Tuesday, August 5, 2014

മറ്റുള്ളവര്‍ ഒക്കെ എവിടെ പോയി? - Fermi Paradox ഒരു അവലോകനം

സുന്ദരമായ ഒരു രാത്രിയിൽ പുറത്തിറങ്ങി ആകാശത്തേയ്ക്ക് നോക്കിയിട്ടുണ്ടോ?. നക്ഷത്രം നിറഞ്ഞു നില്ക്കുന്ന ആകാശം കണ്ടു അല്ഭുതപെട്ടിട്ടുണ്ടോ? അപ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേയ്ക്ക് കടന്നു വരുന്ന ചിന്ത?, പ്രപഞ്ചത്തിന്റെ അപാരത ആലോചിച്ചു നിങ്ങള്ക്ക് അത്ഭുതം തോന്നാറില്ലേ?. എനിക്ക് സ്വന്തം അസ്തിത്വത്തിന്റെ തന്നെ തകര്ച്ച അനുഭവപെടും, അടുത്ത നിമിഷങ്ങളിൽ ചെറിയ ഭ്രാന്തുള്ള മനുഷ്യൻ ആയി തീരും. ഇറ്റാലിയൻ ശാസ്ത്രജ്ഞൻ ആയ എൻറിക്കോ ഫെർമി ഒരു ദിനം മുകളിലേയ്ക്ക് നോക്കി ഇങ്ങനെ ആലോചിച്ചു "എവിടെ മറ്റുള്ളവർ?, ഇവിടെ അടുത്തു തന്നെ ഉണ്ടാവേണ്ടാതാണല്ലോ". ആ ചിന്ത ആണ് ഫെർമി പാരഡോക്സ്.

നമ്മള്‍ രാത്രി കാണുന്ന നക്ഷത്ര സമൂഹം
ഏതാണ്ട് ആ ചുവന്ന വട്ടത്തിനുള്ളില്‍ വരും.


സുന്ദരമായ ഒരു രാത്രിയിൽ നിങ്ങൾ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണം പരമാവധി 2500 ആണ് (മൊത്തം നക്ഷത്രങ്ങളുടെ പത്തുകോടിയിൽ ഒരംശം) അതും പരമാവധി 1000 പ്രകാശ വർഷം (ആകാശഗംഗയുടെ വ്യാസത്തിന്റെ ഒരു ശതമാനം) അകലെ മാത്രം ഉള്ളത്. അപ്പോൾ നിങ്ങൾ കാണുന്നത് പ്രപഞ്ചത്തിന്റെ അപാരതയിൽ ഒന്നുമില്ലാത്ത ഒരു ബിന്ദു മാത്രമാണ്. പ്രപഞ്ചത്തെ കുറിച്ച് ആലോചിക്കുമ്പോൾ നമ്മൾ  പണ്ട് മുതൽ ചോദിക്കുന്നതും ഇപ്പോഴും ചോദിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു ചോദ്യമാണ് അന്യഗ്രഹ ജീവികൾ ഉണ്ടോ?, മറ്റൊരു ഭൂമിയുണ്ടോ?, അതോ നമ്മൾ ഈ മഹാ പ്രപഞ്ചത്തിൽ ഒറ്റയ്ക്കാണോ? 


നമുക്കൊരു കണക്കു കൂട്ടൽ നടത്തി നോക്കാം. വളരെ രസകരമാണ് ഇതിലെ കണ്ടെത്തലുകൾ. എന്നാൽ പെടിപെടുത്തുന്നതും പരസ്പരവിരുധവും ആയ ചില കാര്യങ്ങളുമുണ്ട്. 


നമ്മുടെ ഗാലക്സി ആയ ആകാശഗംഗയിൽ മാത്രം 100-400 ബില്ല്യൻ നക്ഷത്രങ്ങൾ ഉണ്ടാവും. പക്ഷെ അത്രയും തന്നെ ഗാലക്സികൾ ഉണ്ടാവും. മൊത്തത്തിൽ നമ്മള്‍ കണ്ട പ്രപഞ്ചത്തില്‍ 10^22-10^24 (100000000000000000000000!!!!!!!!!) നക്ഷത്രങ്ങൾ ഉണ്ടെന്നു കണക്കാക്കുന്നു. ഭൂമിയിലെ കടല്‍തീരത്തുള്ള മൊത്തം മണല്‍തരികളുടെ (സത്യം, ഇതിനു ഏകദേശം ഒരു കണക്കുണ്ട്, അത് വേറെ കഥ)  ആയിരം ഇരട്ടി വരുമിത്‌.


അതിൽ എത്ര എണ്ണം സൂര്യന്റെ അതെ വലുപ്പത്തിലും പ്രകാശത്തിലും ഉണ്ട് എന്നുള്ള കാര്യത്തിൽ ശാസ്ത്രം ഒരു തീരുമാനത്തിൽ എത്തിയിട്ടില്ല എന്നാലും 5%-20% വരെ ഉണ്ടാവും എന്നാണു ഒരു ഏകദേശ കണക്ക്. നമ്മൾക്കു 5% എന്നെടുക്കാം. ഇനി അതിനോട് ചേര്ന്നുള്ള ഗ്രഹങ്ങളിൽ ഭൂമിയുടെ അതെ അവസ്ഥകൾ ഉള്ള ജീവൻ ഉണ്ടാവാൻ സാധ്യതയുള്ള ഗ്രഹങ്ങൾ എത്ര എന്ന് നോക്കാം. ഈയിടെ നടന്ന ഒരു പഠനത്തിൽ അത് 22% എന്നാണു കാണിക്കുന്നത്. 


അപ്പൊ 5x22/100 = 1%. മൊത്തം ഭൂമി പോലുള്ള ഗ്രഹങ്ങൾ ഏതാണ്ട് 10^22*1/100 = 10^20 ആണ്. !!!!!!


ഇനി അങ്ങോട്ട്‌ മൊത്തം അനുമാനങ്ങൾ ആണ്. ജീവൻ ഉണ്ടാവാൻ സാധ്യത ഉള്ള ഗ്രഹങ്ങളിൽ ഒരു ശതമാനം ഗ്രഹങ്ങളിൽ ജീവൻ ഉണ്ടായി എന്ന് കരുതുക. അതിലും ഒരു ശതമാനം ഗ്രഹങ്ങളിൽ മനുഷ്യന്റെ നിലവാരത്തിൽ ജീവൻ പരിണമിച്ചു എന്ന് കരുതുക. അതായത് 10^22x1/10000 = 10^18 ഗ്രഹങ്ങൾ എങ്കിലും മനുഷ്യരുടെ അതെ നിലവാരത്തിൽ പരിണമിച്ച ജീവൻ ഉള്ളവയാണ്. അതായത് ഭൂമിയിൽ എത്ര മണൽ തരിയുണ്ടോ അത്രയും ഭൂമികൾ വേറെയുണ്ടെന്നു കണക്കു പറയുന്നു. ഇനി മൊത്തം പ്രപഞ്ചം എടുക്കണ്ട. നമ്മുടെ ആകാശഗംഗയിലെ മാത്രം നക്ഷത്രങ്ങൾ എടുത്തു ഈ കണക്കു കൂട്ടിയാൽ ഒരു ബില്യൻ ജീവകണം ഉള്ള ഗ്രഹങ്ങളും ഒരു ലക്ഷം ഭൂമികളും (മനുഷ്യന്‍റെ അളവ് വരെ പരിണാമം പുരോഗമിച്ച ഗ്രഹം) കിട്ടും. 


