് പല തവണ സംസാരിച്ചു. ഈ കാര്യം മാത്രം ഞാന്‍ നിന്നോട് പറഞ്ഞില്ല

ആ ദിനം വന്നെത്തി, ചിലപ്പോള്‍ അങ്ങനെ ആണ്, സമയം ചലിക്കുകയെ ഇല്ല. പത്തു മണിയില്‍ നിന്നും പതിനൊന്നു മണി ആവാന്‍ എടുത്ത സമയത്തേക്കാള്‍ ഇരട്ടി സമയം ആണ് പതിനൊന്നു പന്ത്രണ്ടു ആവാന്‍ എടുത്തത്
ഏതോ പുതിയ സിനിമയിലെ പ്രണയ ഗാനത്തിനിടയില്‍ നീ ഫോണെടുത്തു
"ഹലോ"
എന്റെ ജന്മദിന ആശംസകള്‍ ക്ഷമയോടെ കേട്ടതിനു ശേഷം വളരെ സന്തോഷത്തോടു കൂടി തന്നെ നീ പറഞ്ഞു
"എങ്ങനെ മനസിലായി?, ഫേസ്ബുക്കില്‍ അപ്ഡേറ്റ് കണ്ടു കാണും അല്ലെ?, എനിക്കറിയാം. ഇന്നു കുറെ പേര്‍ വിളിച്ചു, തനക് യു ഡിയര്‍ "
ഫോണ്‍ കട്ട്‌ ചെയ്യാന്‍ എനിക്ക് തോനിയില്ല എങ്കിലും പിന്നീടവള്‍ പറഞ്ഞതോന്നും ഞാന്‍ കേട്ടില്ല. ഫേസ്ബുക്കില്‍ ഒരു അക്കൗണ്ട്‌ തുടങ്ങുന്നതിനെകുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്
     

Tuesday, June 28, 2011

ഒരു കത്ത്

പ്രിയപ്പെട്ട സുഹൃത്തേ,

അങ്ങകലങ്ങളില്‍ പോലും ഇന്ന് നീ ഇല്ല എന്നെനിക്കറിയാം. ഈ കത്തിനു പ്രാപിക്കാന്‍ കഴിയാത്തത്ര ദൂരത്തില്‍ നീ മാഞ്ഞു പോയി എന്നും എനിക്കറിയാം. എത്ര കണ്ടു അകലെ ആയാലും ഈ കടലാസ് കഷ്ണം വെറും മാധ്യമം മാത്രമാണ്, എന്‍റെ ഓര്‍മകള്‍ക്കും അതില്‍ നുരയുന്ന നൊമ്പരങ്ങള്‍ക്കും വാക്കുകളായി പരിണമിക്കുവാന്‍. എന്‍റെ ഓര്‍മകളില്‍ നീ ഉള്ളിടത്തോളം കാലം ഈ കത്തിലെ ഓരോ വാചകങ്ങളും നിനക്ക് വായിക്കാന്‍ പറ്റും എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ എഴുതുന്നു.

സായാഹ്നങ്ങളുടെ ഇഷ്ടക്കാരന്‍ ആയിരുന്നു ഞാന്‍, ക്ലാസ്സ്‌ റൂമിന്‍റെ മടുപ്പില്‍ നിന്നും ഒരു കപ്പ് ചായയും കൊണ്ട് അലസമായ ചിന്തയും ഹെഡ്സെറ്റില്‍ മെലഡിയുമായി സായാഹ്നങ്ങള്‍ എന്നെ കടന്നു പൊയ്ക്കൊണ്ടിരുന്നു. രണ്ടു പരീക്ഷകള്‍ക്കിടയില്‍ ഉള്ള ഒരു പഠന ദിനം ആയിരുന്നിട്ടും അലസത തന്നെ ആയിരുന്നു ആ സായാഹ്നത്തിലും കൂട്ട്. അങ്ങനെ ആയിരുന്നില്ലേ നമ്മള്‍ എല്ലാവരും?, രാത്രികള്‍ ആയിരുന്നു പഠനത്തിന്‍റെ വേലിയേറ്റ സമയം. പരീക്ഷക്ക് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള രാത്രികള്‍. അതിന്നും മാറിട്ടില്ലെഡാ.
മൊബൈല്‍ ഇല്ലായിരുന്നു അന്നെന്റെ കൈയില്‍. ഇന്നത്തെ പോലെ മൊബൈലില്‍ കുഞ്ഞു സന്ദേശത്തിന് കാതോര്‍ത്തിരിക്കാറും ഇല്ല. എങ്കിലും ഹെഡ്സെറ്റില്‍ കേള്‍ക്കുന്ന പാട്ടുകള്‍ക്ക് മാധുര്യം കൂടുതല്‍ ആയിരുന്നു.
സന്ധ്യ ആയി, പുറത്തു ആരോ ഫോണില്‍ സംസാരിക്കുന്നുണ്ട്. A.R Rahmanന്‍റെ ഏതോ ഒരു പാട്ടിന്റെ ആസ്വാദന തലങ്ങള്‍ അന്വേഷിച്ചു നടന്നു കൊണ്ടിരുന്ന ഞാന്‍ ഗ്രില്ലിട്ട ജനലക്കരികില്‍ എത്തിയപ്പോള്‍ ഫോണില്‍ ചെവി വച്ച് സംസാരിച്ചു കൊണ്ടിരുന്ന രാകേഷിന്‍റെ മുഖത്തേക്ക് നോക്കി. ഹെഡ്സെറ്റുകള്‍ ചെവിയില്‍ നിന്നും ഊരാന്‍ എന്താണ് എന്നെ പ്രേരിപ്പിച്ചത് എന്ന് എനിക്കറിയില്ല.
ഒരു വാക്ക് മാത്രമേ ഞാന്‍ പിന്നെ കേട്ടുള്ളൂ

" പോയി"

