Friday, November 2, 2012

ദൈവം ജയിച്ചു ശാസ്ത്രം തോറ്റു


ദൂരെ ചുവപ്പം വെളുപ്പും ഇടകലര്‍ന്നു പെയിന്‍റടിച്ച ഒരു ചിമ്മിനിയില്‍ നിന്നു പുകച്ചുരുളുകള്‍ എപ്പോഴും വമിച്ചു കൊണ്ടിരിക്കും. രാവിലെ രുദ്ര കൊണ്ട് വരുന്ന ചായയുമായി ഞാന്‍ അത് നോക്കി നില്‍ക്കാറുണ്ട്. ചായ ഗ്ലാസ് ഉയര്‍ത്തി പിടിച്ചു അതില്‍ നിന്നുള്ള പുകയും ചിമ്മിനിയുടെ പുകയും ഒരേ
വരിയിലാക്കി നോക്കും. ഒരിക്കല്‍ ഇത് കണ്ടു വന്ന ധില്ലിസ് എന്നെ കളിയാക്കിയിട്ടുണ്ട്. എന്നാലും ഒരു കൗതുകം ആണ് അങ്ങനെ ചെയ്യാന്‍ .
ഇന്ന് ചിമ്മിനിയില്‍  നിന്നു പുക ഉയരുന്നില്ല പക്ഷെ നഗരത്തിലെ പല സ്ഥലങ്ങള്‍ കത്തിയമര്‍ന്നതിന്‍റെ അടയാളം എന്നോണം പുകച്ചുരുളുകള്‍ അങ്ങിങ്ങ് ഉയര്‍ന്നുകൊണ്ടിരിക്കുന്നുണ്ട്‌.

ദൈവം ജയിച്ചു ശാസ്ത്രം തോറ്റു. മനുഷ്യര്‍ എത്ര തര൦ ഉണ്ടെന്നു ശാസ്ത്രം ഉത്തരം പറയുന്നതിന് വളരെ കാലം മുന്‍പ് ദൈവം പറഞ്ഞിരുന്നു. ചോദ്യങ്ങള്‍ ചോദിക്കാന്‍ പിന്നീട് അവസരം കൊടുത്തതും ഇല്ല.

പഴയ ഒരു കെട്ടിടമായിരുന്നു ഞങ്ങളുടെ മുറി. ഒരു വലിയ മുറിയില്‍ ഞങ്ങള്‍ പത്തു പേര്‍ താമസിച്ചു. പരേഷ്, രഘു, ധില്ലിസ്, മില്കാ അങ്ങനെ കുറച്ചു പേര്‍ .  കിടക്കാനും കുളിക്കാനും, ചായ കുടിക്കാനും ഞായറാഴ്ചകളില്‍ താടി വടിക്കാനും ഒരിടം.

'മൂന്നു പേര്‍ കൂടി മരിച്ചിരിക്കുന്നു'. 

ആരോ ഉറക്കെ പത്രം വായിച്ചു കൊണ്ട് പറയുന്നത്‌ കേട്ടു. ആരോ മറുപടി പറഞ്ഞത് ട്രെയിനിന്‍റെ ശബ്ദത്തില്‍ കേട്ടതുമില്ല. ഈ നഗരം നശിച്ചു തുടങ്ങിയിരിക്കുന്നു.  നഗരങ്ങള്‍ക്ക് ഒരു കാലചക്രമുണ്ട്. മനുഷ്യരെ പോലെ തന്നെ കാലചക്രം തിരിയുമ്പോള്‍ വളരുകയും ഒരു നാള്‍ നശിക്കുകയും ചെയ്യും.
എല്ലാ നഗരവും നശിക്കും.

ട്രെയിനിറങ്ങി ഏറെ നടക്കാനുണ്ട് ഓഫീസിലേയ്ക്ക്. വിശാല്‍ തെരുവിലെ ഒരു ഇടുങ്ങിയ പാതയില്‍ ഒരു വശത്ത്‌ ജീര്‍ണിച്ച നിലയില്‍ ഉള്ള  ഒരു കെട്ടിടമാണ് "ലൂമിയര്‍ പെയിന്‍റ്സ് ലിമിറ്റഡ്". മരം കൊണ്ടുള്ള ഏണിപടികളില്‍ പലതും ഇളകിയിട്ടുണ്ട്‌. അതില്‍ ഒരു അപകടം പതിയിരിപ്പുണ്ട്.

"മൂന്നു പേര്‍ കൂടി മരിച്ചിരിക്കുന്നു"

ഇത് തന്നെയാണല്ലോ രാവിലെയും കേട്ടത്.

"ഇപ്പോള്‍ പത്രത്തിലെ പ്രധാന വാര്‍ത്തകള്‍ എല്ലാം മരണമാണ്. എണ്ണത്തിന്റെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ"

സ്നേഹ രാവിലെ തന്‍റെ സംസാരം തുടങ്ങി കഴിഞ്ഞു.

"500 പേരാണ് ഒരാഴ്ചക്കിടയില്‍ മരിച്ചത്", സ്നേഹ തുടര്‍ന്നു.