നമ്മുടെ ഗാലക്സിയിൽ മാത്രം ഒരു ലക്ഷത്തിൽ അധികം ഭൂമികളും അവിടങ്ങളിൽ ഒക്കെ മനുഷ്യരും ഉണ്ടെങ്കിൽ അവയിൽ ഒരു ശതമാനം എങ്കിലും സന്ദേശങ്ങൾ അയക്കുന്നുണ്ടാവില്ലേ? അവരുടെ സാന്നിധ്യം എങ്ങനെയെങ്കിലും നമുക്ക് സംവേദനകരം ആകില്ലേ? പക്ഷെ ഇന്നേ വരെ വിശ്വസനീയമായ ഒരു തെളിവ് അതിനു ലഭിച്ചിട്ടില്ല. അപ്പൊ ഫെർമി ചോദിച്ചത് ശരിയല്ലേ? എവിടെ ഇവരെല്ലാം?, ഇവിടെ എവിടെയൊക്കെയോ തന്നെ ഉണ്ടാവേണ്ടാതാണല്ലോ. കാണുന്നില്ല. 


ഇനി ഇതല്ല രസം. സൂര്യൻ താരതമ്യേന ചെറുപ്പക്കാരൻ ആണ്. സൂര്യനെക്കാൾ പ്രായം ഏറിയ ഒരുപാട് നക്ഷത്രങ്ങൾ ഉണ്ട്. അവയുടെ ഒക്കെ ഗ്രഹങ്ങളിൽ ഉള്ള മനുഷ്യര്‍ എത്ര പുരോഗമിചിരിക്കും. നമ്മൾ തന്നെ ആയിരം വർഷം കഴിഞ്ഞാലുള്ള പുരോഗമനം എത്ര ആയിരിക്കും?. അവരുടെ ടെക്നോളജി എന്തായിരിക്കും?. അപ്പൊ പത്തും ഇരുപതും ലക്ഷം വർഷങ്ങൾ കഴിഞ്ഞാൽ ഉള്ള അവസ്ഥയിൽ ഇരിക്കുന്ന ഒരു ഗ്രഹത്തിന്റെ പുരോഗതി ചിന്തിച്ചു നോക്കൂ. എന്നിട്ടും അവരുടെ ഒന്നും ഒരു പോടീ പോലുമില്ല കണ്ടുപിടിക്കാൻ . .ഇവരൊക്കെ എവിടെ പോയിരിക്കുന്നു.??


Kardhashev scale എന്നൊരു അളവുകോൽ ഉപയോഗിച്ച് ഗ്രഹങ്ങളുടെ പുരോഗമന ഘട്ടങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. 


തരം 1: സ്വന്തം ഗ്രഹത്തിലെ മുഴുവൻ ഊര്‍ജവും ഉപയോഗിക്കാൻ കഴിവുള്ളവർ. നമ്മൾ മനുഷ്യര് ഏതാണ്ട് ഈ തരക്കാർ ആണ്. എങ്കിലും മുഴുവനല്ല. കാൾ സാഗൻ ഒരു സമവാക്യം ഉപയോഗിച്ച് നമ്മൾ ഏതാണ്ട് 0.7 തരക്കാർ ആണെന്ന് പറയുന്നു


തരം 2: സ്വന്തം നക്ഷത്രത്തിന്റെ ഊര്‍ജം മുഴുവൻ ഉപയോഗിക്കാൻ പഠിച്ചവർ. ഇതെങ്ങനെ സാധിക്കും എന്ന് നമ്മൾ തരം 1 ജാതിക്കാർക്ക് മനസിലാവില്ല. പക്ഷെ സംഭവിക്കാൻ സാധ്യത ഉണ്ടെന്നു പറയാൻ പറ്റും.


തരം 3: ഇവന്മാര്‍ വൻ ടീമുകൾ ആണ്, ഒരു ഗാലക്സി മുഴുവൻ കയ്യടക്കി ഭരിക്കാൻ കഴിവുള്ളവർ ആണിവർ. ഇന്റർസ്റ്റെല്ലാർ ട്രാവൽ ഒക്കെ ഇവര്‍ക്ക് പിടിത്തമുണ്ട്. 


ഒരു അനുമാനത്തിൽ നമ്മുടെ ഗാലക്സിയിൽ ഉള്ള ഒരു ലക്ഷം ഭൂമികളിൽ തരം 3 സംസ്കാരം ഉള്ള ഗ്രഹങ്ങൾ 0.5% ഉണ്ടെന്നു കണക്കാക്കിയാൽ പോലും നമ്മുടെ ഗാലക്സിയിൽ മാത്രം ഒരു 500 ഇത്തരം സമൂഹങ്ങൾ കാണണം. ഇവരുടെ സാന്നിധ്യം എങ്ങനെ പോയാലും നമ്മൾ അറിയാതെ വരില്ല. എന്നിട്ടും ഒന്നും കാണുന്നില്ല. എവിടെപോയി? ഇതാണ് ഫെർമി പാരഡോക്സ്. സാമാന്യ ഗണിതവും ഇതുവരെ ഉള്ള അറിവിന്റെ അടിസ്ഥാനത്തിൽ നടത്തിയ അനുമാനവും വച്ച് നോക്കുമ്പോ കണക്കു ശരിയാണ്. പക്ഷേ അതിനെ സാധൂകരിക്കാൻ ഉള്ള തെളിവുകൾ കിട്ടുന്നില്ല. 


ഇതിനു പല ഉത്തരങ്ങള പലരും നല്കുന്നുണ്ട്. പ്രധാനമായും രണ്ടു അഭിപ്രായക്കാർ ആണുള്ളത്. 


