Monday, December 19, 2011

സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍


ചില മങ്ങിയ കാഴ്ചകള്‍ ആണ് ആദ്യം കണ്ടത്.  വ്യക്തമല്ലാത്ത എന്തൊക്കെയോ അനങ്ങുന്നു . പച്ച നിറത്തിനാണ് മുന്‍തൂക്കം തോന്നിയത്. ഇടയ്ക്കു പച്ചയും ചുവപ്പും ഇടകലര്‍ന്നു കണ്ടു. അധികം വൈകാതെ മഴവില്ലിന്റെ എല്ലാ വര്‍ണങ്ങളും തെളിഞ്ഞു കാണാന്‍ തുടങ്ങി. വെയിലില്‍ പെയ്യുന്ന മഴയ്ക്ക് ഒരു വന്യമായ സൌന്ദര്യവും അഭൌമമായ അനുഭൂതിയും പ്രദാനം ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 
കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഒരു പൂപ്പാടത്തിനു ഒത്ത നടുക്ക് നില്‍ക്കുന്നു ഞാന്‍, ഇടയ്ക്കു വലിയ മരങ്ങള്‍ ഉണ്ട്. എന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ചെറിയ ഇലകള്‍ കാറ്റില്‍ ആടുന്നു. പിന്നീട് ഇലകള്‍ മങ്ങുകയും സൂര്യപ്രകാശം കണ്ണിലേക്ക് തറക്കുകയും ചെയ്തു.
മഴ ശമിച്ചു, കുറുക്കന്റെ കല്യാണം തീര്‍ന്നിരിക്കുന്നു. ചെറിയൊരു തടാകത്തിന്റെ അരികില്‍ അതില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയും അതിനെ താങ്ങി നിര്‍ത്തുന്ന വലിയ വട്ടകം പോലെ കടും പച്ച നിറത്തിലുള്ള ഇലകളും. അവ വെള്ളത്തില്‍ പോങ്ങിയങ്ങനെ നില്‍ക്കുമ്പോള്‍ കാറ്റില്‍ ഇളകിയാടുകയും ചെറുതായി എന്നെ നോക്കി ചിരിക്കുകയും ചെയ്തു.
വീണ്ടും ഉയര്‍ന്നു പൊങ്ങിയ ചിന്തകളില്‍ ചെറിയൊരു പുല്‍പ്പരപ്പില്‍ ഒരു സുന്ദരിയായ സ്ത്രീയോടൊപ്പം വെളുത്ത  പെയിന്റടിച്ച ഒരു ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാന്‍. . രണ്ടു കുട്ടികള്‍ പുല്‍പരപ്പിനു നടുക്കുണ്ടാക്കിയ ക്രിത്രിമ കുളത്തിലേക്ക് കല്ലുകള്‍ എറിയുകയും ബഹളം ഉണ്ടാക്കി കൊണ്ട് ചുറ്റും ഓടുകയും ചെയ്യുന്നുണ്ട്. അവള്‍ എന്റെ മടിയില്‍ തല ചായ്ച്ചു കിടക്കാന്‍ ഒരുങ്ങി.
പതുപതുത്ത പരുത്തി കിടക്കയും മൃദുവായ പുതപ്പും, എസീ യന്ത്രം പുറത്തു വിടുന്ന തണുപ്പും. അവളുടെ ചൂട് പറ്റി കിടക്കാന്‍ നല്ല സുഖം ആയിരുന്നു.
കണ്ണുകള്‍ പതിയെ തുറന്നപ്പോള്‍ അതിവേഗതയില്‍ കറങ്ങുന്ന ഫാന്‍ ആണ് കണ്ടത്. ഫാനിന്റെ ഒച്ച കാതടപ്പിച്ചു. അതങ്ങനെയാണ്, പലപ്പോഴും ഉറക്കം ഉണര്‍ന്നതിനു ശേഷം അതൊരു ശല്യം ആവാറാണ് പതിവ്.  എന്താണ് കണ്ടത് എന്ന് ഒന്ന് കൂടി ഞാന്‍ മനസ്സില്‍ ആലോചിച്ചു നോക്കി  . ഇല്ല, നല്ല സ്വപ്നം ആണെങ്കില്‍ കണ്ടത് ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ട് തന്നെയാണ്. എന്നാല്‍ പാതിരാത്രിയില്‍ ഞെട്ടി എണീറ്റ്‌ തൊണ്ട വരണ്ടിരിക്കുമ്പോള്‍ സ്വപ്നത്തില്‍ ഭയപ്പെടുത്തിയ അതേ രൂപം മുറിയിലെ പല ഭാഗങ്ങളിലും മിന്നി മറയുന്നത് കാണാനും സാധിക്കും. 