കോളേജ് ബസ്സിന്‍റെ പിന്‍ ഭാഗത്തുള്ള ഏതോ ഒരു സീറ്റില്‍ ഞാന് പുറത്തേക്കു നോക്കിയിരുന്നു. ആര്‍ക്കും ഒനും പറയാന്‍ ഉണ്ടായിരുന്നില്ല, കരയാനും .
ഹോസ്ടലിന്‍റെ മുന്നില്‍ ഞങ്ങളിറങ്ങി, ആര്‍ക്കൊക്കെ എന്തൊക്കെ നഷ്ടപ്പെട്ടു എന്ന കണക്ക് ആരും എടുത്തില്ല. പിന്നീടും പലതു നഷ്ട്ടപെടാന്‍ ഉള്ളത് കൊണ്ടായിരിക്കും.
പരീക്ഷകള്‍ അതിന്റെ മുറക്കും ജീവിതം അതിന്റെ വഴിക്കും നടന്നു. ആര്‍ക്കു വേണ്ടിയാണു അത് കാത്തു നില്‍ക്കേണ്ടത്?,
കാലിക്കറ്റ്‌ യുണിവേഴ്സിറ്റി നമ്മളെ വീണ്ടും വീണ്ടും പരീക്ഷിച്ചു. അനിവാര്യമായ പരീക്ഷണം. അങ്ങനെ കഴിഞ്ഞ നാലു കൊല്ലം തിരിഞ്ഞു നോക്കുമ്പോള്‍ ആ പരീക്ഷണങ്ങള്‍ക്കെല്ലാം മുകളില്‍ നീ അന്ന് C Programming പരീക്ഷ എഴുതിയതിനു ശേഷം എന്നോട് പറഞ്ഞ വാക്കുകള്‍ ആണെനിക്ക് ഓര്മ വരുന്നത്
"എടാ ഇത് ഞാന്‍ പാസ്‌ ആവും"

നീ പാസ്‌ ആയിരുന്നു, 60 മാര്‍ക്കിന് മുകളില്‍ നേടിക്കൊണ്ട്. പക്ഷെ അത് കാണാന്‍ നീ ഉണ്ടായില്ല.
"ആരും ഉണ്ടായില്ലേ?" എന്ന് നീ ചോദിച്ചാല്‍ ഞാന്‍ കുഴഞ്ഞു പോവുകയേ ഉള്ളു.

നിന്റെ റോള്നമ്പര്‍ ഏതാണ്ട് അവസാനം ആയിരുന്നില്ലേ?, അതിനു മുകളില്‍ പല റോള് നമ്പറുകള്‍ വന്നു, പല നിറങ്ങളില്‍ ഞങ്ങള്‍ കോളേജിലും വന്നു. എന്നും ഒരു നിറം ആയിരുന്നില്ല കാമ്പസ്സിന്, ആശാവഹവും തീരെ ആശ അറ്റ്തുമായ സംഭവങ്ങള്‍ നടന്നു. ഇന്നും മാറാതെ നില്‍ക്കുന്നത് ആല്‍ മരം ആണെന്ന് പറയാം.

ഇന്ന് എങ്ങനെ ആണെന്ന് ചോദിച്ചാല്‍ എനിക്കറിയില്ല, ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങള്‍ പിരിഞ്ഞിരിക്കുന്നു. ജോലിയുടെ, ഉപരപഠനത്തിന്‍റെ, കുടുംബത്തിന്‍റെ ആഴങ്ങളിലേക്ക്. ആധുനികതയുടെ ചില ആവിര്‍ഭാവങ്ങള്‍ നമ്മളെ ചെറുതായെങ്കിലും ഇന്നും കൂട്ടി ഇണക്കുന്നുണ്ട് എന്നത് നിനക്ക് സന്തോഷം തരും എന്നെനിക്കറിയാം.

ഇന്ന് എല്ലാര്ക്കും നിന്നെ ഓര്‍മ്മയുണ്ടോ എന്ന ചോദ്യത്തിന് ""മറന്നിട്ടില്ല"" എന്ന ഉത്തരം നല്‍കണേ എനിക്ക് കഴിയു. നമ്മുടെ നാലു(മൂന്ന്) കൊല്ലങ്ങള്‍ സന്തോഷം നിറഞ്ഞതായിരുന്നു എന്ന് മാത്രം പറഞ്ഞു കൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ഈ കത്ത് എനിക്ക് എങ്ങോട്ടും പോസ്റ്റ്‌ ചെയ്യാന്‍ കഴിയില്ല. ഇതിനെ ഞാന്‍ കത്തിക്കും എന്തെന്നാല്‍ ഐവര്‍മഠത്തിന്‍റെ ഏതോ ഒരു കോണില്‍ പണ്ട് പൊന്തിയ പുകപടലത്തെ തേടി ഈ കടലാസിന്റെ പുകയും വരുമെന്ന ഉറപ്പു എനിക്കുണ്ട്

സ്നേഹത്തോടെ

Sunday, May 1, 2011

കോടീശ്വരന്‍

പകല്‍ നക്ഷത്രങ്ങള്‍, അതില്‍ ഒരു തെറ്റില്ലെ?, പകല്‍ ഒരു നക്ഷത്രം അല്ലെ ഉള്ളു, കോടാനുകോടി ജീവജാലങ്ങളെ തന്‍റെ വെളിച്ചം കൊണ്ട് തീറ്റിപോറ്റുന്ന സൂര്യന്‍.