അഭിപ്രായം ഒന്ന്: നമ്മൾക്ക് ആരുടേയും തെളിവുകൾ ലഭിക്കാത്തത് അങ്ങനെ ആരും ഇല്ലാത്തത് കൊണ്ട് തന്നെയാണ്. (മിക്കവാറും എല്ലാവരും ഇത് പറയും). അപ്പൊ കണക്കും, ഇത് വരെ ഉള്ള അറിവുകളും അനുമാനങ്ങളും ഒക്കെ തെറ്റാണോ?. അല്ല, മറ്റെന്തോ നടക്കുന്നുണ്ട് ഇതിന്റെ ഇടയിൽ, ആ മറ്റെന്തോ ആണ് നിർണായക ഘട്ടം (Great  Filter ). പരിണാമത്തിന്റെ പാതയിൽ എല്ലാ ജീവി സംസ്ക്കാരങ്ങള്‍ക്കും ഒരു നിര്‍ണായക ഘട്ടം തരണം ചെയ്യാനുണ്ടാവും. ആ നിര്‍ണായക ഘട്ടം മറികടക്കുന്ന ചുരുക്കം ചില ജീവി വർഗങ്ങളെ കാണൂ. ചിലപ്പോൾ ജീവൻ തന്നെ ഗ്രഹത്തിൽ നിന്നും തുടച്ചു നീക്കപെട്ടെക്കാം. എല്ലാ ഗ്രഹങ്ങളിലും അതുണ്ടാവും. അത് മറികടക്കുന്നവര്‍ക്കേ തരം മൂന്ന് സംസ്കാരത്തിന്റെ അവസ്ഥയില്‍ എത്തിച്ചേരാൻ സാധിക്കൂ. അങ്ങനെയെങ്കിൽ ഭൂമിയുടെ ആ ഘട്ടം കഴിഞ്ഞോ? അതിനു മൂന്നു സാധ്യതയാണ് ഉള്ളത്.


ഒന്ന്: ആ ഘട്ടം കഴിഞ്ഞു, അത് നമ്മൾ മറികടന്നു. അത് മറികടന്നു വന്ന ഒരേ ഒരു സമൂഹം ആണ് നമ്മൾ. നമ്മൾ തരം 3 സംസ്കാരത്തിലെയ്ക്ക് കുതിച്ചു കൊണ്ടിരിക്കുക ആണ്. അങ്ങനെ എങ്കിൽ ഇതിനെല്ലാം ഒരു ഉത്തരം ആയി. പക്ഷേ അപ്പൊ നമ്മുടെ പരിണാമ പാതയിൽ ആ ഘട്ടം ഏതായിരുന്നു?


വീണ്ടും മൂന്നു സാധ്യത


1: ജീവൻ ഉണ്ടായതാണ് ആ നിർണായകമായ ചാട്ടം. അങ്ങനെ ഭൂമിയിൽ മാത്രമേ സംഭവിച്ചുള്ളൂ. അങ്ങനെയെങ്കിൽ വേറെ മനുഷ്യർ എന്നല്ല ജീവൻ തന്നെ കാണില്ല


2: ഏക കോശ ജീവികളിൽ നിന്ന് ബഹുകോശ ജീവികളിലെയ്ക്കുള്ള ചാട്ടം. സാധ്യത വളരെ കുറവാണ്. കാരണം ഇന്നും അത് നടക്കുന്നുണ്ട്.


3: ബുദ്ധിയുള്ള മനുഷ്യര് ഉണ്ടാവുക എന്നത് ഒരു വലിയ ചാട്ടം ആണ്. മൃഗങ്ങളിൽ നിന്ന് ബോധവും ഇന്റലിജൻസും ഉള്ള മനുഷ്യര് പരിണമിച്ചു എന്നത്. അങ്ങനെയെങ്കിൽ മറ്റു ഗ്രഹങ്ങളിൽ ജീവൻ ഉണ്ടാവാം. പക്ഷേ പ്രാകൃത സംസ്കാരം ആയിരിക്കും. ചിലപ്പോ മൃഗങ്ങൾ മാത്രം ആയിരിക്കും. ഏതെങ്കിലും ഗ്രഹങ്ങളിൽ ഡിനോസറും മാമത്തും ഒക്കെ വാഴുന്നുണ്ടാവും. 


തിരിച്ചു നിർണായക ഘട്ടത്തിന്റെ രണ്ടാമത്തെ ഒപ്ഷനിലെയ്ക്ക് വരാം. 


രണ്ടു: നമ്മൾ ആണ് ആദ്യം. നിര്ണായക ഘട്ടം ഇല്ല. ബിഗ്‌ ബാങ്കിനു ശേഷം ആദ്യമായാണ് ജീവൻ ഉണ്ടാവാൻ ഉള്ള സാധ്യത ഉണ്ടായത്. അത് നമ്മളാണ്. നമ്മൾ ആയിരിക്കും പ്രപഞ്ചം കീഴടക്കാൻ ആദ്യം പോകുന്നത്. 


മൂന്നു: അപകടം കാത്തിരിക്കുന്നു. നിർണായക ഘട്ടം വരാൻ പോകുന്നതെ ഉള്ളൂ. ഒരു കാലത്ത് വലിയ പ്രളയം വന്നു നമ്മളെല്ലാം മരിക്കും. വീണ്ടും ജീവൻ ഉണ്ടായി വരും. വീണ്ടും മരിക്കും. അങ്ങനെ അങ്ങനെ കടന്നു പോകും. ഒന്നാലോചിച്ചു നോക്കൂ, നാളെ "മാർസി"ൽ ഫോസിലുകൾ കണ്ടെത്തി എന്നോ മറ്റോ വാർത്ത വന്നാലുള്ള അവസ്ഥ. അതിന്റെ അർഥം എന്താണ്? അവിടെ മനുഷ്യർ ഉണ്ടായിരുന്നു എന്നോ? അവരൊക്കെ എങ്ങനെയോ മരിച്ചു പോയി?, പേടിപെടുത്തുന്ന ഒരു വാർത്ത ആയിരിക്കുമത്. നിർണായക ഘട്ടം വരാനിരിക്കുന്നതെ ഉള്ളൂ എന്ന സത്യം നമ്മെ അതോർമിപ്പിക്കും


ഇനി രണ്ടാമത്തെ അഭിപ്രായം ഉള്ളവർ: ജീവൻ വേറെയും ഉണ്ട്, അവരെ നമ്മൾ അറിയാത്തത് വേറെ പല കാരണങ്ങൾ കൊണ്ടാണ്. അതിൽ കുറെ കാരണങ്ങൾ ഉണ്ട്. കുറച്ചെണ്ണം ഇവിടെ പറയാം


ഒന്ന്: സൂപ്പര് ഇന്റലിജന്റ് ആൾക്കാർ ഭൂമിയിൽ വന്ന കാലത്ത് മനുഷ്യർ ഇല്ലായിരുന്നിരിക്കാം. 


രണ്ടു: ഈ ഗാലക്സി ഒരു സമൂഹം പിടിച്ചടക്കി ഇരിക്കുകയാണ്. പക്ഷേ അതിന്റെ ഏതോ ഒരു മൂലയിൽ ഒറ്റപെട്ടു കിടക്കുകയാണ്. അവരുടെ അനക്കങ്ങൾ ഒന്നും നമ്മുടെ ഭാഗത്ത് എത്തുന്നില്ല ആരും ഈ ഭാഗത്തേയ്ക്ക് വരുന്നുമില്ല. 


മൂന്ന്: സന്ദേശങ്ങൾ അയക്കുന്നത് അപകടകരം ആണ്, വേറെ ആൾക്കാർ അറിഞ്ഞു നമ്മെ അപകടപെടുത്താൻ അത് സഹായിക്കും എന്ന അറിവില്ലാത്ത മണ്ടന്മാർ ആയിരിക്കും നമ്മൾ. മറ്റുള്ളവര്ക്ക് ആ ബോധ്യം ഉള്ളത് കൊണ്ട് അവർ ഒതുങ്ങി കൂടി കഴിയുന്നു. 