ചെറിയ മയക്കങ്ങളില്‍പോലും സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ കാണാറുണ്ട്. പലപ്പോഴും ഉച്ചയുറക്കത്തില്‍നിന്നും ഉണരുമ്പോള്‍ തലയ്ക്കു ഒരു കനം അനുഭവപ്പെടും. ഏതോ ഭാരിച്ച ജോലി സ്വപ്നത്തില്‍ ചെയ്തതിന്‍റെ ഫലമായിട്ടാവണം. സ്വപ്നവും യാഥാര്‍ത്യവും തമ്മില്‍ ഇങ്ങനെ ബന്ധം ഉണ്ടാവുമോ എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.  ഉണ്ടാവാം അല്ലെ?

സ്വപ്നം ഒരു പ്രഹേളിക ആയിരുന്നു ആദ്യമൊക്കെ, ഓഫീസ്‌മുറിയിലെ ഒരു സരസമായ സംഭാഷണത്തില്‍ നിന്നോ, ഞാന്‍ മനസ്സില്‍ രൂപപെടുത്തി എടുത്ത തിരക്കേറിയ ഒരു അമേരിക്കന്‍ തെരുവില്‍നിന്നോ തുടങ്ങി, അതിനോട് യാതൊരു ബന്ധവും ഇല്ലാത്ത വേറൊരു രംഗത്തില്‍ നിന്ന് ഒരു നിമിഷാര്‍ധത്തില്‍ ഫാന്‍ കറങ്ങുന്ന കാഴ്ചയിലേക്ക് കണ്ണ് തുറപ്പിക്കുന്ന വിസ്മയകരമായ പ്രഹേളിക.



ഒന്നുകില്‍ ഒരു ദിവസം, അല്ലെങ്കില്‍  സിനിമയില്‍  എന്ന പോലെ മൂന്നോ നാലോ കട്ട്‌ഷോട്ടുകളില്‍ മിന്നി മറയുന്ന വളര്‍ച്ചയുടെ പരിണാമങ്ങള്‍,  അതുമല്ലെങ്കില്‍ മനസ്സില്‍ ആഗ്രഹിച്ച പെണ്‍കുട്ടിയെ ഞാന്‍ സ്വന്തമാക്കുന്ന സുന്ദര മുഹൂര്‍ത്തം. അങ്ങിനെ പല സന്ദര്‍ഭങ്ങളില്‍, പല വേഷ പകര്‍ച്ചകളില്‍ ഞാന്‍ എന്നെ തന്നെ കണ്ടു കൊണ്ടിരുന്നു. പലതില്‍ നിന്നും ഒരു രംഗമോ ഒരു സംഭാഷണമോ ചിലപ്പോള്‍ മനസ്സില്‍ തട്ടി നിന്ന ഒരു വാക്കോ മാത്രം ആയിരിക്കും യാഥാര്‍ത്യത്തിലേക്ക് മടങ്ങി എത്തുമ്പോള്‍ അവശേഷിക്കുക. മറ്റു രംഗങ്ങള്‍ എല്ലാം മനസ്സിന്‍റെ അടിത്തട്ടിലേക്ക് അമര്‍ന്നു പോകും. അതേ രംഗങ്ങള്‍ മറ്റൊരു സ്വപ്നത്തില്‍ കാണുമ്പോള്‍ തോന്നിയേക്കാവുന്ന ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ മനസ്സ് തന്നെ കണ്ടെത്തിയ ഒരു വിദ്യ ആവാം ഈ  ഒളിച്ചുകളി.

