Sunday, March 13, 2011

“”””അവന്‍ മന്ദഹസിച്ചു അവളും”””

തിരമാലകള്‍ക്ക്‌ പൊക്കം കുറച്ചു കൂടുതല്‍ ആണിന്ന്‍. 

“ദൈവമേ !!”

സുനാമിയോ മറ്റോ വരുന്നുണ്ടോ ആവോ?  ഇന്തോനേഷ്യയിലോ മറ്റോ ഇന്നലെ ഉണ്ടായത്രേ. ഒരുപാട് മനുഷ്യര്‍ മരിക്കുകയും ചെയ്തു . എത്ര മനുഷ്യര്‍ ആണ് ഒരു ദിവസം മരിക്കുന്നത്,  ഞാനും ഒരു നാള്‍ മരിക്കും. 
ജ നനിബിഡമായ തെരുവിന്‍റെ ഓരത്ത് മരിച്ചു കിടക്കാന്‍ എന്തു രസമായിരിക്കും?

മദ്യം തലയ്ക്കു പിടിച്ചു വഴിയോരത്ത് വീണു പോയ ഒരു മദ്യപാനിയെന്നു   കരുതി സഹതാപത്തോട്  കൂടി അല്ലെങ്കില്‍ വെറുപ്പോടു കൂടി കുറച്ചു പേര്‍ നോക്കിയേക്കാം, പുഴു വന്നു തുടങ്ങുമ്പോള്‍ ചിലപ്പോള്‍ കോര്‍പറേഷന്‍കാര്‍ വന്നു എടുത്ത് മാറ്റുമായിരിക്കും. മരണം അങ്ങനെയാണെങ്കില്‍ എന്തു രസമായിരുന്നു? മറ്റെല്ല്ലാ ജീവജാലങ്ങളെയും പോലെ മണ്ണിനു വളമായി, പുഴുക്കള്‍ക്ക് ഭക്ഷണമായി അങ്ങനെ.

മരിക്കുമ്പോള്‍ പോലും പ്രകൃതിക്ക് ശ്വാസം മുട്ടല്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്  പുറത്തു വിട്ടു കൊണ്ട് കത്തി തീരുന്നതിനെക്കാള്‍ നല്ലതാണു പച്ചയായ ശരീരം മണ്ണില്‍ അലിഞ്ഞില്ലാതാവുന്നത്. 

2 തരുണീമണികള്‍ കടപുറത്തു നില്‍പ്പുണ്ട്

തെറ്റിദ്ധരിക്കണ്ട!! കുടുംബത്തില്‍ പിറന്നവര്‍ തന്നെ, സാരി ധരിച്ചവര്‍. 

തെറ്റിദ്ധരിക്കേണ്ട എന്ന് പറഞ്ഞതിന് കാരണം ഉണ്ട്. ആ കടപ്പുറം ഞാന്‍ നേരത്തെ പറഞ്ഞ പോലുള്ള വല്ല വാചകങ്ങളും പറഞ്ഞാല്‍ തെറ്റിദ്ധരിക്കാന്‍ പാകത്തിലുള്ള കടപ്പുറം ആയിരുന്നു,  പക്ഷെ അവര്‍ അങ്ങനെ ഉള്ളവര്‍ അല്ല എന്ന് തോന്നി.
ഞാന്‍ നടന്നു ചെന്ന് അടുത്ത് നിന്നു, അവര്‍ ശ്രദ്ധിച്ചില്ല.  ഓ!! ഞാനും ശ്രദ്ധിച്ചില്ല ,എന്തിനാ ?

ഈ നഗരത്തില്‍ഇ ഒരു പെണ്ണിനെ കിട്ടാന്‍ ഇങ്ങനെയുള്ള അഹങ്കാരികളുടെയൊന്നും അടുത്ത് പോകേണ്ട ആവശ്യമില്ല. liberilisationന്റെ കാലമല്ലേ. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ (മാംസമടക്കം) liberal ആയിട്ട് കിട്ടും (ഞാന്‍ ഉദേശിച്ചത്‌ globalisation ആണ്, അല്ല ഇവിടെ liberalisation തന്നെ ആണോ പറയേണ്ടത്?,   ഞാന്‍ പാവമാണ് സുഹൃത്തേ എനിക്കറിയില്ല )