നാല്: ആകെ ഒരു സൂപ്പര് ഇന്റലിജന്റ് സമൂഹം മാത്രമേ ഉള്ളൂ. ഉയര്ന്നു വരുന്ന എല്ലാ സമൂഹത്തിനെയും അവർ തകര്ക്കും. നമ്മളെയും അവർക്കൊരു ഇര ആവുന്ന കാലം വരെ കാത്തു നില്ക്കുന്നു എന്നെ ഉള്ളൂ. അവർക്കൊരു വെല്ലുവിളി ആവും എന്ന് തോന്നിയാൽ എടുത്തു വലിച്ചെറിയും അവന്മാര്. 


അഞ്ചു: നമ്മുടെ ടെക്നോളജി കൊണ്ട് മനസിലാക്കാവുന്ന സംഗതികൾ അല്ല അവരുടേത്. ഒരു മാളിൽ വാക്കി ടാക്കി കൊണ്ട് പോയിട്ട് എന്തെങ്കിലും സന്ദേശം കിട്ടുന്നുണ്ടോ എന്ന് നോക്കുക. ഒന്നും കിട്ടില്ല, കാരണം അവിടെ എല്ലാവരും മൊബൈൽ ഫോണ്‍ അല്ലെ ഉപയോഗിക്കുന്നത്. അപ്പൊ അവിടെ ആരും ഇല്ല എന്നർതമില്ലല്ലൊ. 


സംഗതി സൈൻസ് ഫിക്ഷൻ സിനിമകളിലെ കാര്യങ്ങൾ പോലെ തോന്നുന്നുണ്ട് അല്ലെ?. ഏതാണ്ട് അത് പോലൊക്കെ തന്നാണ് കാര്യങ്ങൾ. പക്ഷേ ഒരു കാര്യം ആലോചിക്കൂ. ഇപ്പൊ നമ്മൾ പണ്ടത്തെ ആളുകള് ഭൂമി പരന്നതാണെന്നും ആകാശം സ്വര്ഗത്തിന്റെ അടി ഭാഗം ആണെന്നും,  ഒക്കെ വിചാരിചിരുന്നവർ ആയിരുന്നല്ലോ പറഞ്ഞു ചിരിക്കാറുണ്ട്. അത് പോലെ വേറെ എവിടെയെങ്കിലും ഇരുന്നു കുറെ മനുഷ്യർ ചിരിക്കുന്നുണ്ടാവും. ഇവര്‍ക്കൊന്നും അറിയില്ലല്ലോ. എന്താണ് നടക്കുന്നത് എന്നതിനെ പറ്റി ചെറിയ ഒരു ധാരണ പോലും ഇല്ലല്ലോ എന്നോര്‍ത്തു. പ്രപഞ്ചത്തിന്റെ ആയുസ്സ് ഒരു കൊല്ലത്തില്‍ അളന്നാല്‍ മൂന്നോ നാലോ സെക്കണ്ട് മുന്‍പ് മാത്രം ജന്മം കൊണ്ട ഒരു പ്രാകൃത സംസ്ക്കാരമാണ് മനുഷ്യ സംസ്കാരം. നമ്മള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത സംസ്കാരങ്ങള്‍ നില നില്‍ക്കുന്നുണ്ടെങ്കില്‍ അതിനേ പറഞ്ഞതെല്ലാം സാധ്യമാണ്.  

Source: Fermi Paradox

Saturday, June 21, 2014

ലെഹ്-ലഡാക്ക് - ലോകത്തിന്റെ നെറുകയിലേയ്ക്കു ഒരു യാത്ര 2

 ആദ്യ ഭാഗം ഇവിടെ

വായനക്കാരുടെ ശ്രദ്ധയ്ക്ക്. ശ്രീനഗറില്‍ നിന്നും ലെയിലെയ്ക്ക് പോകുന്ന ഏഴംഗ സംഘത്തിന്‍റെ വണ്ടി മൂന്നു മണിക്കൂര്‍ വൈകി ഓടിക്കൊണ്ടിരിക്കുന്നു. ദാല്‍ തടാകത്തിന്‍റെ നടുക്ക് റൂം ഒക്കെ എടുത്തു രാത്രി പത്തു മണിക്ക് കിടന്നുറങ്ങിയാല്‍ രാവിലെ നാല് മണിയ്ക്ക് കുറെ എണീക്കും. എവിടെ???, പുറപ്പെടാന്‍ എട്ടു മണിയായി. ഭക്ഷണം വേണ്ടാന്നു വച്ചു യാത്ര തുടങ്ങി.

ശ്രീനഗര്‍-ലെഹ് ദേശീയപാത. ജമ്മു കാശ്മീരിലെ മിക്കവാറും എല്ലാ റോഡുകളും നോക്കി നടത്തുന്നത് ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ എന്ന ആര്‍മി വിഭാഗം ആണ്. ഹിമയാങ്ക് എന്നും പേരുണ്ട്. ഈ ദേശീയ പാത എന്ന് പറയുമ്പോ ദേശീയ പ്രാധാന്യം ഉള്ള പാത എന്നാണര്‍ത്ഥം, അത്ര മാത്രമേ അര്‍ത്ഥമുള്ളൂ. അതായത് രമണാ, ഈ ലെഹ് എന്ന മലമ്പ്രദേശത്തെയ്ക്ക് റോഡ്‌ മാര്‍ഗം രണ്ടു വഴിയെ ഉള്ളേ, അതിലൊന്നാണ് ഇത്. അതുകൊണ്ടാണ് ദേശീയ പ്രാധാന്യം. ഈ പ്രധാനപെട്ട വഴിയില്‍ കാര്‍ഗില്‍ ഭാഗം പിടിച്ചെടുക്കാന്‍ ആണല്ലോ പണ്ട് പാക്കിസ്ഥാന്‍ നോക്കിയത്. അങ്ങനെയാണല്ലോ കാര്‍ഗില്‍ യുദ്ധം ഉണ്ടാവുന്നത്. അത് പോട്ടെ, അപ്പൊ കുണ്ടും കുഴിയും ഒക്കെ ഉള്ള അത്ര വീതിയോന്നുമില്ലാത്ത ദേശീയ പാതയിലൂടെ അങ്ങനെ പോവുകയാണ് നമ്മള്‍. ഒരു ഭാഗത്ത് മലനിരകള്‍. മറു ഭാഗത്ത്‌ സിന്ദ് നദി. (സിന്ധു നദി അല്ല, അത് "വെ" ഇത് "റേ") ജെലം നദിയുടെ കൈവഴിയായി ഒഴുകുന്ന ഒരു പുഴയാണ് സിന്ദ് നദി. ഇത് അമര്‍നാഥ് ക്ഷേത്രത്തിനു അടുത്തുള്ള മചോയി ഹിമാനിയില്‍ (ഗ്ലേസിയര്‍) നിന്ന് ഉത്ഭവിക്കുന്നു. കാശ്മീരിലെ ഗണ്ടെര്‍വാള്‍ ജില്ലയിലൂടെ ആണ് നമ്മള്‍ ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്.