കണ്ണ് തുറന്നു ലോകത്തെ നോക്കുമ്പോള്‍ യാഥാര്‍ത്യവും,  കണ്ണ് അടച്ചു മനസ്സിലേക്ക് നോക്കുമ്പോള്‍ അത് സ്വപ്നവും ആകുന്നു. പക്ഷേ ഏതാണ് സ്വപ്നം ഏതാണ് യാഥാര്‍ത്യം എന്ന് തീര്‍ത്ത്‌ പറയാന്‍ പറ്റുന്നില്ല. സ്വപ്നത്തിലെ ഞാന്‍ ആണ് യാഥാര്‍ത്ഥ്യം എങ്കിലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്.

ഏറെ നേരത്തെ ഗാഡമായ നിദ്രയൊന്നും വേണ്ടിയിരുന്നില്ല എന്റെ സ്വപ്നങ്ങള്‍ക്ക് കടന്നുവരാന്‍ . യാത്ര ചെയ്യുമ്പോള്‍ എന്നെ തലോടി പോകുന്ന കാറ്റേറ്റു ഒന്ന് കണ്ണടക്കുമ്പോള്‍ വരെ അതിനു കടന്നു വരാന്‍ ഒരു മടിയും ഉണ്ടായിരുന്നില്ല. സ്വപ്നങ്ങള്‍ക്ക് എന്നോടുള്ള ഈ പ്രേമം മനസിലാക്കിയപ്പോള്‍ അതിനെ തിരിച്ചും പ്രണയിക്കാന്‍ ശ്രമിച്ചു തുടങ്ങി. അങ്ങനെയാണ് പൊട്ടും പൊടിയും പോലെ കിട്ടുന്ന സ്വപ്നങ്ങളുടെ കഷ്ണങ്ങള്‍ പെറുക്കി വയ്ക്കാന്‍ തുടങ്ങിയത്. പലപ്പോഴും അതികഠിനമായ ഒരു മാനസിക പ്രയത്നം തന്നെ ആയിരുന്നു അത്. ഒരു കണിക പോലും വിട്ടു തരാന്‍ എന്‍റെ മനസ്സ് തയ്യാറായില്ല. എന്‍റെ സ്വന്തം സ്വപ്‌നങ്ങള്‍ എനിക്ക് നിഷേധിക്കുന്നതില്‍ എന്‍റെ മനസ്സിനോട് തന്നെ വെറുപ്പ്‌ തോന്നിയിട്ടുണ്ട് പലപ്പോഴും. പലപ്പോഴായി ലഭിച്ച പൊന്‍തരികള്‍ അളുക്കുകളില്‍ ആക്കി സൂക്ഷിച്ചു വച്ചു ഞാന്‍ . മുഴുമിക്കാത്ത സ്വപ്നങ്ങളുള്ള അളുക്കുകളുടെ എണ്ണം നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വന്നു.