തിരകളുടെ ഉയരം കുറയുന്നില്ല. സുനാമി തന്നെയെന്നു തോന്നുന്നു. അതുവന്നു അങ്ങ്   അവസാനിച്ചാ മതിയായിരുന്നു,

"കപ്പലണ്ടി, കപ്പലണ്ടി, 2 രൂപ, 2 രൂപ. സാര്‍, ഒരു കപ്പലണ്ടി മേടിക്കു, സാര്‍, പ്ലീസ് സാര്‍”

“വേണ്ട”

“സാര്‍ 2 രൂപ മാത്രം, 2 rupees only, please ഒരെണ്ണം മേടിക്കു സാര്‍”

മലയാളവും അതിന്റെ ഇംഗ്ലീഷ് തര്‍ജിമയും, പ്ലീസിനു മാത്രം തര്‍ജിമയില്ല.

അതിന്‍റെ മലയാളം അവനറിയില്ലേ? ലോകത്തിന്‍റെ ഭാഷ ആയ  ഇംഗ്ലീഷില്‍  ആണ് അവന്‍ കസറുന്നതു. ഇപ്പൊ അതും ലിബറല്‍ ആയിട്ടു കിട്ടും, ഇഷ്ടം പോലെ പഠിക്കാം. ഒരു പാക്കറ്റ്‌ കടല എന്തായാലും വാങ്ങി. 

ഒരു ദമ്പതികള്‍ അടുത്ത് വന്നിരുന്നു, അവര്‍ എന്തോ സംസാരിക്കുന്നു, എന്ത് സംസാരിക്കാന്‍? സ്വന്തം ജീവിതം  ഭദ്രമാക്കുന്നതിനെപ്പറ്റി, സ്വന്തം ജീവിതം മാത്രം ഭദ്രമാക്കുന്നതിനെപ്പറ്റി, കടലിലെ തിരമാലകള്‍ ഉയര്‍ന്നു വന്നാല്‍ അവര്‍ക്കെന്താ? തിരമാല ഇല്ലെങ്കിലും കുഴപ്പമില്ല.

പാന്റില്‍ ലേശം ചളി പറ്റിയിരിക്കുന്നു, മണലില്‍ നിന്നും മാറി ഇരിക്കാം, അകലെ ഒരു ബെഞ്ച്‌ ഞാന്‍ നേരത്തെ കണ്ടതാണ്, നേരത്തെ  നോക്കിയപ്പോള്‍ ഈ ദമ്പതികള്‍ ആയിരുന്നു അവിടെ, സ്വര്‍ഗ്ഗവും കട്ടുറുമ്പും ചെരില്ലല്ലോ?

ബെഞ്ച്‌ പൊട്ടി പൊളിഞ്ഞിരിക്കുന്നു, കമിതാക്കളെയും കാത്തു ഈ ബെഞ്ച് ഇവിടെ ഇരിക്കാന്‍ തുടങ്ങിയിട്ട് എന്‍റെ ഓര്‍മ്മയില്‍ തന്നെ പത്തു കൊല്ലങ്ങള്‍ ആയി. 

ബസ്സിന്റെ ഹോണ്‍ ചെവിയില്‍ മുഴങ്ങി. വീട്ടിലേക്കുള്ള അവസാന ബസ്‌ ആണ്, തിരിഞ്ഞു നോകിയില്ല, ഇന്ന് വീട്ടിലേക്ക് നടന്നു പോകാം. 

വീടെന്ന് പറഞ്ഞാല്‍ ഒരു കുടുസ് മുറി ആണ്. തുറന്നു വെക്കാന്‍ വാതില്‍ കൂടാതെ ഒരു ജനല്‍ മാത്രം. തെരുവിലെ ഏതോ ഒരു ഭാഗത്ത്‌ നിന്നും തുടങ്ങുന്ന ഓട അതിന്റെ അപ്പുറത്താണ്. അതില്‍ വെള്ളം ഒഴുകാറില്ല, മലിനജലം കെട്ടികിടക്കും, പക്ഷെ ആ ജനലുകള്‍ എന്നും എനിക്കൊരു ആശ്വാസമായിരുന്നു, ഏതോ ഒരു രാത്രിയില്‍  ആ ജനലുകള്‍ അടഞ്ഞു പോയത് എനിക്ക് സഹിക്കാന്‍ പറ്റിയില്ല, ശ്വാസം മുട്ടി ഉറക്കത്തില്‍ നിന്നും ഞെട്ടി എണീറ്റു