സംസ്കാരങ്ങള്‍ വളര്‍ന്നു വന്നത് നദീ തീരത്താണ് എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്. അതിന്‍റെ ചെറിയ ഒരു ബോധ്യപെടുത്തല്‍ നമുക്ക് ഈ യാത്രയില്‍ കാണാന്‍ സാധിക്കും. നോക്കെത്താ ദൂരത്തു മലകള്‍ ആണ്. ഉയരം കൂടുതല്‍ ആയതിനാല്‍ അവയില്‍ ഒന്നും വൃക്ഷങ്ങള്‍ ഇല്ല. എന്നാല്‍ നദീ തീരത്ത് പച്ചപ്പ്‌ പടര്‍ന്നു കിടക്കും. ഇടയ്ക്കിടെ ചെറിയ ഗ്രാമങ്ങള്‍ പോലെ കുറെ ഏറെ വീടുകളും അതിനോട് അനുബന്ധിച്ച കൃഷിയും കാണാം. ഇടയ്ക്കിടെ ആര്‍മി ബേസുകള്‍ കാണാം. റോഡുകള്‍ നന്നാക്കുന്ന BRO ടാസ്ക് ഫോര്സുകള്‍ ആണ് അവര്‍.

ബാല്‍ത്താല്‍ വച്ച് പരിചയപെട്ട ഒരു മനുഷ്യന്‍
നമ്മുടെ വാഹനം ഇതെല്ലാം കടന്നു പെട്ടെന്ന് തന്നെ സോന്മാര്‍ഗ് എത്തി. സോസില്ലാ ചുരം തുടങ്ങുന്നത് അവിടെ നിന്നാണ്. അവിടെ എത്തിയപ്പോഴാണ് യാത്രയുടെ ആദ്യ തടസ്സം ഉണ്ടായത്. ഒരു സ്ഥലത്ത് വച്ച് പോലീസുകാര്‍ ട്രാഫിക് തടയുന്നു. ലെയിലെയ്ക്ക് പോകുന്ന വണ്ടികള്‍ എല്ലാം ഒരു പാര്‍ക്കിംഗ് ഏരിയയില്‍ ഇട്ടോളാന്‍ പറഞ്ഞു. സോസിലയില്‍ മഞ്ഞിടിഞ്ഞു ഗതാഗതം തടസപെട്ടിരിക്കുന്നു. ആര്‍മി അത് നന്നാക്കി കഴിഞ്ഞേ വണ്ടികള്‍ വിടുന്നുള്ളൂ അത്രേ. തുടക്കത്തില്‍ തന്നെ മൂന്നു മണിക്കൂര്‍ വൈകി ഓടുന്ന വണ്ടി ട്രാക്കില്‍ പിടിചിട്ടിരിക്കുകയാണ്. ഒന്നും ചെയ്യാനില്ല എന്ന് മനസിലാക്കിയ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചു. ലേശം എന്തൊക്കെയോ അകത്താക്കി. ഏറെ താമസിയാതെ ആര്മികളുടെ കോണ്‍വോയ്കള്‍ ഞങ്ങളുട മുന്നിലൂടെ പോകാന്‍ തുടങ്ങി. ഏതാണ്ട് മുന്നൂറ്റി അമ്പതോളം കോണ്‍വോയ് ഒഴുകി പോയി. മഞ്ഞുരുകിയ കഥ കള്ളം ആണെന്നും കോണ്‍വോയ്കള്‍ക്ക് സുഖമമായി പോകാന്‍ അവസരം ഒരുക്കാന്‍ ആണ് വണ്ടികള്‍ പിടിച്ചിട്ടത് എന്നും ഞങ്ങള്‍ക്ക് സംശയം തോന്നി. എന്തായാലും രണ്ടു രണ്ടര മണിക്കൂര്‍ അവിടെ കിടന്നു.

പിന്നീട് ഞങ്ങള്‍ സോസില്ല ചുരം കയറാന്‍ തുടങ്ങി. സോസില്ല ചുരം കയറി മുകളില്‍ എത്താന്‍ പതിനാറു കിലോമീറ്ററേ ഉള്ളൂ. ഒരു മണിക്കൂറില്‍ എത്താം എന്നാണു ഞങ്ങള്‍ കരുതിയത്‌. പക്ഷെ സോസില്ല ഭീകരി ആണവള്‍, കൊടും ഭീകരി. ഒരു വശത്ത്‌ ഉരുകി ഒലിക്കുന്ന മഞ്ഞ്. മറു വശത്ത് അഗതാമായ ഗര്‍ത്തം. ശരിയ്ക്കു പേടിപെടുത്തുന്ന ഒരു ഡ്രൈവ് ആയിരുന്നു അത്. പോകെ പോകെ ഗര്‍ത്തത്തിന്റെ ഉയരം കൂടി വന്നു. സിന്ദ് നദി ഉറഞ്ഞു തുടങ്ങി. തണുപ്പ് കൂടി കൂടി വന്നു. ഏതാണ്ട് 'ബാല്‍ത്താല്‍' എത്തിയപ്പോ പൂജ്യം ഡിഗ്രീ സെല്‍ഷ്യസിലേയ്ക്ക് പരിസരം താണു. ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് കണ്ണില്‍ കുത്തുന്ന വെയിലാണ് എങ്കിലും ഇരു വശത്തുമുള്ള മഞ്ഞു കാരണം ഉറയുന്ന തണുപ്പാണ്. 'ബാല്‍ത്താല്‍' ഒരു പ്രധാനപെട്ട ആര്‍മി കേന്ദ്രം ആണ് കൂടാതെ അമര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് അവിടെ നിന്നാണ് തിരിയുന്നത്. അമര്‍നാഥ് ക്ഷേത്രത്തിലേയ്ക്ക് രണ്ടു മലയുടെ ഇടുക്കിലൂടെ താഴ്വാരത്തില്‍ ആണ് പോകേണ്ടത്. അധിക സമയവും മിലിറ്റന്സിന്റെ അടി കാരണം അമര്‍നാഥ് ക്ഷേത്രത്തില്‍ സങ്കര്‍ഷം ആണ്. മിക്കവാറും അടച്ചിടും.