ഏറെ നാളുകള്‍ക്ക് ശേഷം ആണ് ആ പ്രിത്യേകത എന്‍റെ  ശ്രദ്ധയില്‍പെട്ടത്. അക്കാര്യം എന്നെ വളരെ അധികം അദ്ഭുതപെടുത്തുകയും ചെയ്തു. എന്‍റെ സ്വപ്നങ്ങളിള്‍ ഒന്ന് പോലും ദു:സ്വപ്‌നങ്ങള്‍ ഇല്ല എന്നതായിരുന്നു ആ കാര്യം. അത് ഒരു തിരിച്ചറിവായിരുന്നു. സന്തോഷത്തേക്കാള്‍ ഏറെ സന്താപമാണ്  ആ തിരിച്ചറിവ് എനിക്ക് നല്‍കിയത്. എന്റെ സ്വപ്ന ശേഖരത്തില്‍ ഒരു ദു:സ്വപ്നം പോലും ഇല്ല എന്നത് ഒരു പോരായ്മ ആയിട്ടാണ് എനിക്ക് തോന്നിയത്.ഒരു ദുസ്വപ്നം കാണാന്‍ ഞാന്‍ കൊതിച്ചിരുന്നു അക്കാലത്തൊക്കെ. നല്ല സ്വപ്‌നങ്ങള്‍ കാണുന്നതിനു എന്ത് ചെയ്യണം എന്നറിയാത്തത് പോലെ ദു:സ്വപ്‌നങ്ങള്‍ കാണാനും എന്ത് ചെയ്യണം എന്നെനിക്കറിയില്ലായിരുന്നു. ഒരു പക്ഷെ ഈ അഞ്ജത കൊണ്ട് ആയിരിക്കാം എനിക്ക് നല്ല സ്വപ്‌നങ്ങള്‍ മാത്രം കാണാന്‍ സാധിച്ചത് എന്നെനിക്കിപ്പോള്‍ തോന്നുന്നു. 

ഓരോ മയക്കത്തിനു ശേഷവും മനസ്സിനോടുള്ള പോരാട്ടത്തില്‍ പൂര്‍ണമായ വിജയം എനിക്ക് സാധ്യമല്ല എന്ന തിരിച്ചരിവുണ്ടാവാന്‍ ഏറെ നാളുകള്‍ ഏടുത്തു. ആ തിരിച്ചറിവുണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു. മനസ്സിനോടുള്ള പ്രതികാരം എന്ന പോലെ ഏറെ നാള്‍ ഞാന്‍ ഉറങ്ങാതെയിരുന്നു.  ഉറക്കമില്ലാതിരുന്ന ശരീരത്തില്‍ കണ്ണും,  കാതും, കാലുകളും, കൈകളും എല്ലാം പരസ്പര ബന്ധമില്ലാതെ ചലിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെയും വിജയം മനസ്സിനു തന്നെ .

പരാജയം സമ്മതിക്കാന്‍ ഞാന്‍ ഒരുക്കം അല്ലായിരുന്നു. അപ്പോഴാണ്‌ മറ്റൊരു ആശയം എന്‍റെ ചിന്തയിലേക്ക് വന്നത്. പലപ്പോഴായി ലഭിച്ച കഷ്ണങ്ങള്‍ വിളക്കി ചേര്‍ത്തു ഒരു മുഴു നീള സ്വപ്നം ഉണ്ടാക്കിയാലോ?. മനസ്സിനെ വഞ്ചിക്കുന്ന ഈ പ്രക്രിയ അല്ലാതെ വേറെ ഒരു മാര്‍ഗവും അപ്പോള്‍ ഞാന്‍ കണ്ടില്ല. അങ്ങനെ ഞാന്‍ "സ്വപ്നങ്ങളുടെ നെയ്ത്തുകാരന്‍" ആയി. എന്റെ ശേഖരത്തില്‍നിന്നും ആവശ്യമുള്ളവ പാകം പോലെ എടുത്തു സുന്ദരമായ സ്വപ്‌നങ്ങള്‍ ഞാന്‍ നെയ്യാന്‍ തുടങ്ങി. 

ആയിടക്കാണ് എന്‍റെ ഒരു പഴയ ദു:ഖം ഓര്‍മ വന്നത്. ശേഖരിച്ച സ്വപ്നങ്ങളില്‍ ഒന്ന് പോലും ദു:സ്വപ്നം ഇല്ല എന്നത്. പിന്നെ അതുണ്ടാക്കാനുള്ള ശ്രമം ആയിരുന്നു. പക്ഷെ എങ്ങനെ വിളക്കി ചേര്‍ത്തിട്ടും ഞാന്‍ കണ്ട സ്വപ്‌നങ്ങളില്‍ നിന്ന് ഒരു ദു:സ്വപ്നം പോലും ഉണ്ടാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. നുരഞ്ഞു പതയുന്ന മോഹഭംഗത്തിന്‍റെ കനം ഹൃദയത്തില്‍ തിങ്ങി കൂടാന്‍ തുടങ്ങി.