“സാര്‍, കപ്പലണ്ടി, കപ്പലണ്ടി “

ഞാന്‍ മുഖം ഉയര്‍ത്തി ഒന്ന് ചിരിച്ചു, അവന്‍ ഒരു ചമ്മലോടെ മുന്‍പോട്ടു നടന്നു. അപ്പുറത്ത് ദമ്പതികള്‍ നടന്നു തുടങ്ങി. ബസ്സിന്റെ ഹോണ്‍ മാത്രം മുഴങ്ങിക്കേട്ടു, മറ്റു വണ്ടികള്‍ക്ക് ഹോണ്‍ ഇല്ലാഞ്ഞിട്ടല്ല  പക്ഷെ കേള്‍ക്കുന്നില്ല ഒന്നും,

ഒന്നും കേള്‍ക്കുന്നില്ല ഇപ്പോള്‍, മണല്‍പരപ്പിനൊരു ശിക്ഷ പോലെ തിരകള്‍ ഉയര്‍ന്നു വന്നു പതിച്ചു കൊണ്ടിരിന്നു. 

മഴ പെയ്തു തുടങ്ങുന്നുണ്ടോ?  ഇല്ല തോന്നിയതാ ,

ചെറുതായി ചാറല്‍ ഉണ്ടെന്നു തോന്നുന്നു, അല്ല മഴ തന്നെ, കനത്ത മഴ, മഴ നന്നായി പെയ്തു തുടങ്ങി. മാറി ഇരിക്കാന്‍ അപ്പുറത്ത് സ്ഥലമുണ്ട് പക്ഷെ വേണ്ട, മാറി നിന്ന് മഴ കാണാനുള്ള കൌതുകം പോയി, ഇപ്പോള്‍ മഴ കൊള്ളുന്നതാണ് ഇഷ്ട്ടം. 

                              x----------x----------x----------x----------x----------x

ഒരു യാത്ര ചെയ്തിരുന്നു ഞാന്‍, അധികം മുമ്പല്ല, ഒരു 4 മാസം ആയിക്കാണും.  യാത്രയുടെ തുടക്കത്തില്‍ വളഞ്ഞു പുളഞ്ഞ റോഡായിരുന്നു. പിനീട് നേരെയായി, വീണ്ടും വളഞ്ഞു പുളഞ്ഞു പോവാന്‍ തുടങ്ങി, അപ്പോഴേക്കും ഒരു കുന്നിന്റെ മുകളില്‍ എത്തിയിരുന്നു.

MALABAR എന്ന് ചുവന്ന അക്ഷരത്തില്‍ എഴുതിയിട്ടുള്ള വെളുത്ത ബസ്. ബസ്സിറങ്ങിയത് മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍. 

കടല്‍ ഇരമ്പാത്ത നഗരം. കടല്‍ കണ്ടു മടുത്തിരുന്നു ഞാന്‍, കണ്ടു കണ്ടു  കടലിനെ പേടിയായി തുടങ്ങിയപ്പോഴാണ്  ഞാന്‍ ഇങ്ങോട്ട് യാത്ര തിരിച്ചത്. കടലും ഞാനും സ്നേഹത്തിലായിരുന്നു, അതാണ് എന്നെ പെടിപ്പെടുത്തിയതും, ഇഷ്ടം കുടി അവളുടെ ലോകത്തേക്ക് എന്നെ കൊണ്ടുപോയാലോ എന്ന പേടി

ഞാന്‍ ഒരു ചായ കുടിച്ചു മുമ്പോട്ടു നീങ്ങി, കുറുവാ ദീപിന്റെ ഉള്ളിലേക്ക്, അവിടെ ഒരു പുഴ ആണ്. പുഴയെ മുറിച്ചു കൊണ്ട് ചെറിയ ദീപുകള്‍

കുത്തിയൊലിക്കുന്ന വെള്ളമാണ് ചുറ്റും, മനസ്സില്‍ വീണ്ടും ഒരു ഭയം.

"ദൈവമേ!!"