ബാല്‍ത്താല്‍ - അമര്‍നാഥ് ക്ഷേത്രത്തിലേയ്ക്കുള്ള കവാടം
 വണ്ടികള്‍ നിരങ്ങി ആണ് നീങ്ങുന്നത്, മുകളിലേയ്ക്ക് നോക്കിയാല്‍ അങ്ങുയരത്തില്‍ വരെ വണ്ടികള്‍ ബ്ലോക്ക് ആയി കിടക്കുന്നത് കാണാം. പുറത്തിറങ്ങി ഭംഗി ആസ്വദിക്കാം എന്ന് വച്ചാല്‍ പൂജ്യം ഡിഗ്രീ ആണ്. ഉറഞ്ഞു പോവും. എങ്കിലും ഞങ്ങള്‍ പുറത്തിറങ്ങി ആളുകളുമായി സംസാരിച്ചു. ചിത്രങ്ങള്‍ എടുത്തു. ബാല്താല്‍ തുടക്കം ആയിരുന്നു. അത് കഴിഞ്ഞു ഏറെ നേരം ഞങ്ങള്‍ ആ മഞ്ഞത്ത് കാത്തു കിടന്നു. ചുരത്തിലെ അപകടം നിറഞ്ഞ ഒരു പ്രിത്യേക ഭാഗത്ത് വണ്ടികള്‍ ഓരോന്നായി ഊഴം വച്ച് പോയ്ക്കൊണ്ടിരിക്കുക ആയിരുന്നു. ഞങ്ങടെ ഊഴം എത്താന്‍ ഏതാണ്ട് നാല് മണിക്കൂറില്‍ അധികം എടുത്തു. അതിനു ശേഷം ആണ് യഥാര്‍ത്ഥ സോസില്ല കാണുന്നത്. മുകളില്‍ എത്തിയതോട് കൂടി ഇരു വശത്തും മഞ്ഞായി. ഗ്ലേസിയര്‍ ഒരു വശത്ത്‌. ഉയരത്തില്‍ ഉള്ള മഞ്ഞുപാളികള്‍ക്കിടയില്‍ ആണ് യാത്ര. താപനില പൂജ്യത്തിലും താഴേയ്ക്ക്. ഇടയിലും ആര്‍മി കാമ്പുകള്‍ കണ്ടു. അവരൊക്കെ അവിടെ സ്ഥിരമായി എങ്ങനെ താമസിക്കുന്നു എന്തോ!!!!. രാത്രി ഏഴു മണി കഴിഞ്ഞിരുന്നു എങ്കിലും സൂര്യന്‍ അസ്തമിക്കാന്‍ അങ്ങനെ പ്ലാന്‍ ഒന്നും ഇട്ടിട്ടില്ല. രാത്രി എട്ടു മണി വരെ നല്ല വെളിച്ചം ആണ് അവിടങ്ങളില്‍.
സോസ്സില്ലയിലെ ട്രാഫിക്
രണ്ടു മണിക്കൂര്‍ കൂടി ഡ്രൈവ് ചെയ്തു ഒമ്പത് മണിയോട് കൂടി ഞങ്ങള്‍ ദ്രാസില്‍ എത്തിയതെ ഉള്ളൂ. ഇനിയും കിടക്കുന്നു ലെയിലെയ്ക്ക് 300 കി.മി. അന്ന് തന്നെ ലേയില്‍ എത്തുക എന്നത് അസാധ്യം ആണെന്ന് മനസിലായി. ഞങ്ങള്‍ക്കാണെങ്കില്‍ വിശന്നിട്ടു കണ്ണും കാണാന്‍ പാടില്ല. ദ്രാസില്‍ എത്തിയപ്പോ നല്ല മഴ, തണുപ്പ്. മൊത്തത്തില്‍ പരിചിതമല്ലാത്ത കാലാവസ്ഥ. തണുത്തു മരവിച്ചു ഒരു ഹോട്ടലില്‍ കയറി ചായ പറഞ്ഞു. ഭക്ഷണം എന്താണുള്ളത് എന്ന് ചോദിച്ചപ്പോ രണ്ടു പേര്‍ക്കുള്ളതെ ഉള്ളൂ എന്ന് പറഞ്ഞു. ഞങ്ങള്‍ ആകെ നിരാശരായി. ഞങ്ങളുടെ നിരാശയും വിശപ്പും മനസിലാക്കിയിട്ടാവണം ആ സ്ത്രീ അടുക്കളയില്‍ പോയി നോക്കി തിരികെ വന്നിട്ട് പറഞ്ഞു. കാത്തിരിക്കാം എങ്കില്‍ വച്ചുണ്ടാക്കി തരാം എന്ന്. പിന്നെന്താ, എത്ര വേണമെങ്കിലും കാത്തിരിക്കാം ഭക്ഷണം കിട്ടിയാല്‍ മതി എന്ന് ഞങ്ങള്‍. അധികം വൈകാതെ മോമോയും ചൌമീനും (ന്യൂടില്സ്) ഉണ്ടാക്കി തന്നു അവര്‍. ആവശ്യത്തിനു ചായയും. എല്ലാം കൂടി ചേര്‍ത്തു ഒരു തുക തന്നാ മതി എന്നാണു അവര്‍ പറഞ്ഞത്. വില ഒന്നും നിശ്ചയിച്ചിട്ടില്ലെന്ന്. ഞങ്ങള്‍ തന്നെ ഒരു വില നിശ്ചയിച്ചു അങ്ങ് കൊടുത്തു. പിന്നെയാണ് അടുത്ത പ്രശ്നം വരുന്നത്. താമസിക്കാന്‍ സ്ഥലമില്ല. സോസില്ല ഉച്ചയ്ക്ക് മൂന്നു മണിയ്ക്ക് അടയ്ക്കും, മൂന്ന് മണിക്ക് ശേഷം വന്ന കാറുകള്‍ എല്ലാം അടുത്ത ദിവസം രാവിലെ മൂന്നു മണിയ്ക്ക് തുറക്കുമ്പോ പോവാന്‍ വേണ്ടി ദ്രാസില്‍ കിടക്കുകയാണ്. അതുകൊണ്ട് അവിടെ ഉള്ള കുറച്ചു മുറികള്‍ എല്ലാം നിറഞ്ഞിരിക്കുന്നു. കാര്‍ഗിലിലേയ്ക്ക് പോവുക മാത്രമാണ് രക്ഷ. 60 കിലോമീറ്റര്‍ എങ്കിലുമുണ്ട്, പക്ഷെ നല്ല റോഡാണ് ഒരു മണിക്കൂര്‍ കൊണ്ടെത്താം എന്ന് പറഞ്ഞു അവിടെ നിന്ന് വന്ന ആളുകള്‍. അങ്ങനെ ഞങ്ങള്‍ വീണ്ടും ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്തു രാത്രി പതിനൊന്നു മണിയോടെ കാര്‍ഗില്‍ പിടിച്ചു. അവിടെ ഹോട്ടല്‍ സിയാചിനിലില്‍ കിടന്നു.

Friday, June 20, 2014

ലെഹ്-ലഡാക്ക് - ലോകത്തിന്റെ നെറുകയിലേയ്ക്കു ഒരു യാത്ര 1

ഒരു ഹിമാലയൻ യാത്ര ചെയ്തു. ഹിമാലയയുടെ ഒരു ഭാഗത്തേയ്ക്ക് യാത്ര ചെയ്തു എന്ന് വേണം പറയാൻ. ലോകത്തെ ഏറ്റവും ഉയര്ന്നതും നീളം കൂടിയതും ആയ ഹിമാലയൻ മലനിരകൾ അങ്ങനെ മുഴുവൻ കണ്ടു എന്ന് പറയുന്നത് ശരിയല്ല. ഇനിയും മനുഷ്യന്മാർ കണ്ടിട്ടില്ലാത്ത മലനിരകൾ ഹിമാലയയിൽ ഉണ്ട് എന്ന്  വേണം കരുതാൻ. ബാംഗ്ലൂർ, ചെന്നൈ, ഭുവനേശ്വർ, ഹൈദ്രാബാദ് എന്നിവിടങ്ങളില നിന്നുമുള്ള ആറു സുഹൃത്തുക്കൾ ആയിരുന്നു കൂട്ടം.