ഒറ്റ കണ്ണന്‍ കൊല്ലന്‍ വലിയ ചുറ്റിക കൊണ്ട്,  ഉരുകിയ ഇരുമ്പ് ദണ്ട് ആഞ്ഞടിച്ചു കൊണ്ടിരുന്നു. ഏതാനും പ്രഹരങ്ങളും ഉരുക്കലും കൊണ്ട് ആ ഇരുമ്പ് ദണ്ടിനെ ശിക്ഷിച്ചപ്പോള്‍ ഒരു മൂര്‍ച്ചയേറിയ ആയുധം രൂപപെട്ടു, കൊല്ലന്‍റെ ചുണ്ടില്‍ ദുരൂഹമായ ഒരു ചിരിയും. കണ്ണുകളില്‍ എന്ത് ഭാവമാണ് എന്നത് ഒരു കണ്ണിന്‍റെ മാത്രം ചലനങ്ങളില്‍നിന്ന് വായിച്ചെടുക്കുക ബുദ്ധിമുട്ട്. ഇരു തല മൂര്‍ച്ച ഉള്ള വാള്‍, കാരിരുമ്പില്‍കൊത്തിയ കൊടുവാള്‍, നീളമുള്ള കമ്പി പാരകള്‍ എന്നിവ അടുക്കി സൂക്ഷിച്ചിട്ടുണ്ട് അയാള്‍."
 കൊല്ലന്‍ മൂര്‍ച്ചയുള്ള ആയുധങ്ങള്‍ ഉണ്ടാക്കുന്ന പോലെ ഞാനും നല്ല സ്വപ്നങ്ങളെ ഉരുക്കി ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു അവയ്ക്ക് മൂര്‍ച്ച നല്‍കി. തൊട്ടാല്‍  മുറിഞ്ഞു ചോര വരുന്ന രീതിയില്‍ അവയെ രാകി മിനുക്കി എടുത്തു.
രാപകലിന്‍റെ അധ്വാനത്തില്‍ എന്ത് തരം സ്വപ്നങ്ങളുടെയും ഒരു വലിയ ഉടമസ്ഥന്‍ ആയി ഞാന്‍ . ലോകത്തില്‍ ആര്‍ക്കും അറിയാത്ത വേല അറിയുന്നവന്‍., സ്വപ്‌നങ്ങള്‍ നെയ്‌തുണ്ടാക്കാന്‍ പഠിച്ചവന്‍ . അഹങ്കാരത്തില്‍ അഭിരമിച്ച് രാവും പകലും ഞാനെന്‍റെ സ്വപ്നങ്ങളെ താലോലിച്ചു നടന്നു. ആയിടക്കാണ് ഒരു അജ്ഞാത മനുഷ്യന്‍ എന്നെ കാണാന്‍ വന്നത്. താടിയും മുടിയും വെട്ടിയൊതുക്കി ക്ലീന്‍ഷേവ്‌കാരന്‍ ആയ ഒരുവന്‍  . വാക്ചാതുര്യം ആയിരുന്നു അവന്‍റെ സവിശേഷത. ലോകത്തില്‍ എന്തിനെ കുറിച്ചും സമര്‍ത്ഥമായി അവന്‍ സംസാരിച്ചു. എന്നെ വന്നു കണ്ട അന്ന് തന്നെ എന്തിനൊക്കെയോ കുറിച്ച് അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പ്രസന്നമായ മുഖത്തില്‍ അവന്‍ ഒളിപ്പിച്ചു വച്ച നിഗൂഡമായ ലക്ഷ്യങ്ങളെ കുറിച്ച് എനിക്കപ്പോള്‍ ബോധ്യം ഉണ്ടായിരുന്നില്ല. ചതിയന്മാര്‍ക്ക് എന്നും സുന്ദരം ആയ മുഖം ദൈവം സമ്മാനിക്കുന്നത് എന്ത് കൊണ്ടാണാവോ?