സൂര്യന് പോലും രാത്രിയെ പേടിയാണ്, അനേകം വരുന്ന കുഞ്ഞു നക്ഷത്രങ്ങളെ കൂട്ട് പിടിച്ചു ചന്ദ്രന്‍റെ മറവില്‍ ഒളിഞ്ഞിരിക്കും രാത്രി ആയാല്‍.
മഴപെയ്തതിനാല്‍ റോഡില്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍ കാണാം ചന്ദ്രക്കല പോലെ ഒരു നേരിയ ഒരു വര. എന്നാലും നിലാവിന്‍റെ വെളിച്ചം റോഡിലുടെ നടക്കാന്‍ സഹായിച്ചു. വഴിയോരത്തെ വിളക്കുകള്‍ ആരോ എറിഞ്ഞുടച്ചിരിക്കുന്നു, സാമുഹ്യവിരുദ്ധര്‍!!!!!.
വീട്ടില്‍ നിന്നും മെയിന്‍ റോഡിലേക്കുള്ള കുറച്ചു ദൂരം ഇങ്ങനെ ആണ്, ബസ്‌ സ്ടാണ്ടിലേക്ക് പോകുന്ന മെയിന്‍ റോഡിലേക്ക് എത്താന്‍ ഇനി കുറച്ചു ദൂരം കൂടി ഉണ്ട്. മെയിന്‍ റോഡില്‍ കയറിയാല്‍ പിന്നെ തെരുവ് വിളക്കുകള്‍ വെളിച്ചം കാണിക്കാന്‍ മത്സരിക്കും. കണ്ണില്‍ കുത്തി കയറുന്ന അസഹനീയമായ വെളിച്ചമാണതിനു.
ബെഞ്ചിലെ തണുപ്പും ചീവിടിന്റെ ശബ്ദവും. കുളിര്‍മയുള്ള ഉറക്കം, കൊതുക് കടിക്കുന്നത് അറിയുകയേ ഇല്ല,
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
എന്തിനാണ് ഞാന്‍ ആ നഗരത്തില്‍ വന്നത് എന്നെനിക്കൊര്‍മയില്ല. രാത്രി വളരെ വൈകി ആണ് ഞാന്‍ ഇറങ്ങിയത്. ലേശം ഭയം ഉള്ളില്‍ നിറഞ്ഞു കാരണം ബസ്‌ പോയി കഴിഞ്ഞു അവിടെങ്ങും ആരെയും കണ്ടില്ല. ഇത്ര വലിയ നഗരത്തിലെ ബസ്‌ സ്റ്റോപ്പില്‍ ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ലെന്നോ?, ഏതായാലും പുറത്തു കടക്കാം ലോഡ്ജു വല്ലതും കിട്ടിയാല്‍ ആയി
   എടാ
ഒന്ന് നടുങ്ങി ആരാണ് വിളിച്ചത് ?
   എടാ ജോര്‍ജേ
ഒരാശ്വാസം തോന്നി, എന്നെ അറിയുന്ന ആരോ ആണ്. പക്ഷെ ഈ രാത്രിയില്‍ ഇവിടെ ആര്?
എടാ ജോര്‍ജേ ഇത് ഞാന്‍ ആണെടാ രവീന്ദ്രന്‍, നീ എന്താ രാത്രിയില്‍ ഇവിടെ?”
ഒരു കമ്പിളിയില്‍ പുതച്ച ദേഹം എണീറ്റ്‌ നിന്ന് വര്‍ത്തമാനം പറയുന്നതാണ് കണ്ടത്, പതിയെ പുതപ്പ് മാറി നടന്നടുത്തു.
അതെ അവന്‍ തന്നെ, രവീന്ദ്രന്‍, കോളേജില്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. ഈശ്വരാ കോടീശ്വരന്റെ മകന്‍ ആയ ഇവന്‍ ഈ അവസ്ഥയില്‍ ആയോ?
   “നീയെന്താ ഇവിടെ എന്ന് ഞാനല്ലേ ചോദിക്കണ്ടത്എന്ന് ചോദിയ്ക്കാന്‍ തോന്നിയതാ പക്ഷെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു
   എടാ നീയെന്താ പന്തം കണ്ട പെരിചാഴിയെ പോലെ നില്‍ക്കുനത്? ഇത് ഞാനാണെടാ നിന്റെ രവി
   ഞാന്‍ അകെ പേടിച്ചു പോയി
   എന്തിനു!!!!!
   അല്ലാതെ പിന്നെ? ഈ നട്ട പാതിരാക്ക് വിജനമായ ഈ സ്ഥലത്ത് പുതപ്പ് പുതച്ചു ഒരു ഭീകര രൂപത്തെ പോലെ നിന്നിട്ട് വിളിച്ചാ പേടിക്കില്ലേ?”
   ഹഹഹഹ ഏതായാലും എത്ര നാളായി കണ്ടിട്ട് നീയെന്താ ഇപ്പൊ ഇവിടെ?”, നമുക്ക് വീട്ടിലേക്കു പോകാം
   വീട്ടിലേക്കോ?”
  അതെ ഇവിടെ അടുത്താണ്, ഇനി അവിടെ ചെന്നിട്ട് സംസാരിക്കാം