വെള്ളത്തെ ഭയക്കുന്ന മനുഷ്യരെ പറ്റി കേട്ടിട്ടുണ്ട്. ആ മാനസികാവസ്ഥയില്‍ എത്തിയോ ഞാനും ?

അവിടെ നിന്നും രക്ഷപെടാനാണ് തോന്നിയത്,

ഓടി, അവിടെനിന്ന് പേടിച്ചോടി

വെള്ളം ഇല്ലാത്ത സ്ഥലം ഉണ്ടോ ലോകത്ത്?? അവിടെ പോകാം.

വെള്ളം ഇല്ലാത്ത  സ്ഥലം തേടി നടന്നു ഒരുപാടു, തീരാത്ത നടത്തം. വയനാടന്‍ മലനിരകളില്‍ അങ്ങനെയൊന്നില്ല

ഇവിടുന്നിനി എങ്ങോട്ട് പോകും ?. അറിയില്ല


അപ്പോഴേക്കും  മഴ പെയ്തു തുടങ്ങി.  ആലിപ്ഴങ്ങളും ഉണ്ടായിരുന്നു കുറച്ചു

“”ദൈവമേ!!!!!! രക്ഷിക്കണേ””

ഓടി, നിലവിളിച്ചു കൊണ്ടോടി ഞാന്‍, എവിടെ ഒക്കെയോ വീണു എന്നാലും വീണ്ടും എഴുന്നേറ്റു ഓടി കൊണ്ടിരുന്നു. കാലില്‍ നിന്നും രക്തം ഒലിച്ചിറങ്ങി മഴ വെള്ളത്തില്‍ പരന്നു. അസഹനീയമായ വേദന കൊണ്ട് എവിടെയാണ് ഞാന്‍ തളര്‍ന്നു വീണത്‌ എന്ന് ഓര്‍മയില്ല. കണ്ണുകള്‍ പാതി അടഞ്ഞു, ബോധം മറയുമ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

നിലക്കാത്ത മഴ, ആഴ്ചകള്‍ പെയ്തിട്ടും അവസാനിച്ചില്ല ആ മഴ, ഞാന്‍ ഉറക്കത്തില്‍ നിന്നും എണീറ്റതും ഇല്ല. പല സ്വപ്‌നങ്ങള്‍ കണ്ടു, നല്ലതും ചീത്തയും,

ഒരു പെണ്‍കുട്ടി ആണ്  എന്നെ കൈ പിടിചെണീപ്പിച്ചത്. പാദസരത്തിന്റെ ശബ്ദം കേള്‍ക്കാമായിരുന്നു. കൈകള്‍ക്ക് നല്ല തണുപ്പും. 

“വെള്ളം, വെള്ളം”, ഞാന്‍ കേണു. 

“കൊണ്ടുവന്നിടുണ്ട്, ഇതാ”, അവളുടെ ശബ്ദം മനോഹരം ആയിരുന്നു.

ഇത് സ്വപ്നം അല്ലെ, ഈശ്വരാ!!! തന്റെ മുന്‍പില്‍ നില്‍ക്കുന്ന ഈ സുന്ദരി സത്യമാണോ?, സ്ഫടിക പാത്രത്തില്‍ തിളങ്ങുന്ന വെള്ളം, അവളുടെ മനോഹരമായ കൈകളില്‍ നിന്ന് വാങ്ങി കുടിക്കുമ്പോള്‍ ഞാന്‍ ചിന്തിച്ചു

മുഖമുയര്‍ത്തി അവളെ ഒന്ന് നോക്കി. മൂക്കില്‍ വിയര്‍പ്പുതുള്ളികള്‍ പറ്റിയിരിക്കുന്നു, അത് മാത്രം ഞാന്‍ ശ്രദ്ധിച്ചു, അത് മാത്രമേ ഞാന്‍ കണ്ടുള്ളൂ. വെള്ളം മുഴുവന്‍ ഞാന്‍ ഒറ്റ വലിക്ക് കുടിച്ചു. വീണ്ടും ഞാന്‍ മയങ്ങി വീഴുമ്പോള്‍ ഒരു മന്ദഹാസം അവളുടെ മുഖത്തുണ്ടായിരുന്നു, ഞാനെന്തിനാണ് ചിരിച്ചത് ?.