ജമ്മു കാശ്മീർ സംസ്ഥാനം മലനിരകൾക്കിടയിൽ അമർന്നു കിടക്കുന്ന ഒരു കൂട്ടം സ്ഥലങ്ങൾ ആണ്. ഉയരങ്ങളിലേയ്ക്ക് നിരന്നു കിടക്കുന്ന മലകൾക്കിടയിൽ താഴ്വാരങ്ങളിൽ മനുഷ്യര് പാര്ത്തു പോരുന്നു. ഒരു പ്രധാന സ്ഥലത്ത് നിന്ന് മറ്റൊരു പ്രധാന സ്ഥലത്തേയ്ക്ക് ഒരു മല കയറി ഇറങ്ങണം നമ്മൾ. ലഡാക്ക് 3500m ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ പ്രദേശമാണ്. അതിൽ ലെഹ്, കാർഗിൽ എന്നീ രണ്ടു ജില്ലകൾ ഉൾപ്പെടുന്നു. ലെഹ് ആണ് പ്രധാന നഗരം.


ലെഹിലെയ്ക്ക് എത്തി ചേരാൻ ഫ്ലൈറ്റ് അടക്കം പല മാർഗങ്ങൾ ഉണ്ട്. റോഡ്‌ മാര്ഗം വർഷത്തിൽ മൂന്നോ-നാലോ മാസം മാത്രമേ ഗതാഗത യോഗ്യമായുള്ളൂ. രണ്ടു തരത്തിൽ റോഡ്മാര്ഗം ലഡാക്കിൽ എത്തിച്ചേരാം. ഒന്ന് ശ്രീനഗർ - സോസില്ല പാസ് - ദ്രാസ് - കാർഗിൽ - ലെഹ്. രണ്ടു മനാലി- രൊഹ്താങ്ക്‌ - ലെ. പക്ഷെ ഞാൻ പറയാം. നിങ്ങൾ കഴിയുമെങ്കിൽ റോഡ്‌ മാര്ഗം തന്നെ പോകണം. ഒരു ഭാഗത്തേയ്ക്ക് എങ്കിലും. പക്ഷെ ശ്രീനഗർ മാര്ഗം പോയി മനാലി മാര്ഗം തിരിച്ചു വരുമ്പോഴാണ് നിങ്ങള്ക്ക് ഹിമാലയാൻ യാത്രയുടെ ഭംഗി മുഴുവൻ ആസ്വദിക്കാൻ പറ്റുക. ചന്ദീഗരിൽ നിന്നും ജമ്മു വരെ ട്രെയിനിൽ പോയി അവിടെ നിന്ന് കാറിലോ ബൈക്കിലോ യാത്ര ചെയ്യാം. ഞങ്ങൾ ചന്ദീഗർ വരെ വിമാനത്തിലും അവിടെ നിന്നും കാറിലും ആണ് യാത്ര ചെയ്തത്. ശ്രീനഗർ വഴി. നാല് ദിവസം ആണ് ഞങ്ങൾ ചന്ദീഗരിൽ നിന്നും ലെഹ് എത്താൻ എടുത്തത്. ഇതിനിടയിൽ ശ്രീനഗർ, കാർഗിൽ എന്നിവിടങ്ങളിൽ ഞങ്ങൾ രാത്രി കഴിച്ചു കൂട്ടി. വഴിക്കാഴ്ച്ചകളെല്ലാം കണ്ടു കൊണ്ട് സാവധാനത്തിലുള്ള യാത്ര.

ഉച്ചയ്ക്ക് രണ്ടു മണിയോടെ ചന്ദീഗരിൽ എത്തി ചേര്ന്ന ഞങ്ങൾ അവിടെ നിന്നും ഞങ്ങളെ ജോയിൻ ചെയ്യാം എന്ന് പറഞ്ഞ രണ്ടു സുഹൃത്തുക്കളെയും എടുത്തു ഭക്ഷണം കഴിച്ച ശേഷം കാർ യാത്ര തുടങ്ങി. ഇന്ത്യയിലെ പ്ലാൻഡ് സിറ്റി ആയ ചന്ദീഗരിലെ കറക്കം ഞങ്ങൾ തിരിച്ചു വര്രുമ്പോൾ ആക്കാം എന്ന് കരുതി. യാത്ര തുടങ്ങി അധികം വൈകാതെ ഞങ്ങൾ പഞ്ചാബിലെയ്ക്ക് പ്രവേശിച്ചു. രണ്ടു വശവും ഗോതമ്പ് പാടങ്ങളും ഇടയ്ക്കിടെ ചെറിയ ഗുരുധ്വാരകളും കടന്നു ഞങ്ങൾ സുന്ദരമായ റോഡിലൂടെ അതിവേഗം ജമ്മു ലക്ഷ്യമാക്കി സഞ്ചരിച്ചു. രാവിലെയോട് കൂടി ശ്രീനഗർ ആയിരുന്നു ഞങ്ങളുടെ ലക്‌ഷ്യം. റോഡിന്റെ ക്വാളിറ്റി കണ്ടപ്പോൾ ആ ലക്‌ഷ്യം നടക്കും എന്ന് തോന്നുകയും ചെയ്തു. ലുധിയാന, ജലന്ധർ, പതങ്കൊട്ട് എന്നിവ കടന് ഞങ്ങൾ ലഖന്പൂർ ബോര്ടരിൽ എത്തുമ്പോൾ ഏതാണ്ട് രാത്രി പത്തു മണി ആയിരുന്നു.