കോളിംഗ്ബെല്‍ മുഴക്കിയപ്പോള്‍ സുന്ദരിയായ ഒരു സ്ത്രീയാണ് വാതില്‍ തുറന്നത്, ഐശ്വര്യം നിറഞ്ഞ മുഖം. അവന്റെ ഭാര്യ ആയിരിക്കില്ലേ ?, അണെങ്കില്‍ അവന്‍ ഭാഗ്യവാന്‍ തന്നെ
നിങ്ങള്‍ എന്താ നേരത്തെ?” അവര്‍ ചോദിച്ചു
ഒരു അപ്രിയം ആണോ സന്തോഷം ആണോ ആ ചോദ്യത്തില്‍ ഉള്ളത് എന്ന് വായിച്ചെടുക്കാന്‍ ബുദ്ധിമുട്ടായിരുന്നു
   ഇതാണ് ജോര്‍ജ്, എന്‍റെ സുഹൃത്ത്‌, ഞാന്‍ പറയാറില്ലേ?”
   ആഹ്, വരൂ
അവരുടെ ഉപചാരം എനിക്ക് നന്നേ ബോധിച്ചു, നല്ല സ്ത്രീ.
ഭക്ഷണം കഴിക്കാന്‍ ഉള്ളത് തന്നു അവര്‍, ഒട്ടേറെ ക്ഷമാപണത്തോടു കൂടി. ഞാന്‍ ചുറ്റും ഒന്ന് നോക്കി, കൊട്ടാരം പോലെ ഉള്ള ഒരു വീട്. എങ്കിലും എവിടെയോ ഒരു ഭയം ഉള്ളില്‍ തങ്ങി നിന്നു. ഒരു അരക്ഷിതാവസ്ഥ.
നായ്ക്കള്‍ ഓരിയിടുന്ന ശബ്ദം, രാത്രിയുടെ ഭീതി ഇതില്‍ നിന്നാണ് തുടങ്ങുന്നത്.
ചീവീടിന്റെ ശബ്ദം, നായ്ക്കളുടെ ഓരിയിടല്‍, ഒടുങ്ങാത്ത നിശബ്ദത ഇതിനെ എല്ലാം എനിക്ക് പേടിയാണ്. എ. സീ(A/C) യുടെ കംപ്രേസ്സര്‍ വല്ലാതെ ശബ്ദിക്കുന്നു. റൂമില്‍ എന്നാലും ഒരു നിശബ്ദത തളം കെട്ടി കിടന്നു. ബസ്‌ സ്ടാണ്ടില്‍ ആ വിളി കേട്ടപ്പോള്‍ ഉണ്ടായ ഭീതി ഇപ്പോളും വിട്ടു മാറാത്ത പോലെ. ദേഹമാകെ ഒരു വിറയല്‍.
ഒരു വലിയ മുറിയില്‍ വിരിച്ചു തന്നു അവര്‍
വീതിയുള്ള കട്ടില്‍, പട്ടു മെത്ത, A/Cയില്‍ നിന്നും ചൂടുള്ള കാറ്റാണ് വരുന്നത് എന്ന് തോന്നുന്നു, ദേഹമാകെ വിയര്‍ക്കുന്നു. തലയിണയും വിരിയും എവിടെ ?
രാവിലെ ഒരു കപ്പു കാപ്പി ചൂടോടെ അവര്‍ കൊണ്ട് വന്നു വച്ചു.
   എന്താ നിലത്ത് കിടന്നത്?”
ഒന്ന് ചിരിക്കുക മാത്രം ചെയ്തു ഞാന്‍
   പേര് ഞാന്‍ ചോദിച്ചില്ല ?”
   രേവതിഒന്ന് ചിരിച്ചു കൊണ്ട് അവര്‍ കടന്നു പോയി
താഴേക്കു ചെന്നപ്പോള്‍ കൊട്ടും സ്യൂട്ടും ഇട്ടു അവന്‍ നില്‍ക്കുന്നു, ചായ കുടിക്കുകയാണ്
   നിനക്കെങ്ങോട്ടാ പോകേണ്ടത്?”
   ഞാന്‍ പോയ്കൊള്ളാം, കുറച്ചു ദൂരമുണ്ട്
   അത് വേണ്ട, കാര്‍ ഉണ്ട് അതില്‍ കൊണ്ട് വിടും രാജേഷ്‌
എതിര്‍ത്തില്ല ഞാന്‍
അവന്‍ പോയി, ഞാനും പോവാന്‍ ഇറങ്ങി
   ഉച്ചക്ക് ഇവിടെ വന്നു ചോറ് ഉണ്ടിട്ട് പോയാല്‍ മതിഅവര്‍ പറഞ്ഞു
ഒന്ന് ചിരിച്ചു കൊണ്ട് കാറിന്റെ വാതില്‍ തുറന്നു കയറി ഇരുന്നു
A/Cയുടെ മൂളിച്ച, വിയര്‍പ്പ്.!!!!!!
ഏറെ ദൂരം അതില്‍ ഇരിക്കാതെ ഞാനിറങ്ങി നടന്നു പോയി.
xxxxxxxxx---------xxxxxxxxx---------xxxxxxxxx---------xxxxxxxxx
ഇന്ന് നേരിയ വര പോലും കാണാനില്ല. കൂരിരിട്ടു തന്നെ . കാര്‍മേഘങ്ങള്‍ മൂടിയത് കൊണ്ട് നക്ഷത്രങ്ങളും കാണുന്നില്ല. തവളകളും കൂടിയിരിക്കുന്നു ചീവിടിന്റെ കൂടെ ശബ്ധമുണ്ടാക്കാന്‍
ഏറെ ദൂരം നടക്കാനാണ് തോന്നിയത്. സ്ടാണ്ടിന്റെ ഉള്ളിലേക്ക് കയറാതെ വേറൊരു ഇടവഴിയിലുടെ നടന്നു. കൂരിരിട്ടു ലൂടെ വഴി കാണാതെ ഉള്ള നടത്തം അതീവ രസകരമാണ്

Thursday, April 28, 2011

HAPPY FRIENDSHIP DAY(ഒരു പ്രണയ കഥ)

ബസ്‌ സ്ട്ടാണ്ടിലേക്ക് ഒരു ചെറിയ കയറ്റം കയറണം, ഒരു സര്‍ബത് കുടിച്ചു ഞാനെന്റെ ഹോസ്റ്റലിലേക്ക് പോകാന്‍ വേണ്ടി ബസ്‌ സ്റ്റൊപിലേക്ക് നടക്കുമ്പോള്‍ തന്നെ ഞാന്‍ കണ്ടു അവള്‍ അവിടെ നില്‍ക്കുന്നത്. അവളെന്നെ കണ്ടില്ല പക്ഷെ അവള്‍ കാണാതെ എന്തായാലും ബസ്‌ കയറാന്‍ പറ്റില്ല അല്ലെങ്കില്‍ പിന്നെ ഇവിടെ എങ്ങാനും നിന്നിട്ട് അവള്‍ പോയതിനു ശേഷം പോകണം
എന്തിനാ അങ്ങനെ ഒളിച്ചോടുന്നത് ? ആര്‍ക്കു വേണ്ടി?
ഒരു മെസ്സേജ് വന്നു ഫോണില്‍,  വായിച്ചു നോക്കിയില്ല. പതുക്കെ കയറ്റം കയറി ഞാന്‍ ബസ്‌ സ്റൊപ്പിലേക്ക് നടന്നു. റോഡ്‌ ക്രോസ് ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു. ഒരു ചെറു ചിരിയോടു കൂടി അവള്‍ എന്നെ വരവേറ്റു. ഞാന്‍ എന്തെങ്കിലും പറയുന്നതിന് മുന്‍പ് തന്നെ അവള്‍ പറഞ്ഞു കഴിഞ്ഞു “HAPPY FRIENDSHIP DAY”. ഞാന്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല. എന്തായാലും “HAPPY FRIENDSHIP DAY” എന്നല്ല.
അവള്‍ അധികം ഒന്നും സംസാരിച്ചില്ല, എങ്കിലും എന്തൊക്കെയോ പറഞ്ഞു. ഞാനും അധികം സംസാരിച്ചില്ല.
വിയര്‍ക്കുന്നു എനിക്ക്, ക്ഷീണവും ഉണ്ട്
“പനി ആണ് രണ്ടു ദിവസം ആയിട്ട്” . കള്ളം പറയാന്‍ യാതൊരു മടിയും എനിക്ക് തോന്നിയില്ല
എന്‍റെ ബസ്‌ എത്രയും പെട്ടെന്ന് വരാന്‍ ആണ് ഞാന്‍ കൊതിച്ചത്.
ഒരു K.S.R.T.C തന്നെ വന്നു
“ബൈ”
ചിരിചു കൊണ്ട് അവള്‍ കൈ അനക്കി, ഞാന്‍ ബാഗും ഏന്തി ബസ്സില്‍ കയറി. സീറ്റുണ്ടായിരുന്നില്ല.
ബസ്സ്‌ നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അവള്‍ കാണാതെ ഞാനവളെ നോക്കി, ഞാന്‍ അവളില്‍ നിന്നും ദൂരേക്ക്‌ ""വീണ്ടും"" പോയി തുടങ്ങി. ഒരു ഓര്‍മയിലേക്ക് ഞാന്‍ വഴുതി വീണു.
ഒരു മെസ്സേജ് വന്ന ശബ്ദം ആണ് എന്നെ ചിന്തയില്‍ നിന്നും ഉണര്‍ത്തിയത്. ഞാനെടുത്തു വായിച്ചു, രണ്ടും ഒന്ന് തന്നെ
“HAPPY FRIENDSHIP DAY”