"അവര്‍ നേരത്തെ പോയി, നമ്മള്‍ക്കിനിയും സമയമുണ്ട്", ഞാന്‍ പറഞ്ഞു. 
സ്നേഹ ചിരിച്ചു, സ്നേഹ മാത്രമല്ല ദയാലും, ശര്‍മ്മയും, ഇമ്മാനുവലും ഒക്കെ ചിരിച്ചു. എനിക്ക് മാത്രം എന്‍റെ തമാശ മനസ്സിലായില്ല.

ട്രെയിനില്‍ തിരക്ക് തന്നെ, എങ്കിലും നില്‍ക്കാന്‍ സ്ഥലമുണ്ട്. മൌണ്ട്റോഡ്‌ എത്തിയപ്പോള്‍ തിരക്കൊഴിഞ്ഞിരുന്നു. രണ്ടു സ്റ്റേഷന്‍ അപ്പുറം ചര്‍ച്ച ഗെയിറ്റ് ആണ് എന്‍റെ റൂം എങ്കിലും ഞാന്‍ മൌണ്ട്റോഡ്‌ ഇറങ്ങി. ശിഖറിന്‍റെ പാനിപൂരി കഴിക്കണം, അവനെ കണ്ടിട്ട് നാലഞ്ചു ദിവസമായി. തെരുവിന്‍റെ അവസാനം ആണവന്‍റെ കട. ഉന്തുവണ്ടിയാണെങ്കിലും അവന്‍ സ്ഥലം മാറാറില്ല. താമസവും അവിടെ തന്നെയാണ്.

അവനവിടെ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ അവന്‍ സ്ഥലം മാറിക്കാണും. അടുത്തു ചെല്ലുന്തോറും ഒരു കുട്ടിയുടെ കരച്ചില്‍ കേട്ടു. ശിഖറിന്‍റെ മകള്‍ റുമാലി. തണുത്തുറഞ്ഞ എന്തോ ഭക്ഷണത്തിന്‍റെ മുന്നില്‍ കരഞ്ഞുകൊണ്ടിരിക്കുകയാണ്. എന്നെ കണ്ടതും എന്‍റെയടുത്തേക്ക് ഓടി വന്നു. ഞാനവളെ പൊക്കിയെടുത്തു. തോളത്തു തട്ടി ആശ്വസിപ്പിച്ചുകൊണ്ട് മുന്നോട്ടു നടക്കുമ്പോള്‍ അവളുടെ കരച്ചില്‍ പതിയെ കുറഞ്ഞു വന്നു.

"അഞ്ചുപേര്‍ കൂടി മരിച്ചിരിക്കുന്നു", തലക്കെട്ടുകള്‍ ആവര്‍ത്തന വിരസമായിരിക്കുന്നു

19 comments:

 1. "അഞ്ചുപേര്‍ കൂടി മരിച്ചിരിക്കുന്നു", തലക്കെട്ടുകള്‍ ആവര്‍ത്തന വിരസമായിരിക്കുന്നു.

  ആവർത്തന വിരസമെങ്കിലും സത്യം അതാണല്ലോ ?
  നീ പറഞ്ഞ പോലെ തന്നെ ഇത്ര കാലവും എഴുത്തിൽ നിന്നും വിട്ടു നിന്നതിന്റെ പുരോഗമനമല്ല,പക്ഷെ ഒരു വേറിട്ട ശൈലി സ്വീകരിച്ച പോലെ തോന്നുന്നു. മുൻപ് അധികവും മൃദുല വികാരങ്ങളും അവ മനസ്സിലുണ്ടാക്കുന്നനുഭൂതിയെപ്പറ്റിയും കൂടുതലും പറഞ്ഞു കൊണ്ടിരുന്ന (ഞാൻ വായിച്ചവ ട്ടോ) നീ ഒന്ന് ട്രാക്ക് മാറ്റിയിരിക്കുന്നു. ജീവിതത്തിൽ നമുക്ക് നേരിടേണ്ട തീക്ഷ്ണയാഥാർത്ഥ്യങ്ങളെപ്പറ്റി പറഞ്ഞിരിക്കുന്നു.
  എനിക്ക് ബോറഡിച്ചില്ല.
  ആശംസകൾ.

  ReplyDelete
 2. നന്നായി എഴുതി.അനാവശ്യമായ വര്‍ണ്ണനകള്‍ ഇല്ലാത്ത കഥ.നഗരജീവിതത്തിനൊപ്പം വര്‍ത്തമാനകാലത്തില്‍ ദുരന്തങ്ങള്‍ സര്‍വ്വസാധാരണമായിത്തീരുന്നതിന്റെ ദൂരക്കാഴ്ച്ചകളും വളരെ നന്നായി.ആശംസകള്‍

  ReplyDelete
 3. സംഭവിച്ചു കൊണ്ടിരിക്കുന്നത് :) വാര്‍ത്തകള്‍ പുതുമകള്‍ അല്ലാതാകുന്നു . കൊള്ളാട്ടോ നുറുങ്ങ് :).