MALABAR എന്നെഴുതിയ വെളുത്ത ബസ്‌, പഴയത് പോലെ വളഞ്ഞും പുളഞ്ഞും ഉള്ള റോഡിലൂടെ ബസ് ചീറി പാഞ്ഞു. കോഴിക്കോട്  സ്റ്റാന്‍ഡില്‍  ഇറങ്ങുമ്പോള്‍ നല്ല വിശപ്പ്‌ ഉണ്ടായിരുന്നു. 

കുടുസ്സു മുറിയില്‍ എത്തിയപ്പോള്‍ തന്നെ ജനലുകള്‍ അങ്ങ് തുറന്നിട്ടു. അപ്പുറത്ത് ഓടയിലുടെ വെള്ളം ഒഴുകി തുടങ്ങിയിട്ടുണ്ട്, ശബ്ദം കേള്‍ക്കുന്നുണ്ട്. 


                              x----------x----------x----------x----------x----------xദമ്പതികളെ കാണാനില്ല, സൂര്യനെയും. തിരമാലകള്‍ ഉയര്‍ന്നു പൊന്തി തീരത്ത് അടിക്കുന്നത്  അവ്യക്തമായിട്ടെ ഇപ്പോള്‍ കാണാന്‍ പറ്റുന്നുള്ളൂ. വാങ്ങിയ കപ്പലണ്ടി മുഴുവനും നനഞ്ഞ്നു കുതിര്‍ന്നു പോയി, ബസുകള്‍ നിരത്തിലൂടെ ചീറി പാഞ്ഞു പോകുന്നു. മറ്റു വാഹനങ്ങളും ഹോണ്‍ മുഴക്കി പാഞ്ഞു പോയി കൊണ്ടിരുന്നു. അടുത്ത് കൂടെ പോകുമ്പോള്‍ ചെറിയ വാഹനങ്ങളുടെ ഹോണടിയും കേള്‍ക്കാം.

കുടുസ്സു മുറി തുറന്നപ്പോള്‍ ഒരു കത്ത് വന്നിട്ടുണ്ട്. അഡ്രസ്‌ നോക്കാതെ തന്നെ എനിക്കറിയാമായിരുന്നു ആരുടെതാണെന്ന്.


“”””അവന്‍ മന്ദഹസിച്ചു അവളും”””


19 comments:

 1. യാഥാര്‍ത്ഥ്യങ്ങളും മായകാഴ്ചയും ചേര്‍ത്തൊരു കൊളാഷ്..
  കഥ ഇഷ്ടായി.. പക്ഷെ ചിലയിടങ്ങളില്‍ ചില സംശയങ്ങള്‍ ബാക്കിയാകുന്നുണ്ട്.. ചിലപ്പോള്‍ എനിക്ക് മനസ്സിലായതാവില്ല യഥാര്‍ത്ഥ കഥ.. ആവോ.. :)

  കഥയുടെ രണ്ടു വ്യത്യസ്ത തലങ്ങള്‍ വിവരിക്കുമ്പോള്‍ ഒരു ലൈന്‍ കൊണ്ട് അവയെ വേര്‍ത്തിരിച്ചാല്‍ ഒരു പക്ഷെ വായനക്കാരനു എളുപ്പത്തില്‍ സംവേദനം നടത്താനാകും.. ഇവിടെ ഇത് ഒന്നിനോടു ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് പുനര്‍വായനയില്‍ മാത്രമേ കഥ എവിടെ മാറി പോയി എന്ന് മനസ്സിലാകുന്നുള്ളൂ.. കഥ മോശമെന്നല്ല അത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.. ലളിതമായ രചനാ ശൈലി ഏറെ ഇഷ്ടമായി.. ഒപ്പം വ്യത്യസ്തമായിരിക്കുന്നു ഈ കഥ.. ആശംസകള്‍ (അക്ഷരത്തെറ്റുകള്‍ ഇനിയും ബാക്കിയുണ്ട് ട്ടോ)

  ReplyDelete
 2. ചില്ലറക്കാരനല്ല. അതുറപ്പു് ഇനി ഇങ്ങു പോരട്ടേ......
  അഭിനന്ദനങ്ങൾ........................