Monday, April 4, 2011

കണ്സല്‍ട്ടിംഗ് ഫീ

ചൂടെറിയ കാറ്റ് വീശുന്നു, അടുത്ത രോഗിക്കായുള്ള ശബ്ദം അടിച്ചു ഞാന്‍. ഒരു സ്ത്രീ ആയിരുന്നു, ഒക്കത്തൊരു കുഞ്ഞും . വിയര്‍ത്തു മുഷിഞ്ഞ വസ്ത്രം.

 ഞാന്‍ ചിന്തിച്ചു; വിയര്‍പ്പിന്റെ ഗന്ധത്തിന് എന്താണ് വികാരം? ദൈന്യമായ നോട്ടങ്ങളില്‍ അലിഞ്ഞില്ലതാവുന്നതായാണ് എനിക്ക് തോന്നിയത്. 100ഓ അതില്‍ അധികം മൂല്യം ഉള്ള എന്തും ഞാന്‍ സ്വീകരിക്കുമായിരുന്നു. അന്ന് ഞാന്‍ അത് മേടിച്ചപ്പോള്‍ അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു. മുഖത്ത്‌ നോക്കാന്‍ ഞാന്‍ മറന്നു പോയി, നോക്കേണ്ടതായിരുന്നു.
ധര്‍മ പത്നിക്കു തിരക്കാണെപ്പോഴും. കീറിമുറിക്കലിന്‍റെ ആശാത്തി ആണവള്‍, ഭയങ്കരം തന്നെ അവളുടെ കഴിവ്.
ഭക്ഷണം കഴിക്കാന്‍ ഇരുന്നു, ഇന്ന് ഒരു കറുത്ത കൈ ആണ് വിളമ്പിയത്. ഇന്നലെയാണോ അതോ മിനിയാന്നാണോ എന്നറിയില്ല അതൊരു വെളുത്ത കൈ ആയിരുന്നു.
വണ്ടി നിറുത്തുന്ന ശബ്ദം കേട്ടു, ശീതികരിച്ച മുറിയില്‍ നിന്ന് ശീതികരിച്ച കാറിലേക്കും അവിടുന്ന് ശീതികരിച്ച മുറിയിലേക്കും, ഹോ!! ഉഷണിക്കുന്നുഎനിക്ക്, വയ്യാതായി.
വളകള്‍ കിലുങ്ങുന്ന ശബ്ദം, ഹഹഹഹഹ!!!!!!!!! എവിടെ നിന്ന്???? വളകള്‍ എവിടുന്നു കിലുങ്ങുന്നു എന്നാണ് സുഹൃത്തേ പറയുന്നത്?, അത് പണ്ടായിരുന്നു. സ്റ്റെതസ്കോപ്പിന്‍റെ അറ്റം ചെവിയില്‍ നിന്ന് എടുക്കുമ്പോള്‍ ഉണ്ടാകുന്ന ആശ്വാസം പോലും ഇല്ല ഇപ്പോള്‍, കത്രികകളും കത്തികളും ആണ് ചുറ്റും, .
ഏവര്‍ക്കും ദയനീയ മുഖഭാവം. ആര്‍ക്കും സന്തോഷം ഇല്ല, രോഗികള്‍ എങ്ങനെ സന്തോഷിക്കും അല്ലെ?
ക്ഷീണത്തിന്റെ ഒരു നെടു നിശ്വാസം കേള്‍ക്കാനുണ്ട്
നിങ്ങള്‍ ഉറങ്ങിയില്ലേ?”
ഞാന്‍ തിരിഞ്ഞു കിടന്നു , ആര് ശ്രദ്ധിക്കാന്‍ ?,
ശീതീകരണം തുടങ്ങി . ഹോ !!!!! ഉഷ്ണിക്കുന്നുപരിഹാസം തന്നെ അതിനും
പണ്ട് തണുപ്പിനെയും ഭാര്യയെയും എനിക്ക് ഇഷ്ടമായിരുന്നു, ഉറങ്ങാതെ ഇരിക്കുന്ന ദിവസങ്ങളില്‍ ഞാന്‍ തിരിഞ്ഞു കിടക്കാറുമില്ല
രണ്ടു പേര്‍ പഠിക്കുകയാണ്, കീറാനും മുറിക്കാനും തന്നെ. പോലീസുകാരന്റെ മകള്‍ പോലീസുകാരന്‍ തന്നെ ആവണമല്ലോ??
കള്ളനായാലും അത് തന്നെ ആഗ്രഹിക്കും
പ്രിയതമേ , ഞാന്‍ നന്നാവുന്നു , ഞാന്‍ എന്നെ സൌജന്യമായി കൊടുക്കാന്‍ പോകുന്നു എന്ന് പറയണം എന്ന് തോന്നി, അവളതു കേട്ട ഭാവം നടിക്കില്ല എന്നെനിക്കറിയാം.
പരിഹാസം തന്നെ അതിനും
വീടിന്റെ മുററത്തു ഒരു ബോര്‍ഡ്‌ വക്കണം അല്ലെങ്കില്‍ വേണ്ട അത് മോശമാണ്. പറഞ്ഞറിയട്ടെ എല്ലാരും.