അവന്‍റെ ആവശ്യങ്ങള്‍ വലുതായിരുന്നു. ഒരിക്കല്‍ അവന്‍ തന്‍റെ സഹജമായ പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് എന്നോട് ചോദിച്ചു
"എന്റെ സ്വപ്‌നങ്ങള്‍ അവനു വില്‍ക്കാന്‍ തയ്യാറാണോ എന്ന്" !!!. . . ഏതു ചോദ്യത്തിന് ശേഷവുമുള്ള അവന്‍റെ നിശബ്ദത ആയിരുന്നു ഏറ്റവും ദു:സഹം. രണ്ടു ഭീകരതയുടെ നടുക്ക് നമ്മളെ ഉപേക്ഷിക്കുന്ന മാന്ത്രികമായ നിശബ്ദത.

അക്കാലത്തിനടയില്‍, ഉടച്ചു വാര്‍ത്തെടുത്ത മനസ്സുമായി ഉണ്ടാക്കിയെടുത്ത സൌഹൃദത്തിനും രേഖീയമല്ലാത്ത കരാറിനും മേല്‍ ആ ചോദ്യം ഉണ്ടാക്കിയ വെല്ലുവിളി ചെറുതായിരുന്നില്ല. പക്ഷെ അതിജീവനം എന്നത് ഏതു വെല്ലുവിളിയെയും നേരിടുമ്പോള്‍ മാത്രം സാധിക്കുന്ന ഒന്നാണല്ലോ. നിശബ്ദമായ സംഘട്ടനത്തിനു  ശേഷം, അവന്‍ തൊടുത്തു വിട്ട ചോദ്യത്തിന് ഉത്തരം പറയുമ്പോള്‍ വിശ്വാസതയുടെ ചരട് പൊട്ടുക ആയിരുന്നു

ഞാന്‍ ആ കച്ചവടത്തിന് സമതം മൂളിയപ്പോള്‍ പല തവണ വഞ്ചിക്കപെട്ടപ്പോഴും കാണിച്ച അതെ നിസ്സംഗ ഭാവം കൈവിടാതെ എന്‍റെ മനസ്സ് എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. കുനിഞ്ഞ ശിരസ്സുമായി അവന്‍ നടന്നകലുമ്പോള്‍ ഞാന്‍ അജ്ഞാതനുമായി ഉടമ്പടികള്‍ ഉണ്ടാക്കുക ആയിരുന്നു. ഒരിക്കലും തിരിച്ചു വരാതെ നടന്നകലാന്‍ അവനു കഴിയും എന്ന് ഞാന്‍ മനസിലാക്കിയപ്പോഴേക്കും ഉടമ്പടിയുടെ കാലാവധി അവസാനിച്ചിരുന്നു.


രാത്രി വൈകി, കറുത്ത വാവ് തന്‍റെ ശക്തി പരമാവധി കാണിച്ചു കൊണ്ടിരിക്കുന്നു. കണ്ണ് തുറന്നാലും അടച്ചാലും ഒരു കാഴ്ച തന്നെ. പൂര്‍ണമായ അന്ധകാരം. നിശ്ചലമായ ആ അന്ധകാരത്തിന് ഒന്നും സംവേദനം ചെയ്യാന്‍ കഴിഞ്ഞില്ല. മനസ്സ് നഷ്ടപെട്ട ഒരുവന് സ്വപ്‌നങ്ങള്‍ കാണാന്‍ കഴിയില്ലെന്നും, സ്വപ്‌നങ്ങള്‍ കാണാന്‍ ഇല്ലാത്തവര്‍ക്ക് ഉറങ്ങാനും കഴിയില്ലെന്നും അന്നാണ് എനിക്ക് മനസിലായത്. മീനുകളെ പോലെ കണ്പോളകള്‍ തുറന്നു വച്ച് ഉറങ്ങാന്‍ ഞാന്‍ അന്ന് മുതല്‍ പരിശീലിച്ചു തുടങ്ങി.