  ReplyDelete
 3. 'കഥാപാത്രത്തെ കോഴിക്കോട്ടു നിന്ന് മലബാര്‍ ബസില്‍ കയറ്റി ചുരം താണ്ടി മാനന്തവാടിയിലും കുറുവ ദ്വീപിലും കൊണ്ടു പോകണമെങ്കില്‍ കഥാകൃത്ത് ആദ്യം അതൊക്കെ ചെയ്തു കാണുമല്ലോ എന്ന സിമ്പിള്‍ ലോജിക്കിന്റെ പുറത്ത് ചോദിക്കുകയാണ്., ശ്രീജിത്ത് എപ്പോഴാണ് കോഴിക്കോട്ടു വന്നത്? എന്നിട്ട് എന്തുകൊണ്ട് ഇവിടെയുള്ള നമ്മളെയൊന്നും അറിയിക്കാതെ തിരിച്ചു പോയി?'

  കഥവായിച്ചപ്പോള്‍ ആദ്യം മനസില്‍ തോന്നിയത് എഴുതിയതാണ്.

  വ്യത്യസ്തമാണ് ഈ കഥയുടെ ഗതിയും ശൈലിയും.

  സാമ്പ്രദായിക ശൈലികള്‍ വിട്ട് ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ധീരമായ പരീക്ഷണങ്ങള്‍ നടത്തി തനതായ ഒരു ഭാഷയും ശൈലിയും സൃഷ്ടിച്ചെടുക്കുവാനുള്ള ഉദ്യമത്തിന് എന്റെ അഭിനന്ദനങ്ങള്‍....

  ReplyDelete
 4. @പ്രദീപ്‌ സര്‍
  എന്റെ ഒമ്പതാം ക്ലാസ്സ്‌ വരെ ഉള്ള ജീവിതം കോഴിക്കോടെ ജില്ലയില്‍ ആയിരുന്നു
  എന്റെ അമ്മയുടെ നാട് വയനാടും

  ReplyDelete
 5. നല്ല കഥ ഇനിയും വരട്ടെ പോസ്റ്റുകള്‍

  ReplyDelete
 6. വ്യത്യസ്തമായ അവതരണം കൊണ്ട് കഥ മികച്ചു നില്കുന്നു....

  അഭിനന്ദനങ്ങള്‍...

  ReplyDelete
 7. വ്യത്യസ്തമായ അവതരണം.
  അഭിനന്ദനങ്ങള്‍....

  ReplyDelete
 8. ആദ്യകാലത്തെഴുതിയതാണെന്നല്ലെ. പക്ഷെ കൊള്ളാം.

  ReplyDelete
 9. കൊള്ളാമല്ലോ...

  ReplyDelete
 10. സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ ഒരു കുഴമറിച്ചില്‍ നന്നായിരിക്കുന്നു.

  ReplyDelete
 11. ശ്രീജിത്ത്‌,
  ശ്രീജിത്തിന് എഴുതാനറിയാം.പക്ഷെ edit ചെയ്യാനറിയില്ല എന്നതാണ് പ്രശ്നം. ആശയങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുന്നത് ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ഒന്നുകൂടി ശ്രമിച്ചാല്‍ നന്നാവും.(പിന്നീട് ഇതിലും നന്നായി എഴുതിയല്ലോ.)

  ReplyDelete
 12. വെരി ഗുഡ്‌..
  ആശംസകള്‍..

  ReplyDelete
 13. വേറിട്ട രീതിയിൽ രണ്ടുഭാവതലങ്ങളിൽ കൂടി
  നന്നായി പറഞ്ഞൊപ്പിച്ച ഒരു കഥയാണിത് കേട്ടൊ ശ്രീജിത്ത്

  ReplyDelete
 14. ഭാവന ചിറകു വിരിച്ച കഥ പരീക്ഷണാടിസ്ഥാനത്ത്തില്‍ ... നന്നായി..

  ReplyDelete
 15. ഹ്മം .. കൊള്ളാം ... രണ്ടു വട്ടം വായിക്കേണ്ടി വന്നു ....

  ReplyDelete
 16. ........അവളുടെ മന്ദഹാസം പിന്നീട് പൊട്ടിച്ചിരിയായി ,പിന്നെ പിന്നെ അട്ടഹാസമായി!!!

  ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