സ്ഥിരമായി തിരക്ക്. ഇന്ന്, നാളെ, മറ്റന്നാള്‍, ഞാന്‍ ക്ഷീണിച്ചിരിക്കുന്നു.
വേണ്ട ചേച്ചി, കൈയില്‍ വച്ചോള്ളൂ
വിശ്വാസം വന്നിട്ടില്ല പലര്‍ക്കും ഇപോളും, എല്ലാരുടേം മുഖത്ത് ഞാന്‍ നോക്കി. ചിരി ആണ് എല്ലാര്‍ക്കും
നാലും മൂന്നും ഏഴ്, ഇന്ന് വേഗം തീര്‍ന്നു , ഇന്നല്പം വിശ്രമിക്കാം, സന്തോഷത്തിനു പകരം എന്താണ് തോനിയത് എന്ന് എനിക്കറിയില്ല, സന്തോഷമല്ല അതുറപ്പ്. ഏഴു പേരും ചിരിച്ചു കൊണ്ടാണ് ഇറങ്ങിപോയത് എന്നിട്ടും മനസ്സ് പിടയുന്നു
വെറുതെ ഇരിക്കുകയായിരുന്നു ഞാന്‍, ഒരാള്‍ വന്നിട്ടുണ്ട്, സന്തോഷം തോന്നി. ഞാന്‍ ബെല്‍ അടിച്ചു, കടന്നു വരാന്‍ പറഞ്ഞു
വീണ്ടും അതെ സ്ത്രീ, കുഞ്ഞിന്നെ കൊണ്ട് വന്നിട്ടില്ല
വേണ്ട ചേച്ചി, കാശ് കൈയില്‍ വച്ചോള് ഈ മരുന്ന് കഴിച്ചാ മതി
അവരും ചിരിച്ചു കൊണ്ടിറങ്ങിപോയി. ഹൃദയം ഭേദിച്ചു കൊണ്ടാണ് ആ ചിരി കടന്നു പോയത്.
മതിലിന്റെ അടുത്ത് ചെന്ന് നിന്നു, തന്റെ പേരും qualificationഉം വെളുത്ത പ്രതലത്തില്‍ കറുത്ത അക്ഷരം കൊണ്ട് വൃത്തിയായി എഴുതിയിരിക്കുന്നു. ഞാനും ചിരിച്ചു സന്തോഷത്തോടു കൂടി തന്നെ

Thursday, March 31, 2011

കോള്‍ഡ്‌ ബ്ലഡ്‌

ബസ്സിന്റെ ജനാലക്കരികില്‍ ഇരിക്കുമ്പോള്‍ തണുത്ത കാറ്റ് നന്നായി വീശുന്നുണ്ട് എന്നാലും ഷട്ടര്‍ അടച്ചിടാന്‍ തോനിയില്ല. ഒരുപാട് കാഴ്ചകള്‍ കാണാനുണ്ടായിട്ടല്ല, ഒരേ ഒരു കാഴ്ചയാനുള്ളത്, മരങ്ങളും വീടുകളും മനുഷ്യന്മാരും (പുലര്‍ച്ചെ ആയതു കൊണ്ട് അധികമില്ലന്നു മാത്രം) എല്ലാം എല്ലാം പിറകിലോട്ട് നീങ്ങുന്ന കാഴ്ച. എല്ലാം തന്നെ പുറകോട്ടാണ് നീങ്ങുന്നത്. മുന്നോട്ടു പോകുന്നവന്റെ മസ്തിഷ്കത്തില്‍ സന്തോഷം നിറച്ചു കൊണ്ട് എല്ലാരും പിറകിലോട്ട് നീങ്ങുന്നു. യഥാര്‍ത്ഥത്തില്‍ അത് ഒരു തോനാല്‍ ആണെന്ന് മനസിലാക്കിയവര്‍ വിരളം ആണെന് തോനുന്നു, എന്തിനു? ഈ ഞാന്‍ പോലും കടുത്ത തണ്‌പ്പിനെ അവഗണിച്ചു അത് ആസ്വദിക്കുകയല്ല

മനുഷ്യര്‍ എല്ലാം ഒന്ന് തന്നെ

“ ടിക്കറ്റ്‌ എടുക്കാന്‍ ഉള്ളവര്‍ എടുക്കു “

കയറി ഇരുന്നിട്ട് ½ മണിക്കൂര്‍ ആയി തിരക്കായത് കൊണ്ടാവും കണ്ടക്ടര്‍ എന്നെ ശ്രദ്ധിച്ചില്ല, ഞാന്‍ പിന്നെ പിന്നിലേക്ക്‌ പോകുന്ന മനുഷ്യരെ നോക്കികൊണ്ടിരിക്കുക ആയിരുന്നലോ

“ഒരു ടിക്കറ്റ്‌ “ 100 രൂപ നീടികൊണ്ട് ഞാന്‍ പറഞ്ഞു

“എവിടെക്യ ”

“ഇതെവിടെക്ക പോകുന്നത് ? “

“എന്താ മാഷേ ബസ്സില്‍ കയറി ഇരുന്നിട് കളിയാക്കാ ? ”


“അതല്ല, ഇതെവിടെക്കണോ പോകുന്നത് അവിടേക്ക് ഒരു ടിക്കറ്റ്‌ തരു വേഗം “

“ഇത് പാലക്കടെക്ക , 110 രൂപാ

10 രൂപായു, കൂടി എടുത്തു കൊടുത്തു, അടുതുള്ളയാള്‍ ഒന്ന് തറപിച്ചു നോക്കി ഷട്ടര്‍ അടക്കാത്തതില്‍ ഉണ്ടായിരുന്ന ദേഷ്യം ഇപോള്‍ അത്ഭുതം (അതോ സഹതാപമോ??!!!!) ആയി മാറിയിരിക്കുന്നു ഏതായാലും ഞാന്‍ ഷട്ടര്‍ താഴ്ത്തി, ഇനി എന്നെ കൊണ്ടൊരു ബുദ്ധിമുട്ട് വേണ്ട,

പിന്നില്‍ ഒരു ചിരി കേട്ടു, അതെ കണ്ടക്ടര്‍ കിളിയോടു പോയി ഞാന്‍ ടിക്കറ്റ്‌ എടുത്ത കഥ പറഞ്ഞിരിക്കുന്നു