ഒരു 350KM ഇനിയും ശ്രീനഗറിലെയ്ക്ക് ഉണ്ട്. പക്ഷെ പിന്നീടങ്ങോട്ട് നമ്മുടെ കണക്കു കൂട്ടലുകൾ എല്ലാം പാളുക ആയിരുന്നു. ഹിമാലയൻ മലനിരകളെ നമ്മൾ വില കുറച്ചു കണ്ടതിന്റെ പ്രത്യാഗാതം ബോർഡറിനപ്പുറം ജമ്മു-കാശ്മീർ തുടങ്ങുന്നു. നേരത്തെ ഞാൻ പറഞ്ഞല്ലോ ജമ്മു-കാശ്മീർ സംസ്ഥാനം മലനിരകളുടെ കൂട്ടമാണ്‌. ശ്രീനഗറിൽ എത്താൻ ഞങ്ങൾ രണ്ടു മലനിരകൾ മാറികടന്നു യാത്ര ചെയ്യേണ്ടിയിരിക്കുന്നു. ഇതൊന്നുമറിയാതെ ഞങ്ങൾ യാത്ര ആരംഭിച്ചു. ആദ്യം അസാധ്യ ഹൈവെ ആയിരുന്നു ഉധംപൂർ വരെ. ഉധംപൂർ ഒരു വാലി ആണ്. അവിടെ നിന്നും ഒരു മല ആരംഭിക്കുന്നു. കയറി മുകളിൽ ചെന്നാൽ പട്ട്നിടോപ്‌. പട്നിടോപ് എത്തുമ്പോൾ രാവിലെ ഏഴു മണി ആണ് സമയം. നമ്മൾ ശ്രീനഗർ എത്താൻ പ്ലാൻ ചെയ്ത സമയം. ഇനിയും ഏതാണ്ട് ആറ്-ഏഴു മണിക്കൂർ യാത്ര  ബാക്കി കിടക്കുന്നു. ഞങ്ങൾ ഒരു ചെറിയ റൂം എടുത്തു കുറച്ചു വിശ്രമിച്ചു, ഭക്ഷണം കഴിച്ചു. ഉച്ച മൂന്നു മണിയോടെ യാത്ര തുടര്ന്നു. ബട്ടൊട്ട, രംബൻ, അനന്ത്നാഗ് എന്നിവ കടന്നു ഞങ്ങൾ രാത്രി ഒമ്പത് മണിയോടെ ശ്രീനഗർ എത്തി. അവിടെ തങ്ങി.

ശ്രീനഗർ
-----------
ജമ്മു കശ്മീരിന്റെ തലസ്ഥാന നഗരം. ദാൽ തടാകം പരന്നങ്ങനെ കിടക്കുന്നു ശ്രീനഗറിന് നടുവിൽ. എണ്ണമറ്റ ശിഖര തോണികൾ, ഹൌസ് ബോട്ടുകൾ തടാകത്തിന്റെ എല്ലാ കരകളിലും കാണാം. ദാൽ തടാകം ആണ് ശ്രീനഗറിലെ ജനതയുടെ ജീവിത മാർഗം എന്ന് തോന്നുന്നു. ശ്രീനഗർ ആസ്വദിക്കാൻ വരുന്നവരെ ദാൽ തടാകം മുഴുവൻ തങ്ങളുടെ ശിഖര തോണികളിൽ കൊണ്ട് നടന്നു കാണിച്ചും  ദാൽ തടാകത്തിനു നടുവിൽ ഹൌസ് ബോട്ടിൽ താമസ സൗകര്യം ഉണ്ടാക്കിയും ഒരുപാട് ആളുകള് ജീവിച്ചു പോകുന്നുണ്ട് അവിടെ. പക്ഷെ വൈകി എത്തിയത് കൊണ്ട് ശ്രീനഗർ ചുറ്റി നടന്നു കാണാൻ ഒന്നും സമയം ഞങ്ങൾക്ക് കിട്ടിയില്ല. ദാൽ ലേക്കിൽ ഒരു മുറി എടുത്തു ഞങ്ങൾ തങ്ങി.

ദാൽ തടാകം


രാവിലെ മനോഹരം ആയിരുന്നു. ചെറിയ മഞ്ഞു വായുവിൽ തങ്ങി നിന്നു. സഹിക്കാവുന്ന തണുപ്പ്, ദാൽ തടാകം മഞ്ഞു മൂടിയ പ്രഭാതത്തിൽ കുളിര്ത്തു അങ്ങനെ നിൽക്കുന്നുണ്ട്. രാവിലെ തന്നെ ശ്രീനഗർ ഉഷാറായി തിരക്ക് തുടങ്ങിയിരുന്നു. അന്ന് ഗുല്മാര്ഗ് ആയിരുന്നു ലക്‌ഷ്യം. അറുപതു കിലോമീറ്റർ അപ്പുറം ഗുൽമാർഗ്, മഞ്ഞു പാളികളിൽ കളിക്കാൻ ഗുൽമാർഗ് ആണ് സ്ഥലം. കൊല്ലം മുഴുവൻ അവിടം മഞ്ഞു മൂടി ഇരിക്കും. മലയുടെ താഴ്വാരം വരെ കാർ പോകും അവിടെ നിന്നു റോപ് വെ ഉണ്ട്. ഞങ്ങൾക്ക് അതിനെ കുറിച്ച് വലിയ വിവരം ഇല്ലായിരുന്നു. അവിടെ എത്തിയപ്പോൾ വേറെ ഒരു മാർഗം കിട്ടി. കുതിരകൾ. ഓരോരുത്തര്ക്കും ഓരോ കുതിരകൾ. കുതിരകൾ ഞങ്ങളെ വാഴിച്ചു കുത്തനെ ഉള്ള കയറ്റങ്ങൾ കയറി മഞ്ഞു മലകളിൽ എത്തിച്ചു. സാന്റാ ക്ലോസിനെ പോലെ മഞ്ഞു മൂടി നില്ക്കുന്ന മഞ്ഞു മലകൾ. ആദ്യമായി മഞ്ഞു കാണുന്നതിന്റെ ഒരു കൌതുകം ഞങ്ങളിൽ എല്ലാവര്ക്കും ഉണ്ടായിരുന്നു.

ഗുല്മാർഗിലെയ്ക്കു

ഗുല്മാർഗിൽ നിന്നു തിരിച്ചു ശ്രീനഗർ നഗരത്തിൽ ഒന്ന് കറങ്ങി റൂമിൽ വന്നു കിടന്നു. പരിചിതമല്ലാത്ത മഞ്ഞിന്റെ തണുപ്പും യാത്രയും എല്ലാവരെയും തളർത്തിയിരുന്നു. അടുത്ത ദിവസം ലെയിലേയ്ക്കുള്ള യാത്ര തുടങ്ങുകയാണ്. ഒരു ദിവസം നമ്മുടെ പ്ലാനിംഗ് തെറ്റിയതിനാൽ രണ്ടു ദിവസം കൊണ്ട് ചെയ്യേണ്ട യാത്ര ഒരു ദിവസം കൊണ്ട് ചെയ്യണം എന്നായിരുന്നു ഉദ്ദേശം. രാവിലെ നേരത്തെ പുറപ്പെടാം എന്ന് തീരുമാനിച്ചു കിടന്നു. നമ്മൾ ആയതു കൊണ്ടും ശ്രീനഗറിലെ തണുപ്പ് കൊണ്ടും രാവിലെ എട്ടു മണിക്കാണ് പുറപ്പെടുന്നത്. അതുകൊണ്ട് മാത്രം തടസങ്ങൾ തീർന്നില്ല. നമ്മൾ പ്രതീക്ഷിക്കാത്ത അപകടങ്ങളും കൊണ്ട് ഹിമാലയം നമ്മെ കാത്തു നില്ക്കുക ആയിരുന്നു. സോസിലാ പാസ് ഇപ്പോഴും ഉരുകി ഒളിക്കാവുന്ന മഞ്ഞു പാളികളുമായി നമ്മെ കാത്തു കിടന്നു.

ഈ ഭാഗത്തിലെ ഫോട്ടോ കടപ്പാട്: രാമാനന്ദൻ സൂര്യകാന്തി