  ReplyDelete
 4. കുറെ കാലത്തിനു ശേഷം ഒരു പോസ്ടിട്ടു അല്ലെ ? ഈ മിനിക്കഥ ഇഷ്ടായി .

  ReplyDelete
 5. അതെ അതു തന്നെ നാളെയും സമ്പവിക്കും ,അല്ലാതെ എന്ത്

  ReplyDelete
 6. ഇന്നു കാണുന്നവനെ നാളെ കാണുന്നില്ല....
  അതാണ് ഈ ലോകം..
  ആശംസകൾ...

  ReplyDelete
 7. കൊച്ചു കഥ ഇഷ്ടപ്പെട്ടു.

  ReplyDelete
 8. ഭാഷയും, കഥ ട്രീറ്റ് ചെയ്ത രീതിയും ഇടവേളകൊണ്ട് കുറച്ചുകൂടി പക്വത ആർജിച്ചിരിക്കുന്നു. കഥ തുടങ്ങുമ്പോഴുള്ള വരികളിൽ എഴുതിത്തെളിഞ്ഞ ഒരു കഥയെഴുത്തുകാരനെ വായിക്കാനാവുന്നു. തുടക്കത്തിൽ സൂക്ഷിച്ച നിലവാരം കഥയിലുടനീളം സൂക്ഷിക്കാമായിരുന്നു എന്ന് വായനയിൽ തോന്നി. കഥയുടെ ശീർഷകവും ആകർഷണീയമായി തോന്നിയില്ല.....

  ശ്രീജിത്തിൽ നിന്ന് ഇനിയും നല്ല രചനകൾ വരും. എനിക്കറിയാം....

  ReplyDelete
 9. തുടക്കം കലക്കി ..ആ പഞ്ച് പിന്നീട് നിലനിര്‍ത്തനായതുമില്ല .അതത്ര എളുപ്പമല്ല ..ഞാന്‍ ഒക്കെ എത്ര നാളായി പാട് പെടുന്നുഎന്നിട്ട് നോ രക്ഷ ..അത് കൊണ്ട് ശ്രീജിത്ത്,,ഇനിയും ധാരാളം എഴുതുക ....

  ReplyDelete
 10. ശ്രീജിത്ത്‌ , താങ്കള്‍ മാറി നിന്നതിന്റെ ഗുണം കാണാനുണ്ട്. ചെറിയ വാക്കുകളില്‍ നുറുങ്ങി ഒതുങ്ങിയിരിക്കുന്ന അര്‍ത്ഥത്തിന്റെ വ്യാപ്തി രണ്ടാം വായനയില്‍ വല്ലാതെ വ്യസനിപ്പിക്കുന്നു. എന്തിനീ മനുഷ്യര്‍ ഇങ്ങിനെ പരസ്പരം കൊല്ലുന്നു. അവസാനം റൂമാലിയെപ്പോലെ കുറെ അനാഥര്‍ ..! നമുക്ക് നമ്മുടെ സമയത്തിനായ്‌ കാത്തിരിക്കാം , കുറച്ച് നന്മകള്‍ മനസ്സില്‍ ചേര്‍ത്ത് വെച്ചുകൊണ്ട്...!

  ReplyDelete
 11. യാതാര്ത്യങ്ങള്‍ നെഞ്ചില്‍ കനലുകള്‍ ആയിരുന്നെങ്കില്‍ ഇന്നത്‌ വിരസമായ തലക്കെട്ടുകള്‍ മാത്രമായിരിക്കുന്നു. അത് കൃത്യമായും പറഞ്ഞിരിക്കുന്നു ശ്രീജിത്ത്. ആശംസകള്‍..

  ReplyDelete
 12. ഈ കൊച്ചു കഥ നന്നായിട്ടുണ്ട്.

  ReplyDelete
 13. ഒടുവില്‍ നീ തിരിച്ചെത്തി അല്ലെ ?? സ്ഥിരം വായിക്കാന്‍ കിട്ടാറുള്ള ഒരു കഥ .. ശൈലിക്ക് മാത്രം വെത്യാസം ഉള്ളതായി തോന്നി ... കലാപം വിഷയമാക്കി നൂറു കണക്കിന് കഥകള്‍ ഉണ്ടാകുമല്ലോ ... എന്തായാലും ഇനി സ്ഥിരം എഴുത്ത് പ്രതീക്ഷിക്കുന്നു ...

  ReplyDelete
 14. എന്നും ഇതൊക്കെ തന്നെ.
  കൊച്ചുകഥ മനോഹരമായി.
  അഭിനന്ദനങ്ങള്‍

  ReplyDelete
 15. എല്ലാ നഗരവും മരിക്കും
  എല്ലാ സാമ്രാജ്യവും മരിക്കും
  എല്ലാം മരിക്കും

  ഇത്രത്തോളം സിനിശ്ചിതമായതെന്തുണ്ട്?

  ReplyDelete
 16. Nalla rachna..., ishtapettu.... :)

  ReplyDelete

വല്ലതും പറഞ്ഞിട്ട് പോകൂന്നെ