ഇതും മനുഷ്യന്റെ ഒരു വിനോദം,

യുക്തിക്ക് നിരക്കാത്ത എന്തിനേം കളിയാക്കുക, പരിഹസിക്കുക

തെറ്റായാലും 99 പേര്‍ ചെയ്തതെ 100ആമത്തവന്‍ ചെയ്യു

മഴ പെയ്തു തുടങ്ങി, ഷട്ടര്‍ അടച്ചിട്ടും തണുപ്പിന് കുറവില്ല. പലക്കടെക്കാണത്രേ ബസ്‌ . ഞാന്‍ ബോര്‍ഡ്‌ ശ്രദ്ധിച്ചില്ല, ഒരു ബസ്സില്‍ കയറണം അതിന്റെ അവസാനം വരെ പോകണം അതായിരുന്നു ചിന്ത. എവിടെ നിന്നാണ് കയറിയത് എന്നും അറിയില്ല , ചോദിച്ചാലോ ?? വേണ്ട ഇനിയും പരിഹസിക്കപെടാന്‍ വയ്യ , നേരത്തെത് പോലെ അല്ല എല്ലാരും എണീറ്റിരിക്കുന്നു, അടുത്തുള്ളവന്‍ ഇപോളും ഉറക്കം ആണ്

ചൂട് കുടുതല്‍ ആണെന്ന് കേട്ടിടുണ്ട്, പ്രകിതി ഭംഗി ഒട്ടും കുറവില്ലത്രേ , അല്ലെങ്കിലും എത്തിച്ചേരുന്ന സ്ഥലത്തിന്റെ സവിശേഷതകള്‍ എന്നെ ബാധിക്കുന്നതല്ല

ഏതാനും കൊല്ലങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ഇരുട്ടില്‍ തപ്പുമ്പോള്‍ ഒരു പുസ്തകം കിട്ടി. ഇംഗ്ലീഷ് പുസ്തകം, ആരാണാവോ എഴുതിയത് ?? വളരെ നല്ല പുസ്തകം; ഒരു പാട് പേജുകള്‍, ഒരുപാടു വാചകങ്ങള്‍ എല്ലാം നല്ല വാചകങ്ങള്‍, വീണ്ടും അതെ ഇരുട്ടില്‍ തപ്പി പുസ്തകങ്ങള്‍ വീണ്ടും, വാചകങ്ങള്‍ വീണ്ടും, പല ഭാഷകളില്‍ , നിഘണ്ടുക്കളും കിട്ടി; പല വാചകങ്ങളുടെ അര്‍ഥം അതില്‍ നിന്നും ഞാന്‍ മനസിലാക്കി, എല്ലാം നല്ല വാചകങ്ങള്‍ ആയിരുനില്ല. പക്ഷെ പലതും ഞാന്‍ നല്ലതാണെന്നാണ് കരുതിയിരുന്നത്. എന്നെപോലെ ഇരുട്ടില്‍ തപുന്ന ഒരുപാട് പേര്‍ അവിടെ ഉണ്ടായിരുന്നു പലര്‍ക്കും ഇപോലും നല്ല പുസ്തകങ്ങള്‍ കിട്ടിയിട്ടില്ല, കിട്ടിയവര്‍ അധികവും വായിച്ചു നോക്കിയില്ല, വായിച്ചു നോക്കാന്‍ ഇഷ്ടപെടില്ല, തീക്ഷ്ണമായ ചില വികാരങ്ങള്‍ ആണ് അവര്‍ക്കുണ്ടയിരുന്നത്, എന്നോട് പ്രിത്യേകിച്ചും.

പഠിക്കുന്നവരെ അവര്‍ക്ക് ഇഷ്ടമയിരുനില്ല. എനിക്കും ഇഷ്ടമായിരുനില്ല

ഞാന്‍ പറഞ്ഞില്ലേ തണുപ്പിന് കാഠിന്യം കൂടുതലായിരുന്നു, ബസ്‌ വളരെ മെല്ലെ ആണ് പോകുന്നതു, ഹൈ വേയിലുടെ ആണ് പോകുന്നത് എന്ന് തോന്നില്ല. അയാള്‍ക്കും തണുക്കുന്നുണ്ടാകും. അയാളും മനുഷ്യനല്ലേ? മനുഷ്യന്മാര്‍ക്ക് തണുക്കും;, പക്ഷെ തണുത്ത രക്തം ഉണ്ടാകുന്നതു കണ്ടിട്ടുണ്ടോ?, ഞാന്‍ കണ്ടിട്ടുണ്ട് എന്റെ രക്തം dialysis നടത്തിയ ആള്‍ എന്നോട് പറഞ്ഞിട്ടുണ്ടെ എനിക്ക് തണുത്ത രക്തം ആണെന്ന്. അയാളുടെ രക്തം ആണ് എനിക്ക് തന്നത്, പാവം അയാള്‍ മരിച്ചു പോയി അയാളോട് ഞാന്‍ കടപെട്ടിരിക്കുന്നു

കണ്ടക്ടര്‍ ടിക്കറ്റ്‌ എടുപ്പ് നിര്‍ത്തി, ടിക്കറ്റ്‌ എടുക്കാന്‍ ആരും ബാക്കിയില്ല. ആരും കയറുന്നുമില്ല

എന്റെ വീട്ടില്‍(8-10 കൊല്ലം മുന്‍പാണ് ) രണ്ടു പേര്‍ ഉണ്ടായിരുന്നു. ഒരാള്‍ പുസ്തകം എഴുതും, മറ്റേ ആള്‍ സഹായിക്കും പലവിധത്തില്‍. എന്നെ വളര്‍ത്തിയത്‌ അവര്‍ ആണ്. എന്നെ മാത്രമല്ല പലരെ അവര്‍ വളര്‍ത്തി. എന്നെ മാത്രമെ അവര്‍ ഓര്‍മിക്കു, ഞാനും അങ്ങനെ തന്നെ

സ്കൂള്‍, പഠനം എന്നി കാര്യങ്ങളില്‍ ഞാന്‍ പണ്ടേ മോശമായിരുന്നു, എല്ലാവര്ക്കും കളക്ടര്‍ ആവാന്‍ പറ്റില്ലല്ലോ!!!. എന്തായാലും പത്താം ക്ലാസ്സ്‌ ഒക്കെ പാസ്‌ ആയി

ബിരുദം ആണത്രേ ബിരുദം, ജോലി ഇല്ലാലോ അതോണ്ട് ബിരുദം

അന്ന് കൈയില്‍ കുറച്ചു തന്റേടം ഉണ്ട്‌, പിന്നെ രക്തവും

ഞാന്‍ പറഞ്ഞില്ലേ chilled blood. പക്ഷെ അതങ്ങനെ തിളക്കും ഇടയ്ക്കു, ചൂട് കുടുതല്‍ ആയതു കൊണ്ടായിരിക്കും

ഇടയ്ക്കു ഓരോ ജോലി കിട്ടും, പ്രധാനമായും ചില പ്രസംഗം കേള്‍ക്കല്‍ ആയിരിക്കും, ചിലപ്പോള്‍ അത് കേട്ട് തുള്ളാനും, ചില പ്രിത്യേക സാഹചര്യങ്ങളില്‍ ചിലരെ ആരും അറിയാതെ സഹായിക്കുക, അങ്ങനെ ചില പണികളും ഉണ്ടാവും. നമ്മുടെ രക്തം മറ്റത് ആയത് കൊണ്ട് ഇതിനോന്നും തളര്‍ച്ച ഇല്ല, ഏതായാലും ബിരുദം പൂര്‍ത്തിയായില്ല.



ചില ആള്‍കാര്‍ കാണാന്‍ വന്നു, ചില ആള്‍കാരെ ഞാന്‍ കാണാന്‍ പോയി. ഞാന്‍ കാണാന്‍ പോയ ആള്‍ക്ക് എന്നെ അറിയാമായിരുന്നു, ഞാന്‍ അദേഹത്തോടു ഒരു പാട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ അതൊന്നും സമ്മതിച്ചു തന്നില്ല, പകരം ചിരിക്കുക മാത്രം ചെയ്തു, അയാളുടെ കൂടെ വേറൊരു സ്ത്രീ ഉണ്ടായിരുന്നു, അവര്‍ പക്ഷെ കരഞ്ഞു കൊണ്ടിരുന്നു, എനിക്ക് വന്നത് ദേഷ്യം ആണ്.

സന്തോഷം, സന്താപം ദേഷ്യം ; ഇതില്‍ ദേഷ്യം ആണ് അപകടകാരി


കുറച്ചു പേര്‍ എന്റെ ചുറ്റും കൂടി നിന്ന് ചിരിക്കുന്നു, ആര്‍ത്തു വിളിക്കുന്നു പ്ലേറ്റുകള്‍ തട്ടി ശബ്ദം ഉണ്ടാകി കൊണ്ട് അവര്‍ എന്തൊക്കെയോ വിളിച്ചു കൊണ്ടിരുന്നു. ദേഹം മുഴുവന്‍ തളര്‍ത്തുന്ന ഒരു തരം ശബ്ദവും വെളിച്ചവും. ആരൊക്കെയോ വന്നു എന്റെ ചുറ്റും കൂടി നിന്നവരെ പിടിച്ചു മാറ്റി. ഞാന്‍ തളര്‍ന്നു വീണു.

നിലാവ് നേരിട്ട് ആ റൂമിലേക്ക് പതിക്കുന്നുണ്ട്, പക്ഷെ ഉറക്കം വരാറില്ല, ഉറങ്ങാറുമില്ല, ഉറങ്ങണം എങ്കില്‍ കണ്ണടക്കണമല്ലോ??, അത് പറ്റില്ല. ഞാന്‍ നാട്ടു നനച്ചു വളര്‍ത്തിയ ഒരു വാഴ ഉണ്ടായിരുന്നു തൊട്ടപ്പുറത്തു. അതിന്നലെ കരിഞ്ഞു പോയി; അതാണ് ഓര്മ വരുന്നത്.

നിറങ്ങള്‍ ഉള്ള വസ്ത്രം ധരിച്ചിട്ടു കുറെ കാലമായി, പക്ഷെ എങ്ങനെ ജീവിക്കും ?? രണ്ടു പേര്‍ പുറത്തേക്കുള്ള വഴി കാണിച്ചു തന്നു, പുറത്തെക്കിറങ്ങിയപ്പോള്‍ നല്ല ചൂട്, പിന്നില്‍ ഒരു വലിയ മതില് മാത്രം, വാതില്‍ അടഞ്ഞിരിക്കുന്നു


ഇന്നലെ ആണവിടെ പോയത്, മണ്ണ് മാത്രം ഉണ്ട്‌, ഒരടയാളം പോലുമില്ല . കരയാന്‍ പറ്റിയില്ല , ഏറെ ദൂരം ഉണ്ടായിരുന്നു അവിടേക്ക് എനാലും നടന്നു വന്നു. ആരും മനസിലാക്കിയില്ല എന്നെ, ഭാഗ്യം ആരും മനസിലാക്കല്ലേ എന്നായിരുന്നു പ്രാര്‍ത്ഥനയും


പാലക്കാട്‌ 35km, ഭഗവാനെ യാത്ര അവസാനിക്കാറായല്ലോ

അതെ അവസാനിച്ചിരിക്കുന്നു, ഇനി എന്ത് ചെയും ?? ബസ്സുകള്‍ ഇനിയും സര്‍വീസ് നടതുമല്ലോ അല്ലെ????!!!!

കോയമ്പത്തൂര്‍ ബസ്സ്‌ സ്ടാണ്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് മാതൃഭൂമി പത്രം വില്കുന്നത് കണ്ടത്, ഒരെണ്ണം വാങ്ങി

“” പാലക്കാട്‌ ജില്ലയില്‍ ഹര്‍ത്താല്‍”?

ആരോ ആരെയോ കൊന്നു, ചത്തവര്‍ക്ക് എല്ലാര്ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാം, എല്ലാവര്ക്കും ചാന്‍സ് ഉണ്ട്‌

“സുഹൃത്തേ നിങ്ങള്‍ ആരെയെങ്കിലും കൊന്നിട്ടുണ്ടോ???”

“ എന്നാ തമ്പി “??

ഞാന്‍ ചിരിച്ചു പോയി അവന്‍ തമിഴന്‍ ആയതു നന്നായി അല്ലെങ്കില്‍ ഞാന്‍ വീണ്ടും പരിഹാസ പാത്രമയേനെ

പത്രത്തില്‍ കാര്യമായി ഒന്നും ഇല്ല, ചായയും തണുത് പോയി